അഞ്ച് വർഷത്തിന് ശേഷം വീട്ടുകാരെ അറിയിക്കാതെ സർപ്രൈസ് നൽകി നാട്ടിലേക്ക് പോകാനൊരുങ്ങി; യാത്രക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മലയാളി യുവാവ് സൗദിയിൽ മരിച്ചു

റിയാദ്: ‘വീട്ടുകാരെ അറിയിക്കാതെ വീട്ടിലേക്ക് കയറിചെല്ലണം. എല്ലാവർക്കും സർപ്രൈസ് കൊടുക്കണം’.  അഞ്ചു വർഷത്തിനു ശേഷം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുമ്പോൾ ഇതായിരുന്നു മലപ്പുറം തിരൂരിലെ, കല്ലിങ്ങൽ സ്വദേശി മുഹമ്മദ് റഫീഖ് (42) ൻ്റെ ആഗ്രഹം. സൌദിയിൽ റിയാദ് എക്സിറ്റ് 13 ൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു റഫീഖ്. അതിനിടെയാണ് നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ എല്ലാവരേയും ദുഃഖത്തിലാക്കി റഫീഖിനെ മരണം തട്ടിയെടുക്കുന്നത്.
.
അഞ്ച് വർഷത്തിന് ശേഷമാണ് റഫീഖ് നാട്ടിലേക്ക് മടങ്ങുന്നത്. ഒരു രാത്രി പുലർന്നാൽ വൈകുന്നേരത്തെ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാം. സർപ്രൈസ് നൽകി വീട്ടിലേക്ക് കയറി ചെല്ലണം. ഈ കാര്യങ്ങളൊക്കെ ഓർത്ത് സന്തോഷത്തോടെ താസമസ്ഥലത്ത് ഉറങ്ങാൻ കിടന്നതായിരുന്നു ആ മലയാളി യുവാവ്. ചൊവ്വാഴ്ച രാത്രി 11.55ന് റിയാദിൽ നിന്നും കോഴിക്കോടിനുള്ള  എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ  പോകാനുള്ള തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ  ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് എത്തിയപ്പോൾ ബെഡ്ഡിൽ മരിച്ച് കിടക്കുന്നതാണ് കണ്ടത്. ഉറക്കത്തിൽ ഹൃദയസ്തംഭനമുണ്ടായതാണ് മരണ കാരണം.
.

.
നാട്ടിലേക്ക് കൊണ്ടു പോകാനുള്ള സാധനങ്ങളെല്ലാം പാക്ക് ചെയ്ത് ലഗേജിന്റെ ഭാരം അമിതമായിട്ടില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് തലേ ദിവസം കൂട്ടുകാർ പിരിഞ്ഞ് പോയത്. അടുത്തിടെയായിരുന്നു പുതിയ വീടിൻ്റെ പണിയൊക്കെ പൂർത്തിയാക്കിയത്. പുതിയ വീട്ടിലെ താമസം സ്വപ്നം കണ്ട് നാട്ടിലേക്ക് മടങ്ങാനിരുന്ന ആ പ്രവാസിക്ക് പക്ഷേ അതിനുള്ള ഭാഗ്യമുണ്ടായില്ല.
.
അഞ്ചു വർഷത്തിനു ശേഷം ഭാര്യയെയും മക്കളെയും ഉമ്മയെയേയും ഒക്കെ ഞെട്ടിച്ചു കൊണ്ട് സർപ്രൈസായി രാവിലെ വീട്ടിലെത്തെണമെന്നാണ് തന്റെ പ്ലാൻ എന്നൊക്കെ തമാശയായി പറഞ്ഞിരുന്നതായി സൃഹൃത്തുക്കൾ പറഞ്ഞു. സമയം കിട്ടുമ്പോഴൊക്കെ വീട്ടിലുള്ളവരെ ഫോണിൽ വിളിക്കുമായിരുന്ന റഫീഖ് താൻ നാട്ടിലേക്കു വരുന്നത് മാത്രം വീട്ടുകാരെ അറിയിക്കാതെ ചെല്ലുന്നതിന്റെ ത്രില്ലിലുമായിരുന്നു. രാത്രി വൈകിയും റൂമിൽ എല്ലാരോടും സ്നേഹസംഭാഷണങ്ങൾ നടത്തിയാണ് പുലരാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ ഉറങ്ങാൻ പോയതെന്നും സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ ആ ഉറക്കത്തിൽ നിന്ന് ഉണരാൻ പിന്നീട് റഫീക്കിന് സാധിച്ചില്ല.
.
അഞ്ചു വർഷങ്ങൾക്കു മുൻപായിരുന്നു അവസാനമായി നാട്ടിൽപോയി വന്നത്. അതിനിടെ കോവിഡ് കാലത്ത് ജോലി നഷ്ടമായി. നാട്ടിൽ പോകാനും സാധിക്കാത്ത അവസ്ഥ. എങ്കിലും ഇതിനിടെ വേറൊരു സ്പോൺസറുടെ കീഴിൽ ജോലിതരപ്പെടുത്തി അവിടേക്ക്  മാറി. പുതിയ ജോലിക്ക് കയറിയതോടെ ഉടനെ തന്നെ അവധി എടുക്കാനോ നാട്ടിലേക്ക് പോയി വരാനോ കഴിയാത്ത സ്ഥിതിയായിരുന്നു. അങ്ങിനെ പല കാരണങ്ങളാൾ അഞ്ച് വർഷം കഴിഞ്ഞു.
.
നിലവിലെ ജോലി ഉപേക്ഷിച്ചാണ് റഫീഖ് നാട്ടിലേക്ക് പോകാനൊരുങ്ങിയത്. പുതിയ വിസയിൽ  തിരിച്ച് വരാനും പുതിയ ജോലിയിൽ കയറാനുമുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയാണ് റഫീഖ് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പുകൾ എല്ലാം നടത്തിയത്. അഞ്ചു വർഷത്തിനു ശേഷമുള്ള യാത്രയായതിനാൽ വീട്ടുകാർക്കും പ്രിയപ്പെട്ടവർക്കും മക്കൾക്കും നൽകാനുള്ള സ്നേഹസമ്മാനങ്ങളും  നേരത്തെ വാങ്ങി കരുതിയിരുന്നു.
.
അഞ്ചാണ്ടുകൾക്ക് ശേഷം  നാട്ടിലെത്താൻ ബാക്കിയുള്ള  മണിക്കൂറുകൾ എണ്ണി വെമ്പുന്ന മനസോടെ  വീടിനെയും പ്രിയതമയയേയും മക്കളേയും ഉമ്മയേയും കുറിച്ചുള്ള  ഓർമകളുമായി  ഉറങ്ങാൻ കിടന്ന റഫീഖ് ഓരോ പ്രവാസിയുടെയും ചിന്തകളിൽ നോവായി നീറുകയാണ്. തിരൂരിലെ പരേതനായ കാവുങ്ങൽ മുഹമ്മദിൻ്റെയും, സൈനബയുടേയും മകനാണ് റഫീഖ്. ഭാര്യ. മുംതാസ്, മക്കൾ. റിഷ,സഹ്റാൻ,ദർവീഷ് ഖാൻ.
.
ഷുമൈസി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാട്ടിലെത്തിക്കുന്നതിനുള്ള  നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരും, മലപ്പുറം ജില്ലാ കൂട്ടായ്മ ഭാരവാഹികളും രംഗത്തുണ്ട്.
.

 

 

Share
error: Content is protected !!