കിഴിശ്ശേരി ആള്‍ക്കൂട്ട കൊലപാതകക്കേസ് വഴിത്തിരിവില്‍; തുടരന്വേഷണം പ്രഖ്യാപിച്ച് പൊലീസ്, വിചാരണ നിര്‍ത്തിവെച്ചു

കൊണ്ടോട്ടി: മലപ്പുറം കിഴിശ്ശേരിയിൽ ബിഹാർ സ്വദേശിയായ രാജേഷ് മാഞ്ചി (36) ആൾക്കൂട്ട മർദനത്തെത്തുടർന്നു മരിച്ച സംഭവത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇതിനെ തുടർന്ന് അഡീഷണൽ ജില്ലാ സെഷൻസ്-III കോടതി ടി.ജെ വർഗീസ് മുമ്പാകെ നടന്നു വന്നിരുന്ന വിചാരണ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു.
.
കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്ക് കൂടുതൽ വെളിവാകുന്ന തരത്തിൽ കൂടുതൽ തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നും ഇലക്‌ട്രോണിക് തെളിവുകൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും പോലീസ് കോടതിയിൽ നൽകിയ തുടരന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
.
കേസിലെ ഏഴ് പ്രതികൾക്കും കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അതിന് പിന്നാലെ ഇന്ന് (തിങ്കളാഴ്ച) രാവിലെ വിചാരണ പുനരാരംഭിക്കാനിരിക്കെയാണ് പോലീസ് നിർണായക റിപ്പോർട്ട് കോടതിയിൽ നൽകിയത്. ഇതോടെ കിഴിശ്ശേരി ആൾകൂട്ട കൊലക്കേസ് നിർണായകമായ വഴിത്തിരിവിലെത്തി നിൽക്കുകയാണ്.
.
2023 മെയ് 13ന് ശനിയാഴ്ചയാണ് അതിഥിത്തൊഴിലാളിയായ രാജേഷ് മാഞ്ചി ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെട്ടത്. പുലർച്ചെ ഒരുമണിയോടെ കിഴിശ്ശേരി-തവനൂർ റോഡിൽ ഒന്നാംമൈലിലാണ് സംഭവം നടന്നത്. സംശയാസ്‌പദമായ സാഹചര്യത്തിൽ റോഡരികിലെ വീട്ടുപരിസരത്തുനിന്ന യുവാവിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. മോഷ്‌ടിക്കാനെത്തിയതാണെന്നാരോപിച്ച ആൾക്കൂട്ടം ചോദ്യംചെയ്യുകയും മർദിക്കുകയും ചെയ്തെന്നാണ് പൊലീസ് റിപ്പോർട്ട്.
.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പുലർച്ചെ മൂന്നരയോടെ സ്ഥലത്തെത്തിയ കൊണ്ടോട്ടി പോലീസ് റോഡരികിൽ ഗുരുതരമായ പരിക്കുകളോടെ കിടന്നിരുന്ന രാജേഷിനെ ആംബുലൻസിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിനകത്തും പുറത്തുമേറ്റ മാരക പരിക്കുകളാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
.

.
സംഭവത്തിൻ്റെ തലേ ദിവസം വെള്ളിയാഴ്‌ചയാണ് രാജേഷ് കിഴിശ്ശേരി ഒന്നാംമൈലിലെത്തി വാടക ക്വാർട്ടേഴ്സിൽ താമസമാക്കിയത്. ഇവിടെയുള്ള കോഴിത്തീറ്റ ഫാമിൽ ജോലിക്കുവന്നതാണെന്ന് പോലീസ് പറഞ്ഞു. നേരത്തേ പട്ടാമ്പിയിലായിരുന്നു. ഈ ക്വാർട്ടേഴ്സിന്റെ നൂറുമീറ്റർ അകലെയുള്ള വീട്ടുപരിസരത്താണ് രാജേഷിനെ സംശയാസ്‌പദമായി കണ്ടത്. രാജേഷ് മോഷണത്തിനെത്തിയപ്പോൾ മർദിച്ചതാണെന്ന് കസ്റ്റഡിയിലായ വീട്ടുടമസ്ഥനും സഹോദരങ്ങളും സുഹൃത്തുക്കളും മൊഴി നൽകിയിരുന്നു. കൈ പിന്നിൽകെട്ടി രണ്ട് മണിക്കൂറോളം മർദിച്ചെന്നും പ്രതികളുടെ മൊഴിയുണ്ടായിരുന്നു.
.


.

വെള്ളിയാഴ്ച രാത്രി രാജേഷ് മോഷ്ടിക്കാൻ വീടിന്റെ മുകൾനിലയിൽ കയറിയപ്പോൾ വീണെന്നായിരുന്നു പ്രതികൾ ആദ്യം നൽകിയ വിവരം. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ദേഹമാസകലം പരുക്കേറ്റതായി കണ്ടെത്തി. ശരീരത്തിൽ ഒട്ടേറെ ഒടിവുകളും പരുക്കുകളും കണ്ടെത്തിയിരുന്നു. ഇത് ക്രൂരമായ മർദനംമൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. കൈകൾ ബന്ധിച്ച ശേഷം മരക്കമ്പും പ്ലാസ്റ്റിക് പൈപ്പും ഉപയോഗിച്ചാണ് ഇവർ ഇയാളെ മർദിച്ചത്. ശരീരത്തിലുടനീളം പരിക്കുണ്ടായിരുന്നു. വാരിയെല്ലുകളടക്കം തകർന്നിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.  പ്രത്യേക സംഘത്തെ രൂപീകരിച്ചുകൊണ്ടാണ് കേസിൻ്റെ അന്വേഷണം.
.
കേസിൽ അഡീഷണൽ ജില്ലാ സെഷൻസ്-III കോടതി ടി.ജെ വർഗീസ് മുമ്പാകെ വിചാരണ നടന്ന് വരുന്നതിനിടെയാണ് തുടരന്വേഷണം പ്രഖ്യാപിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതോടെ വിചാരണ നടപടികൾ താൽക്കാലികമായി നിറുത്തിവെച്ചു. പൊലീസിൻ്റെ അപ്രതീക്ഷിത നീക്കത്തിലൂടെ നിർണായക വഴിത്തിരിവിലെത്തിയിരിക്കുകയാണ് കേസ്.
.

Share
error: Content is protected !!