വീടിനുള്ളിൽ കസേരയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹങ്ങൾ, കരള്‍പിളര്‍ക്കും കാഴ്ച; തിരച്ചിലിന് ഡോഗ് സ്ക്വാഡ്‌

മേപ്പാടി: ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഡോഗ് സ്‌ക്വാഡും രംഗത്ത്. പോലീസിന്റെ കഡാവര്‍, സ്‌നിഫര്‍ നായകളെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനായി എത്തിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയില്‍ പോലീസ് നായകളെ ഉപയോഗിച്ച് തിരച്ചില്‍ പുരോഗമിക്കുകയാണ്.
.
എറണാകുളം സിറ്റി പോലീസിന്റെ ഡോഗ് സ്‌ക്വാഡില്‍നിന്നാണ് രണ്ട് കഡാവര്‍ നായകളെ തിരച്ചിലിന് എത്തിച്ചിരിക്കുന്നത്. വയനാട് ജില്ലാ പോലീസിന്റെ സ്‌നിഫര്‍ ഡോഗും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. നായകള്‍ നല്‍കുന്ന സൂചനകള്‍ക്കനുസരിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പലയിടത്തും പരിശോധന നടത്തുന്നത്. മേഖലയിലേക്ക് കൂടുതല്‍ കഡാവര്‍, സ്‌നിഫര്‍ നായകളെ എത്തിക്കുമെന്നും വിവരമുണ്ട്.
.


.

വടംകെട്ടി കോണ്‍ക്രീറ്റ് സ്ലാബുകള്‍ നീക്കാന്‍ ശ്രമം.

ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ മുണ്ടക്കൈ മേഖലയിലെങ്ങും കരള്‍പിളര്‍ക്കുന്ന കാഴ്ചകള്‍ക്കാണ് രക്ഷാപ്രവര്‍ത്തകര്‍ സാക്ഷികളായത്. കൂറ്റന്‍ പാറക്കല്ലുകള്‍ക്കിടയിലും ചെളിയിലും കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയിലും ഏറെ ദുഷ്‌കരമായാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
.

.
മുണ്ടക്കൈയില്‍ എല്ലാം തകർന്ന് മണ്ണിലാണ്ടുപോയ വീടുകൾക്കടിയിൽ രക്ഷാസംഘം പരിശോധന തുടരുകയാണ്. തകര്‍ന്നടിഞ്ഞ ഒരു വീടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. വീടുകൾക്കടുത്തെത്തുമ്പോൾ കിട്ടുന്ന മൃതദേഹത്തിന്റെ മണം പിടിച്ചാണ് പല വീടുകളും പൊളിച്ച് രക്ഷാസംഘം അകത്ത് കയറുന്നത്. എന്നാൽ ഓരോ വീടുകൾക്കുള്ളിലും ഹൃദയഭേദകമായ കാഴ്ചകളാണ്.
.
മണ്ണിനടിയിൽ പെട്ട ഒരു വീട്ടിൽ നിന്ന് കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൂന്നു മൃതദേഹം രക്ഷാസംഘം കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്നവരും പുറത്തേക്ക് ഓടാൻ ശ്രമിച്ചപ്പോൾ മരിച്ചു വീണവരുമെല്ലാം മുണ്ടക്കൈയിലുണ്ട്. എന്നാൽ അവസാന നിമിഷവും രക്ഷപ്പെടാനായി പെടാപാട് പെട്ട ഒരു മനുഷ്യന്റെ നിസ്സഹായത മുഴുവൻ ആ മൃതദേഹങ്ങളുടെ കണ്ണുകളിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടികളടക്കം അഞ്ചും ആറും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്നത് കണ്ടത് ഹൃദയഭേദകമായ കാഴ്ചയായിരുന്നെന്നാണ് പഞ്ചായത്ത് അംഗം കെ.ബാബു പറയുന്നു.


.
എന്നാല്‍, ഭീമന്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ മുറിച്ച് മൃതദേഹം പുറത്തെടുക്കുക ഏറെ വെല്ലുവിളിയാണ്. കോണ്‍ക്രീറ്റ് സ്ലാബുകള്‍ മുറിച്ചുമാറ്റാനുള്ള യന്ത്രങ്ങളുടെ അപര്യാപ്തത കാരണം വടംകെട്ടി സ്ലാബുകള്‍ നീക്കാനാണ് രക്ഷാപ്രവര്‍ത്തകരുടെ ശ്രമം. വടംകെട്ടി സ്ലാബുകള്‍ നീക്കാനുള്ള ശ്രമത്തിനിടെ രണ്ടുതവണ വടംപൊട്ടുകയും ചെയ്തിരുന്നു. കോണ്‍ക്രീറ്റ് കട്ടിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ സാധനങ്ങള്‍ ലഭ്യമാക്കണമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ ആവശ്യം. തിരച്ചിലിനിടെ പല ശരീരഭാഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് ഡി.എന്‍.എ. പരിശോധനയ്ക്ക് സഹായകരമാകുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.
.

രാത്രി വരെ ദുരന്ത മുഖത്ത് ഉണ്ടായിരുന്നുവെന്നും കുടുങ്ങിക്കിടന്ന ഇരുന്നൂറോളം പേരെ ക്യാംപുകളിലേക്ക് മാറ്റിയെന്നും ബാബു പറഞ്ഞു. ജീവന്റെ കണികയുണ്ടായിരുന്നവരെ പോലും മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങൾ പൂര്‍ണമായും മാറ്റാന്‍ കഴിഞ്ഞില്ല. ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കു‌കയാണ്. ഏറെ ദയനീയമായ കാഴ്ചകളാണ് ദുരന്ത മുഖത്ത് കണ്ടതെന്നും ബാബു പറഞ്ഞു നിര്‍ത്തുന്നു. ചൂരല്‍ മല ഉരുള്‍പൊട്ടല്‍ സംഭവിക്കുമ്പോള്‍ കുട്ടികളെക്കൂടാതെ മുണ്ടക്കൈയിലുണ്ടായിരുന്നത് 860 പേരാണ്. അതിഥിത്തൊഴിലാളികളും ടൂറിസ്റ്റുകളും വേറെയുണ്ടാവും.
.


.
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടതിന്റെ വേദനയും ഞെട്ടലും മാറാതെ ഇനി എന്ത് ചെയ്യണമെന്നറിയാതെ ക്യാംപുകളില്‍ കഴിയുകയാണ് രക്ഷപ്പെട്ടവര്‍. വേദന തിന്ന ഒരു പകലും രാത്രിയും കടന്നുപോയി. ‌ഒരായുസ്സിലെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട അവർക്കു മുന്നിൽ ജീവിതം ഒരു ചോദ്യചിഹ്നമാകുന്നു. ഇന്നലെ പുഴയില്‍ നിന്നാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കിട്ടിയത്. അതുകൊണ്ടു തന്നെ അധികം ഒഴുക്കില്ലാത്ത ഭാഗങ്ങളില്‍ അതിവേഗം രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്, പുഴയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി വരുന്നതു മുതല്‍ അഞ്ചും ആറും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന കാഴ്ചകള്‍ വരെയാണ് മുണ്ടക്കൈയില്‍ ദുരന്തത്തിന്റെ അവശേഷിപ്പുകൾ.
.

Share
error: Content is protected !!