വർ​ഗീയ ശക്തികൾ പിന്നിലുണ്ടെന്ന് കരുതി എന്തും പറയാമെന്ന് അൻവർ കരുതരുത്, ഏതെങ്കിലും ജില്ലയെയോ മതവിഭാ​ഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല; വിവാദങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി

കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ‘ദ ഹിന്ദു’ പത്രത്തിലെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. പറയാത്ത കാര്യമാണ് പത്രം നല്‍കിയതെന്നും അക്കാര്യത്തില്‍ വീഴ്ച പറ്റിയതായി ഹിന്ദു പത്രം ഓഫീസിനെ അറിയിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘ഏതെങ്കിലും ഒരു ജില്ലയെയോ, മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം തൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്വര്‍ണക്കടത്തും ഹവാല പണവും ഏറ്റവും കൂടുതല്‍ നടക്കുന്നത് മലപ്പുറത്താണ്, അത് ജില്ലക്കെതിരല്ല. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിനെതിരേ പറയുന്നത് മലപ്പുറത്തിനെതിരെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി നിര്‍മിച്ച എ.കെ.ജി. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, സ്വർണക്കടത്ത്, ഹവാല പരാമർശങ്ങൾ എഴുതിനൽകിയതായി ‘ദ ഹിന്ദു’ ആരോപിച്ച പിആർ ഏജൻസിയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
.
സ്വർണക്കടത്തുകാരെ പറയുമ്പോൾ ചിലർക്ക് പൊള്ളുന്നതെന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു. ആരോപണത്തിന് പിന്നിൽ ചില വർ​ഗീയ ശക്തികളുണ്ട്. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയത പരസ്പര പൂരകമായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് രണ്ടിനെതിരേയും ശക്തമായി എതിര്‍ക്കും. ന്യൂനപക്ഷ വര്‍ഗീയതയ്‌ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തിനെതിരെയല്ല. സ്വര്‍ണക്കടത്തും ഹവാല പണവും ഏറ്റവും കൂടുതല്‍ നടക്കുന്നത് മലപ്പുറത്താണെന്നും കണക്ക് വിശദീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
.
കോഴിക്കോട് വിമാനത്താവളം മലപ്പുറത്താണ് സ്ഥിതിചെയ്യുന്നത്. 2020 മുതലുള്ള സ്വര്‍ണക്കടത്തില്‍ ആകെ കേരളത്തില്‍ പിടിക്കപ്പെട്ടത് 147.79 കിലോഗ്രാം ആണ്. ഇതില്‍ 124.47 കിലോഗ്രാമും കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ടാണ് പിടിക്കപ്പെട്ടത്. സ്വാഭാവികമായും അത് വിമാനത്താവളം സ്ഥിതിചെയ്യുന്ന ജില്ലയുടെ ഗണത്തില്‍ എണ്ണപ്പെടും. അതിനെ മലപ്പുറത്തിനെതിരായി ചിത്രീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘ആകെ 122 കോടി രൂപയുടെ ഹവാല പണം സംസ്ഥാനത്ത് പിടികൂടി. ഇതിൽ 87 കോടി രൂപ മലപ്പുറം ജില്ലയിൽ നിന്നുള്ളതാണ്. തെറ്റായ ചില ചിത്രീകരണം ഇതുമായി ബന്ധപ്പെട്ട് വന്നു. അതിലെ വസ്തുത പറയാനാണ് കഴിഞ്ഞ പത്ര സമ്മേളനത്തിൽ കൂടുതൽ സമയം എടുക്കേണ്ടി വന്നത്. അതിനെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കാൻ ചിലർ ശ്രമിക്കുന്നു.’- മുഖ്യമന്ത്രി പറഞ്ഞു.
.
‘സ്വർണം കടത്തുന്നതും ഹവാല പണം കൊണ്ടുപോകുന്നതും രാജ്യസ്നേഹപരമായ നടപടിയാണ്, അതിനുനേരെ പൊലീസ് കണ്ണടക്കണമെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ. പൊലിസിൽ നിക്ഷിപ്തമായ നടപടി ആണ് അവർ സ്വീകരിക്കുന്നത്. അത് സ്വഭാവികമായും തുടരും. എന്തോ പ്രത്യേക ഉദ്ദേശ്യത്തോടെ സംവിധാങ്ങളെ തകിടം മറിക്കാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് ആർക്ക് വേണ്ടിയാണ്, എന്താണ്, ആരാണ് പിറകിൽ എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ കഴിയും. അത് വലിയ പ്രയാസം ഉള്ള കാര്യം അല്ല.
.
വര്‍ഗീയ ശക്തികള്‍ പിന്നിലുണ്ടെന്ന് കരുതി നാക്ക് വാടകയ്ക്ക് കൊടുത്ത് എന്തും വിളിച്ചുപറയാമെന്ന് കരുതേണ്ടെന്നും പി.വി. അന്‍വര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വഴിയില്‍നിന്ന് വായില്‍ തോന്നിയത് വിളിച്ചുകൂവിയാല്‍ അതുകേട്ട് നടപടിയെടുക്കുന്ന പാര്‍ട്ടിയല്ല സി.പി.എം. സി.പി.എമ്മിന് അതിന്റേതായ സംഘടനാ രീതിയതുണ്ട്. ആ ചട്ടക്കൂടില്‍ ഒതുങ്ങിനിന്നാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയെ തെറ്റിലേക്ക് വലിച്ചിഴക്കാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
.
കൃത്യമായ വർഗീയ അജണ്ടയുടെ ഭാഗമായി പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അത് നമ്മുടെ നാട്ടിലെ ജനങ്ങൾ അംഗീകരിക്കില്ല. ഏത് കൂട്ടരേ കൂടെ കൂട്ടാം എന്നാണോ കരുതുന്നത് അവർ തന്നെ തള്ളി പറയും. അതാണ് നമ്മുടെ നാട്. മലപ്പുറത്തെ മതനിരപേക്ഷമനസ് എല്ലാവർക്കും കൃത്യമായി അറിയാവുന്നതാണ്.’- മുഖ്യമന്ത്രി പറഞ്ഞു.

‘തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത് ഗൗരവമായി കാണേണ്ടതാണ്. എന്നാൽ ചില യാഥാർഥ്യങ്ങൾ കാണണം, കോൺഗ്രസ്സിൻ്റെ വോട്ടിൽ കുറവ് വന്നു. എൽഡിഎഫ് ജയിച്ചില്ലെങ്കിലും വോട്ട് വർധിച്ചു. ബിജെപി ഒരു ലക്ഷം വോട്ട് വർധനവ് ഉണ്ടാക്കി. കോൺഗ്രസിന് കുറഞ്ഞ വോട്ട് എന്താണ് കാണാത്തത്. അതല്ലേ ഗൗരവമായ പ്രശ്നമെന്നും’ മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ വിവാദമായ അഭിമുഖത്തിൽ ഖേദപ്രകടനവുമായി ‘ദ ഹിന്ദു’ പത്രം രം​ഗത്തെത്തിയിരുന്നു. മലപ്പുറം പരാമർശം പിആർ ഏജൻസി എഴുതി നൽകിയതാണെന്നാണ് വിശദീകരണം. കൈസെൻ എന്ന പിആർ ഏജൻസിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നൽകാമെന്നു പറഞ്ഞ് തങ്ങളെ സമീപിച്ചതെന്നും ‘ദ ഹിന്ദു’ പറയുന്നു.

.

Share
error: Content is protected !!