ജിദ്ദയിൽ 12 ടൺ കേടായ മാംസം പിടിച്ചെടുത്തു; ചിഞ്ഞളിഞ്ഞ് ദുർഗന്ധം വമിച്ചു തുടങ്ങിയിരുന്നുവെന്ന് അധികൃതർ
ജിദ്ദയിൽ 12 ടൺ കേടായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. ജിദ്ദ മുനിസിപാലിറ്റിയുടെ മേൽനോട്ടത്തിൽ അൽ ഫാദിലയിൽ നടത്തിയ പരിശോധനയിലാണ് ഒരു സ്ഥാപനത്തിൽ നിന്നും കേടായ മാംസം കണ്ടെത്തിയത്. പൊതുജനാരോഗ്യവും ഉപഭോക്തൃ സുരക്ഷയും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. (ചിത്രം പ്രതീകാത്മകം)
.
28 ഓളം ഫ്രീസറുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു മാംസവും തലകളും കണ്ടെത്തിയത്. ഉറവിടം വ്യക്തമല്ലാത്ത ഈ മാംസം മോശം അവസ്ഥയിലായിരുന്നുവെന്നും പരിശോധനക്ക് പോലും അനുയോജ്യമല്ലെന്നും അധികൃതർ വിശദീകരിച്ചു. ദൂർഗന്ധം വമിക്കുന്നതും പ്രാണികളും എലികളും വ്യഹരിക്കുന്ന അവസ്ഥയിലായിരുന്നു ഇവ. ചീഞ്ഞഴുകിയ നിലയിലായിരുന്നു ഇവയെന്നും അധികൃതർ വിശദീകരിച്ചു.
.
പിടിച്ചെടുത്ത മാംസങ്ങൾ ഉടൻ നശിപ്പിച്ചതായും നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു.
ജിദ്ദ മുനിസിപ്പാലിറ്റി ഗവർണറേറ്റിലുടനീളം നിരീക്ഷണ, പരിശോധന കാമ്പെയ്നുകൾ തുടർച്ചായി നടത്തിവരികായാണ്. കഴിഞ്ഞ മാസം റുവൈസിലെ ഒരു റസ്റ്റോറൻ്റിലേക്ക് കൊണ്ടുപോകുകയായിരുന്ന പഴകിയ മാംസവും അധികൃതർ പിടികൂടിയിരുന്നു. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഏതെങ്കിലും രീതികൾ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം അധികൃതരെ അറിയിക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും അധികൃതർ അറിയിച്ചു.
.