പതിമൂന്ന് വർഷം മുമ്പ് വേർപിരിഞ്ഞ സയാമീസ് ഇരട്ടകൾ വീണ്ടും ഡോക്ടറെ കണ്ടുമുട്ടി

റിയാദ്: പതിമൂന്ന് വർഷം മുമ്പാണ് ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളായ ഹസനും മഹ്മൂദും വേർപിരിയുന്നത്. വിജയകരമായ ശസ്ത്രക്രിയയിലൂടെ അവരെ വേർപ്പെടുത്തിയ റിയാദിലെ കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസർ അബ്ദുല്ല അൽ റബിയ ഇന്ന് വീണ്ടും അവരെ കണ്ടുമുട്ടി. സന്തോഷം കൊണ്ട് അവർ പരസ്പരം ആലിംഗനം ചെയ്തു. ലോകമെമ്പാടുമുള്ള എല്ലാ ദരിദ്രരുടെയും ദുരിതബാധിതരുടെയും തണലായി രാജ്യം നിലനിൽക്കുമെന്ന് ഡോ. അൽ-റബിയ ഊന്നിപ്പറഞ്ഞു.

കുടലും, മൂത്രാശയവും, ജനനേന്ദ്രിയങ്ങളും, ഇടുപ്പും കൂടിച്ചേർന്ന നിലയിലായിരുന്നു 2009 ൽ ഇവരെ റിയാദിലെ നാഷണൽ ഗാർഡ് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഡോ. അൽ-റബിയയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം മണിക്കൂറുകളോളം സമയമെടുത്താണ് ശസ്ത്രക്രിയ പൂർത്തീകരിച്ചത്. ആ കുഞ്ഞുമക്കളുടെ ശസ്ത്രക്രിയ റിയാദിൽ നടക്കുമ്പോൾ ലോകം മുഴുവനും പ്രാർത്ഥനയിലായിരുന്നു.

കാര്യക്ഷമതയ്ക്കും പ്രൊഫഷണലിസത്തിനും പേരുകേട്ട ഒരു സ്പെഷ്യലൈസ്ഡ് മെഡിക്കൽ ടീമിനെക്കൊണ്ട് തങ്ങളുടെ രണ്ട് ആൺമക്കളുടെ വേർപിരിയലും ചികിത്സയും നടത്തുന്നതിന് ആവശ്യമായ ശ്രമങ്ങൾ നടത്തിയതിന് ഇരട്ടകളുടെ മാതാപിതാക്കൾ സൌദി ഗവൺമെന്റിനും മറ്റു അനുബന്ധ വിഭാഗങ്ങൾക്കും നന്ദിയും കടപ്പാടും അറിയിച്ചു. ഇതിനെല്ലാം ആവശ്യമായ സൌകര്യങ്ങളനുവദിച്ചതിന് ഇരു ഹറമുകളുടെ സംരക്ഷകനായ സൽമാൻ രാജാവിൻ്റെ സേവനത്തെ പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകനായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെയും കിരീടാവകാശിയുടെയും ഉദാരമായ നിർദ്ദേശങ്ങൾക്കനുസരിച്ച് നിരവധി സയാമീസ് ഇരട്ടകളുടെ വേർപ്പിരിക്കൽ ശസ്ത്രക്രിയ സൌദിയിൽ വെച്ച് തികച്ചും സൌജന്യമായി നടത്തി കൊടുത്തിട്ടുണ്ട്. ലോകത്തുള്ള കഷ്ടതയനുഭവിക്കുന്ന മനുഷ്യരുടെ കഷ്ടപാടുകൾ ലഘൂകരിക്കാനുള്ള സൌദി അറേബ്യയുടെ മഹത്തായ ശ്രമങ്ങളുടെ ഭാഗമായാണ് സയാമീസ് ഇരട്ടകളെ വേർപിരിക്കൽ ശസ്ത്രകിയയും സൌദിയിൽ നടന്ന് വരുന്നത്.

✅ വാർത്തകളും അറിയിപ്പുകളും ന്യൂസ് ഡെസ്കിൽ നിന്ന് നേരിട്ടറിയാൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം

https://chat.whatsapp.com/KhLrelG2zkY49yYeReHjTL

Share
error: Content is protected !!