പ്രിയപ്പെട്ടവര്‍ക്ക് വിടചൊല്ലി ബന്ധുക്കള്‍; കണ്ണീര്‍പ്പുഴയായി മേപ്പാടി പൊതുശ്മശാനം

കൽപ്പറ്റ: ഉരുൾ കവർന്ന ജീവിതങ്ങൾ അന്ത്യയാത്ര പറയുമ്പോൾ മേപ്പാടിയിലെ പൊതുശ്മശാനം കണ്ണീർ പുഴയായി. ഉറ്റവരോടും പ്രിയപ്പെട്ടവരോടും യാത്ര പറയാതെ അവർ വിട പറയുമ്പോൾ ഹൃദയം മുറിയുന്ന വേദനമാത്രം ചുറ്റും അവശേഷിക്കുന്നു. കണ്ട സ്വപ്നങ്ങളും ഒരു മനുഷ്യായുസിലെ സമ്പാദ്യങ്ങളും ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോൾ അവസാനിക്കുമെന്ന് ആരും കരുതിയില്ല. ദുരന്തം കവർന്ന പ്രിയപ്പെട്ടവരെ ഓർത്തുയർന്ന നിലവിളിയിൽ മേപ്പാടി പൊതുശ്മശാനം വിറങ്ങലിച്ചു.
.

.
ചൊവ്വാഴ്ച രാത്രി 7 മുതൽ ബുധനാഴ്ച പുലർച്ചെ 3 വരെ 15 മൃതശരീരങ്ങളാണ് ശ്മാശനത്തിൽ സംസ്കരിച്ചത്. രാവിലെ 7 മുതൽ വീണ്ടും മൃതദേഹങ്ങൾ സംസ്കരിച്ചു തുടങ്ങി. സംഹാരതാണ്ഡവമാടിയ ഉരുൾ കാട്ടിയ ക്രൂരതയിൽ ശരീര ഭാ​ഗങ്ങൾ നഷ്ടപ്പെട്ട നിരവധി മൃതദേഹങ്ങളുമുണ്ടായിരുന്നു. മുഖം പോലും കാണാൻ പറ്റാത്ത ഒട്ടനവധി മൃതദേഹങ്ങൾ കണ്ണീർ നൊമ്പരമായി.
.

.

സന്നദ്ധ പ്രവർത്തകരടക്കമുള്ളവരാണ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. ഹൃദയം മുറിയുന്ന കാഴ്ചകളും വേദനയുടെ നിലവിളി ശബ്ദങ്ങളും ഉയരുന്ന ദുരന്തഭൂമിയും, ആശുപത്രി വരാന്തകളും പൊതു ശ്മശാനവും ളള്ളുലക്കുന്നു.
.

.
ഇന്നലെ കുത്തിയൊലിച്ചെത്തിയ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് വയനാടും കേരളവും. ഉറ്റവരെ കാണാതായവരെ തേടിയുള്ള ബന്ധുക്കളുടെ പരക്കം പാച്ചിലും, തേങ്ങലടിച്ചുള്ള വാക്കുകളും മാത്രമാണ് മുണ്ടക്കൈയിൽ നിന്ന് പുറത്തുവരുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 174 മരണങ്ങൾ ഇതുവരെ സ്ഥിരീകരിച്ചു. അതിൽ 75 പേരം ഇത് വരെ തിരിച്ചറിഞ്ഞു. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ പുനരാരംഭിച്ചിരുന്നു. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ ഇനിയും കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവ‍ര്‍ത്തനങ്ങളാണ് ഇന്ന് നടന്നുവരുന്നത്. ഓരോ നിമിഷവും മരണസംഖ്യ കൂടിവരികയാണ്.
.
മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു. 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിച്ചശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.
.

Share
error: Content is protected !!