പി വി അൻവറിൻ്റെ ആരോപണങ്ങൾ: എസ് പി സുജിത്ത് ദാസിന് സസ്പെൻഷൻ, എഡിജിപി അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റും

തിരുവനന്തപുരം: പി വി അൻവ‍ർ ഉന്നയിച്ച ​ഗുരുതര ആരോപണങ്ങളിൽ പത്തനംതിട്ട എസ് പി സുജിത്ത് ദാസിനെതിരെ നടപടി. സുജിത്ത് ദാസിനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഗുരുതര ചട്ടലംഘനമെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. മലപ്പുറം മുന്‍ എസ്പിയായ സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് റെയിഞ്ച് ഡിഐജി ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി.
.
എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എംഎല്‍എ പി വി അന്‍വറിനെ ഫോണില്‍ വിളിച്ചുസംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. ഇത് വലിയ നാണക്കേടാണ് പൊലീസ് സേനയ്ക്ക് ഉണ്ടാക്കിയത്. എസ്പിയുടെ ക്യാമ്പ് ഹൗസിൽ നിന്ന് മരങ്ങൾ കടത്തിയെന്ന ‌പരാതി പിൻവലിക്കാനാണ് സുജിത് ദാസ്, പി വി അൻവർ എംഎൽഎയെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഈ ആവശ്യത്തിന് വ്യക്തമായ മുറുപടി നൽകുകയോ ഉറപ്പ് നൽകുകയോ ചെയ്യാതിരിക്കുന്ന എംഎൽഎ എം ആർ അജിത് കുമാറിന്റെ ബന്ധങ്ങളെ കുറിച്ച് തിരിച്ച് ചോദിക്കുന്നുണ്ട്. പരാതി എംഎൽഎ ഒന്ന് പിൻവലിച്ച് തരണമെന്നാണ് സുജിത് ദാസ് ആവശ്യപ്പെടുന്നത്. 25 വ‍ർഷത്തെ സ‍ർവ്വീസ് ഉണ്ടെന്നും അത്രയും കാലം താൻ എംഎൽഎയോട് കടപ്പെട്ടിരിക്കുമെന്നും സുജിത് ദാസ് സംഭാഷണത്തിനിടെ പറയുന്നു.
.

തന്നെ സഹോദരനെപ്പോലെ കാണണം എന്ന് കൂടി എസ് പി കൂട്ടിച്ചേ‍ർക്കുന്നു. ഇതിന് പിന്നാലെ എഡിജിപി എംആർ അജിത് കുമാറിനെതിരെ എസ്പി ​ഗുരുതര ആരോപണ‍ങ്ങളും ഉന്നയിച്ചു. സേനയിൽ സർവ്വശക്തനായിരുന്ന പി വിജയനെ നശിപ്പിച്ചത് എം ആർ അജിത് കുമാർ ആണ്. കേസിലുൾപ്പെട്ട മറുനാടൻ മലയാളി ചീഫ് ഷാജൻ സ്കറിയ ഒളിവിലിരിക്കെ അയാളെ രക്ഷപ്പെടുത്തിയത് അജിത് കുമാറാണെന്നും സംഭാഷണത്തിൽ വ്യക്തമാണ്. സേനയിൽ അജിത് കുമാർ സർവ്വശക്തനാണ്. കാര്യങ്ങൾ തീരുമാനിക്കുന്നത് എം ആർ അജിത് കുമാർ ആണ്. പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ വലംകൈയാണ് അജിത് കുമാർ‌. പൊളിറ്റിക്കൽ സെക്രട്ടറി പറയുന്നത് ചെയ്ത് കൊടുക്കുന്നതുകൊണ്ടാണ് അയാൾക്കിത്ര ശക്തി. അജിത് കുമാറിന്റെ ഭാര്യാ സഹോദരന്മാരാണ് പണം കൈകാര്യം ചെയ്യുന്നത്. ബിസിനസ്സുകാർ എല്ലാം അയാളുടെ സുഹൃത്തുക്കളാണ്. മാത്രമല്ല എന്തുകൊണ്ടാണ് മലപ്പുറം എസ്പി ശശിധരനെ സ്ഥലം മാറ്റാത്തതെന്നും സുജിത് ദാസ് ചോദിക്കുന്നു. എന്നാൽ താൻ പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാറില്ലെന്നാണ് എംഎൽഎ മറുപടി നല്‍കിയത്.
.


.
പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ എഡിജിപിക്കെതിരെയും നടപടി സ്വീകരിച്ചു. ക്രമസമാധാന ചുമതലയില്‍ നിന്ന് എംആര്‍ അജിത് കുമാറിനെ മാറ്റും. പകരം ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനെ ചുമതലപ്പെടുത്താനാണ് സാധ്യത. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയും പരിഗണനയിലുണ്ട്. സ്വര്‍ണ്ണക്കടത്ത്, കൊലപാതകം, ഫോണ്‍ ചോര്‍ത്തല്‍, സോളാര്‍ കേസ് അട്ടിമറി അടക്കം ഗുരുതര ആരോപണങ്ങളാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ പി വി അന്‍വര്‍ എംഎല്‍എ അജിത് കുമാര്‍ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ത്തിയത്.
.
അജിത്കുമാറിന് ക്രമസമാധാനത്തിനു പുറമേ ബറ്റാലിയന്റെ ചുമതലയാണുള്ളത്. ഇതോടെ അദ്ദേഹത്തെ ബറ്റാലിയന്റെ ചുമതലയുള്ള എഡിജിപിയായി നിലനിര്‍ത്തിയേക്കും. സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഒഴിവാക്കുമെന്നാണു സൂചന. ജയില്‍ ഡിജിപിയാക്കി പൊലീസിനു പുറത്തേക്കു മാറ്റുന്ന കാര്യവും ആലോചനയിലുണ്ട്.
.
അജിത്കുമാറിനെതിരെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരാവും അന്വേഷിക്കുക എന്ന കാര്യത്തിലും ചര്‍ച്ച പുരോഗമിക്കുകയാണ്. വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത, ഫയര്‍ ഫോഴ്‌സ് മേധാവി കെ.പത്മകുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
.
കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ, എഡിജിപി എം.ആർ.അജിത്‌കുമാറിനെ വേദിയിലിരുത്തിയാണ് അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിരോധത്തിലാക്കിയ അന്‍വറിന്റെ ആരോപണത്തില്‍ ഡിജിപി എസ്.ദർവേഷ് സാഹിബുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
.

.
വിവാദത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഏത് കാര്യവും ശരിയായ നിലയില്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഒരു മുന്‍വിധിയിലും ഉണ്ടാവില്ലെന്നുമാണ് കോട്ടയത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളന വേദിയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പിന്നാലെയാണ് എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റാനുള്ള നടപടി. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരം ഡിജിപിയാണ് വിഷയം അന്വേഷിക്കുക. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കോട്ടയം നാട്ടകത്തെ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച.
.

ഗസ്റ്റ് ഹൗസിലെ യോഗത്തിന് ശേഷം സമ്മേളന വേദിയിലേക്ക് പോയ മുഖ്യമന്ത്രി അജിത് കുമാറിനെ നേര്‍ക്കുനേര്‍ നോക്കാന്‍ പോലും തയ്യാറായിരുന്നില്ല. മുഖ്യമന്ത്രിയെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചത് അജിത് കുമാറാണ്. ശേഷം ഇരുവരും വേദി പങ്കിട്ടെങ്കിലും മുഖ്യമന്ത്രിയുടെ അതൃപ്തി പ്രകടമായിരുന്നു. അതിനിടെ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എഡിജിപി കത്ത് നല്‍കിയിട്ടുണ്ട്.
.
അതേസമയത്ത് മലപ്പുറത്ത് വാര്‍ത്താസമ്മേളനം നടത്തിയ പി വി അന്‍വര്‍ ഇന്നും അജിത് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് നടത്തിയത്. അജിത് കുമാറിന്റെ കീഴില്‍ ദുബായില്‍ സ്വര്‍ണ്ണക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. അജിത് കുമാര്‍ ഇടപെട്ട് സോളാര്‍ കേസ് അട്ടിമറിച്ചു, കവടിയാറില്‍ സ്ഥലം വാങ്ങി കൊട്ടാരത്തിന് സമാനമായ വീട് പണിയുന്നു എന്നതടക്കമുള്ള ആരോപണമാണ് അന്‍വര്‍ ഉയര്‍ത്തിയത്.

.

Share
error: Content is protected !!