കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; തൃശൂർ സ്വദേശി ഉൾപ്പെടെ അഞ്ച് പേർക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

ദമ്മാം: സൗദിയിൽ കോഴിക്കോട് കൊടുള്ളി സ്വദേശി സമീറിനെ കൊലപ്പെടുത്തിയ കേസിൽ ഒരു മലയാളി ഉൾപ്പെടെ 5 പേരുടെ വധശിക്ഷ നടപ്പിലാക്കി. തൃശൂർ ഏറിയാട് സ്വദേശി നൈസാം സാദിഖിനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. വധശിക്ഷ നടപ്പിലാക്കിയ മറ്റു നാല് പേർ  സൗദി പൗരൻമാരാണ്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് വധശിക്ഷ നടപ്പാക്കിയത്. പ്രതികളായ അഞ്ചു പേര്‍ക്കും വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദി പൗരന്മാരായ ജഅ്ഫര്‍ ബിന്‍ സ്വാദിഖ് ബിന്‍ ഖമീസ് അല്‍ഹജി, ഹുസൈന്‍ ബിന്‍ ബാഖിര്‍ ബിന്‍ ഹുസൈന്‍ അല്‍അവാദ്, ഇദ്‌രീസ്, ബിന്‍ ഹുസൈന്‍ ബിന്‍ അഹ്മദ് അല്‍സമാഈല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹജി അല്‍മുസല്ലമി, തൃശൂർ സ്വദേശി നൈസാം ചിനികപ്പുറത്ത് എന്നിവർക്കാണ് വധശിക്ഷ നടപ്പിലാക്കിയത്.
.
പ്രതികൾ സംഘം ചേർന്ന് പിടിച്ചുപറി നടത്തിയിരുന്നതായും, കോഴിക്കോട് കൊടുവള്ളി സ്വദേശി വേളാട്ടുകുഴിയില്‍ അഹമ്മദ് കുട്ടി – ഖദീജ ദമ്പതികളുടെ മകനായ സമീറിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് വധശിക്ഷ നടപ്പിലാക്കിയത്.
.

2016 ജൂലൈ ആറിനാണ് സമീറിനെയും സുഹൃത്തിനേയും കാണാതാവുന്നത്. സുഹൃത്തുക്കളും പൊലീസും നടത്തിയ അന്വേഷണത്തിൽ അടുത്ത ദിവസം ജുബൈൽ വർക്ക്ഷോപ്പ് ഏരിയയിലെ മണലും സിമൻറും വിൽക്കുന്ന ഭാഗത്ത് പുതപ്പിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലൂടെ മൃതദേഹം സമീറിൻ്റേതാണെന്ന് പൊലീസും സുഹൃത്തുക്കളും സ്ഥിരീകരിച്ചു. ശരീരത്തിലെ മുറിവുകളും സാഹചര്യ തെളിവുകളും അനുസരിച്ച് കൊലപാതകമാണെന്ന നിഗമനത്തിലെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മലയാളി ഉൾപ്പെടെയുള്ള പ്രതികൾ പിടിയിലായത്. സംഭവത്തിൽ ജുബൈൽ പൊലീസ് മലയാളികളായ നിരവധി പേരെ കസ്​റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. തുടർന്ന് മൃതദേഹം കണ്ടെത്തിയ ഭാഗത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ച്​ നടത്തിയ തെരച്ചിലിലാണ് കേസിൽ വ്യക്തത ലഭിച്ചത്.
.
കുഴൽപ്പണ സംഘത്തേയും മദ്യവാറ്റുകാരേയും കൊള്ളയടിക്കുന്ന സംഘമാണ്​ സമീറിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ​ കണ്ടെത്തി. സ്വദേശികൾ നേതൃത്വം നൽകുന്ന കൊള്ള സംഘത്തിൻ്റെ സഹായിയായിരുന്നു വധശിക്ഷക്ക് വിധേയനായ തൃശൂർ സ്വദേശി സിദ്ദീഖ്​.  മദ്യവാറ്റു കേന്ദ്രത്തി​ൻ്റെ നടത്തിപ്പുകാരനാണെന്ന് തെറ്റിദ്ധരിച്ചാണ് സമീറിനെയും സുഹൃത്തിനെയും സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഖഫ്ജി റോഡിലെ ആളൊഴിഞ്ഞ കൃഷിയിടത്തിലെ കെട്ടിടത്തിൽ ​താമസിപ്പിച്ചു. പണം ആവശ്യപ്പെട്ടുകൊണ്ട് ക്രൂരമായി ശാരീരിക​ പീഡനമേൽപിച്ചു. ക്രൂരമർദനമേറ്റതിനെ തുടർന്ന് സമീർ അബോധാവസ്ഥയിലായി. തുടർന്ന്​ പ്രതികൾ സമീറിനെ പുതപ്പിൽ പൊതിഞ്ഞ്​ വഴിയരുകിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും സമീർ കൊല്ലപ്പെട്ടിരുന്നു. സമീറിൻ്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും സംഘം മർദ്ദിച്ചിരുന്നു. പരിക്കേറ്റ അയാളെ വഴിയിലിറക്കിവിട്ടു.
.
ജുബൈൽ പൊലീസിലെ ക്രിമിനല്‍ കേസ്മേധാവി മേജര്‍ തുര്‍ക്കി നാസ്സര്‍ അല്‍ മുതൈരി, രഹസ്യാന്വേഷണ വിഭാഗം ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ്, ക്യാപ്റ്റന്‍ ഖാലിദ് അൽ ഹംദി എന്നിവരുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വോഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ഊർജിതമായ അന്വേഷണത്തിനൊടുവിൽ  17 ദിവസം കൊണ്ട് പ്രതികളെ പിടികൂടാനായി. വൃദ്ധരായ മാതാപിതാക്കളും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിൻ്റെ  ഏക ആശ്രയമായിരുന്നു സമീർ.

കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ, അപ്പീല്‍ കോടതിയും തുടർന്ന് സുപ്രീം കോടതിയും തള്ളുകയും വധശിക്ഷ ശരിവെക്കുകയുമായിരുന്നു. ഇതോടെ ശിക്ഷ നടപ്പാക്കാന്‍ സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കി. തുടർന്നാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

.

Share
error: Content is protected !!