യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥികളെ അണ്ടർ ഗ്രൗണ്ടുകളിലേക്ക് മാറ്റി. ഇന്ത്യക്കാരെ നാല് രാജ്യങ്ങൾ വഴി ഒഴിപ്പിക്കാൻ നീക്കം
യുക്രൈനിലെ ഖർക്കീവിലുളള ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷാ ബങ്കറുകളിലേക്ക് മാറ്റി. ഷെല്ലാക്രമണത്തിൽ നിന്ന് രക്ഷപെടുവാനാണ് വിദ്യാർത്ഥികളെ ബങ്കറുകളിലേക്ക് (അണ്ടർ ഗ്രൗണ്ടുകളിലേക്ക്) മാറ്റിയത്. ഇന്ത്യൻ എംബസിയുടെ നിർദ്ദേശപ്രകാരമാണ് വിദ്യാർത്ഥികൾ സുരക്ഷാ ബങ്കറുകളിലേക്ക് മാറിയത്. മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണങ്ങളും കുടിവെള്ള സംവിധാനങ്ങളും ബങ്കറിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. യുക്രൈനിലേത് ആശങ്കാജനകമായ സാഹചര്യമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ എംബസി രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇരുപതിനായിരത്തോളം ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് രക്ഷപ്പെടുത്തുവാനുണ്ട്. രക്ഷാ ദൗത്യത്തിന് നാല് രാജ്യങ്ങളുടെ സഹായം തേടിയതായും വിദേശകാര്യ സെക്രട്ടറി അറിയിച്ചു. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കാരെ സഹായിക്കാൻ ടീമുകളെ അതിർത്തികളിലേക്ക് അയച്ചു. ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകൾ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.
യുക്രെയ്നിലെ ഇന്ത്യക്കാരെ സഹായിക്കാൻ ഈ രാജ്യങ്ങളുടെ അതിർത്തിയിൽ പ്രത്യേക സംഘമെത്തും. യുക്രെയ്നിൽ നിന്നും ഇന്ത്യക്കാരെ റോഡ് മാർഗ്ഗം ഈ രാജ്യങ്ങളിലെത്തിച്ച് അവിടെ നിന്നും വ്യോമമാർഗം നാട്ടിലെത്തിക്കുകയാവും ചെയ്യുക. രക്ഷാപ്രവർത്തനം ഏകോപിക്കാൻ പത്തംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.