സ്‌ഫോടനപരമ്പരക്കു പിന്നാലെ ലെബനനില്‍ ഇസ്രയേലിൻ്റെ വ്യോമാക്രമണവും; യുദ്ധപ്രഖ്യാപനമെന്ന് ഹിസ്ബുല്ല തലവൻ
കഴിഞ്ഞ ദിവസങ്ങളിലെ സ്‌ഫോടനപരമ്പരയ്ക്കു പിന്നാലെ ദക്ഷിണ ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ല ടെലിവിഷനിലൂടെ അഭിസംബോധന നടത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു ആക്രമണം ആരംഭിച്ചതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടന പരമ്പരയ്ക്കു ശേഷം ഇതാദ്യമായാണ് നസ്‌റല്ല പ്രതികരിക്കുന്നത്. യുദ്ധ പ്രഖ്യാപനമാണിതെന്ന് ഹസ്സൻ നസ്രല്ല പറഞ്ഞു.
.
ലെബനനില്‍ ബുധനാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ വാക്കിടോക്കി പൊട്ടിത്തെറിച്ച് ഒന്‍പതുപേര്‍ മരിച്ചിരുന്നു. നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസ്ബുള്ളയിലെ അംഗങ്ങളാണ് പരിക്കേറ്റവരില്‍ കൂടുതലും. ചൊവ്വാഴ്ച ലെബനനിലും സിറിയയിലും മൂവായിരത്തിലേറെ പേജറുകള്‍ ഒരേസമയം, പൊട്ടിത്തെറിച്ച് രണ്ടുകുട്ടികളടക്കം 12 പേര്‍ മരിച്ചിരുന്നു. മൂവായിരത്തോളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനപരമ്പരയ്ക്കുപിന്നില്‍ ഇസ്രയേലാണെന്നും പേജറുകളുടെ നിര്‍മാണഘട്ടത്തില്‍ അവര്‍ ബാറ്ററിക്കുസമീപം അതിസൂക്ഷ്മസ്‌ഫോടകവസ്തുക്കള്‍ തിരുകിക്കയറ്റിയെന്നുമാണ് ആരോപണം.
.
ചൊവ്വാഴ്ചത്തെ പേജര്‍ സ്‌ഫോടനപരമ്പരയ്ക്ക് പിന്നാലെ ഇസ്രയേലിനെതിരേ രൂക്ഷപ്രതികരണവുമായി ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ല. തങ്ങള്‍ വലിയ തിരിച്ചടി നേരിട്ടുവെന്നും പേജര്‍ ആക്രമണത്തോടെ ഇസ്രയേല്‍ അവരുടെ സകലസീമകളും ലംഘിച്ചിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ നടപടി യുദ്ധപ്രഖ്യാപനമാണെന്നും നസ്റല്ല കൂട്ടിച്ചേര്‍ത്തു.
.
‘ലെബനന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. വളരെ അപൂര്‍വമായേ ഈ രീതിയില്‍ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ലോകത്ത് അരങ്ങേറാറുള്ളൂ. ഇസ്രയേല്‍ സകലസീമകളും ലംഘിച്ചിരിക്കുന്നു. എല്ലാ നിയമങ്ങള്‍ക്കും ധാര്‍മികതയ്ക്കും അപ്പുറത്തേക്ക് ശത്രു കടന്നിരിക്കുന്നു’, ഹസന്‍ നസ്റല്ല പറഞ്ഞു.
.
അയ്യായിരത്തോളം പേരെയാണ് രണ്ടു ദിവസം കൊണ്ട് വധിക്കാൻ ഇസ്രയേല്‍ ശ്രമിച്ചത്. നിരവധി പേജറുകൾ സർവീസിൽ ഉണ്ടായിരുന്നില്ല. ചിലത് സ്വിച്ച് ഓഫ് ആയിരുന്നു. മറ്റു ചിലത് വിതരണം ചെയ്തിരുന്നില്ല. അതിനാൽ കൂടുതൽ മരണങ്ങളും പരുക്കുകളും ഒഴിവായി. സ്ഫോടനങ്ങളിലൂടെ കൂട്ടക്കൊലയാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. വെസ്റ്റ്ബാങ്കിലെയും ഗാസയിലെയും ജനങ്ങൾക്ക് പിന്തുണ നൽകുന്നത് സംഘടന തുടരുമെന്നും ഹസ്സൻ നസ്രല്ല പറഞ്ഞു.
.
ലബനനിലെ ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങളും തീവ്രവാദശേഷിയും ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു. വർഷങ്ങളായി, ഹിസ്ബുല്ല സാധാരണക്കാരുടെ വീടുകൾ ആയുധപ്പുരകളാക്കുകയും അവരെ മനുഷ്യ കവചമാക്കുകയും ചെയ്യുകയാണ്. ഇതാണ് തെക്കൻ ലബനനെ യുദ്ധമേഖലയാക്കിയതെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
.
പേജറുകളിലും വോക്കി ടോക്കികളിലും സോളർ ബാറ്ററികളിലും കാർ ബാറ്ററികളിലുമായിരുന്നു ബുധനാഴ്ച പൊട്ടിത്തെറിയുണ്ടായത്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ ബിഎസി കൺസൽറ്റിങ് കെഎഫ്ടി എന്ന സ്ഥാപനമാണ് തയ്‌വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ പേരിൽ എആർ 924 എന്ന പേജറുകൾ നിർമിച്ചത്. 2022 മേയിലാണ് ഈ കമ്പനി നിലവിൽ വന്നത്. ട്രേഡ്മാർക്ക് ഉപയോഗിക്കാൻ മാത്രം അനുമതി നൽകിയിരുന്നതായും പേജറിന്റെ രൂപകൽപനയും നിർമാണവും വിതരണവും പൂർണമായി ഹംഗേറിയൻ കമ്പനിയുടേതാണെന്നും ഗോൾഡ് അപ്പോളോ വ്യക്തമാക്കിയിരുന്നു.
.