യുക്രൈനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ അതിർത്തി രാജ്യങ്ങളിലെത്തി തുടങ്ങി. യുക്രൈൻ പ്രസിഡണ്ട് ഭൂഗർഭ അറയിൽ
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ അതിർത്തി രാജ്യങ്ങളിലെത്തിതുടങ്ങി. 40 മെഡിക്കൽ കോളജ് വിദ്യാർഥികളാണ് യുക്രെയ്നിൽനിന്ന് അതിർത്തിയിലെത്തിയത്. പോളണ്ടിന്റെ അതിർത്തിയിൽനിന്ന് 70 കിലോമീറ്റർ അകലെയുള്ള ലിവിവിൽ നിന്നാണ് വിദ്യാർത്തികൾ അതിർത്തിയിലെത്തിയത്.
ആദ്യ എട്ട് കിലോമീറ്റർ വരെ കോളേജ് ബസിലും, തുടർന്നുള്ള ഭാഗങ്ങൾ കാൽ നടയായിട്ടുമാണ് കുട്ടികൾ അതിർത്തിയിലെത്തിയത്. വിജനമായ റോഡിലൂടെ വിദ്യാർഥികൾ നിരനിരായി നീങ്ങുന്ന ചിത്രം ഇവർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
യുക്രെയ്നിൽ ഏകദേശം 16,000 ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഇതിൽ കൂടുതലും വിദ്യാർഥികളാണ്. റഷ്യൻ സേനയുടെ ആക്രമണങ്ങളിൽനിന്ന് രക്ഷനേടാൻ ഭൂഗർഭ മെട്രോ സ്റ്റേഷനുകൾ, ബേസ്‌മെന്റുകൾ തുടങ്ങിയ അഭയകേന്ദ്രങ്ങളിൽ കഴിയുകയാണ് പലരും.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പടിഞ്ഞാറൻ ഉക്രെയ്നിലെ ലിവിവിലും ചെർനിവറ്റ്സിയിലും ക്യാമ്പ് ഓഫിസുകൾ തുറന്നിട്ടുണ്ട്. പോളണ്ടിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികളെ സഹായിക്കാൻ മന്ത്രാലയം ക്യാമ്പ് ഓഫിസുകളിലേക്ക് റഷ്യൻ സംസാരിക്കുന്ന കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നു.
പോളണ്ടിന് പുറമെ റൊമാനിയൻ അതിർത്തിയിലേക്കും ഒരു സംഘം വിദ്യാർഥികൾ ബസിൽ പുറപ്പെട്ടു. അയൽ രാജ്യങ്ങളിൽ രക്ഷപ്പെട്ട് എത്തുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ വിമാനങ്ങൾ അയക്കുന്നുണ്ട്. യാത്രാ ചെലവ് പൂർണമായും സർക്കാർ വഹിക്കും.
രണ്ട് ചാർട്ടേർഡ് വിമാനങ്ങൾ റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിലേക്ക് ഇന്ന് പുറപ്പെടും. ഒരു വിമാനം നാളെ ഹംഗറിയിലെ ബുഡാപെസ്റ്റിലേക്ക് പറക്കും. വിമാനങ്ങൾ മുംബൈയിലും ഡൽഹിയിലുമാണ് തിരിച്ചെത്തുക. ഹംഗറിയിലെയും റൊമാനിയയിലെയും അതിർത്തി ചെക്ക് പോയിന്റുകൾക്ക് അടുത്തുള്ളവരോട് ആദ്യം പോകണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
അതിനിടെ യുക്രൈൻ പ്രസിഡണ്ട് ഭൂഗർഭ അറയിൽ അഭയം തേടി. യുക്രെയ്ൻ തലസ്ഥാന നഗരിയിൽ രണ്ടാം ദിവസം കടന്നു കയറിയ റഷ്യൻ സേന യുക്രെയ്നെ കീഴ്പെടുത്തുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തിലാണ് പ്രസിഡണ്ട് ഭൂഗർഭ അറയിൽ അഭയം തേടിയത്.
യുക്രെയ്നുമായി ചർച്ച നടത്താൻ മോസ്കോ തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വെള്ളിയാഴ്ച പറഞ്ഞു. എന്നാൽ ഇതിന് യുക്രെയ്ൻ സൈന്യം ആയുധം താഴെവെക്കണമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ ഭരിക്കാൻ “നവ-നാസികളെ” അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.