ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടു; ഫലസ്തീൻ വിമോചനത്തിനായി അവസാന നിമിഷംവരെ പോരാടിയ നേതാവ്

തെഹ്റാൻ: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യ (62) കൊല്ലപ്പെട്ടു. തെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ സൈന്യം അറിയിച്ചു. ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്.

ഇസ്മാഈൽ ഹനിയ്യയുടെ മരണത്തിൽ ഫലസ്തീൻ ജനതക്കും ഇസ്‍ലാമിക സമൂഹത്തിനും ഇറാനിയൻ രാഷ്ട്രത്തിനും ഇറാൻ സായുധ സേനയിലെ സായുധ സൈനിക വിഭാഗം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അനുശോചനം അറിയിച്ചു.

പുതിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പ​ങ്കെടുക്കാൻ എത്തിയതായിരുന്നു ഇസ്മാഈൽ ഹനിയ്യ. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഇറാൻ പ​രമോന്നത നേതാവ് ആയത്തുല്ല ഖുമേനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. രണ്ട് മാസം മുമ്പ് ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസിയുടെ സംസ്കാര ചടങ്ങുകളിൽ പ​ങ്കെടുക്കാനും ഹനിയ്യ ഇറാനിലെത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ ഇറാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.

62കാരനായ ഹനിയ്യ നിലവിൽ ഖത്തറിലാണ് കഴിഞ്ഞിരുന്നത്. 2017 മെയിലാണ് ഇദ്ദേഹം ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായി ചുമതലയേൽക്കുന്നത്.

ഒക്ടോബർ ഏഴിന് ശേഷമുള്ള ഇസ്രായേൽ ആക്രമണത്തിനിടെ ഹനിയ്യയുടെ നിരവധി കുടുംബാംഗങ്ങളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഏപ്രിൽ പത്തിന് പെരുന്നാൾ ദിനത്തിൽ ഹനിയ്യയുടെ മൂന്ന് മക്കളും നാല് പേരമക്കളും കൊല്ലപ്പെട്ടിരുന്നു. മക്കളായ ഹസിം ഹനിയ്യ, ആമിർ ഹനിയ്യ, മുഹമ്മദ് ഹനിയ്യ എന്നിവരും പേരക്കുട്ടികളായ അമൽ, മോന, ഖാലിദ്, റസാൻ എന്നിവരുമാണ് കൊല്ലപ്പെട്ടത്. കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു. ‘എൻ്റെ മക്കളുടെ രക്തം ഞങ്ങളുടെ ജനങ്ങളുടെ രക്തത്തേക്കാൾ പ്രിയപ്പെട്ടതല്ല’ എന്നായിരുന്നു മക്കളെ ഇസ്രായേൽ കൊലപ്പെടുത്തിയ വിവരം അറിഞ്ഞപ്പോൾ ഇസ്മാഈൽ ഹനിയ്യ പ്രതികരിച്ചത്.

.
‘എന്റെ മക്കളുടെ രക്തം ഞങ്ങളുടെ ജനങ്ങളുടെ രക്തത്തേക്കാൾ പ്രിയപ്പെട്ടതല്ല’ -ഇസ്രായേൽ ആക്രമണത്തിൽ സ്വന്തം മക്കളും പേരമക്കളും കൊല്ലപ്പെട്ട വിവരമറിഞ്ഞപ്പോൾ ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യ പറഞ്ഞ വാക്കുകളാണിത്. സർവ ത്യാഗങ്ങളും സഹിച്ച് പിറന്ന മണ്ണിന്റെ വിമോചനത്തിനായി അവസാന ശ്വാസം വരെയും പോരാടിയ നേതാവ്. ജയിലിലടച്ചും ആക്രമണങ്ങൾ അഴിച്ചുവിട്ടും ഇസ്രായേൽ ഇല്ലാതാക്കൻ ശ്രമിച്ച പോരാളി. ലോകരാജ്യങ്ങളുമായി ഫലസ്തീന് വേണ്ടി സംസാരിച്ച നയതന്ത്രജ്ഞൻ. ഒടുവിൽ തന്റെ മുൻഗാമികളുടെ പാത പിന്തുടർന്ന് ഇസ്രായേൽ ബോംബാക്രമണത്തിൽ 62ാം വയസ്സിൽ ധീരരക്തസാക്ഷിത്വം.
.
ഗസ്സയിലെ അഭയാർഥി ക്യാമ്പിൽ ജനിച്ച് ഇറാനിലെ തെഹ്റാനിൽ കൊല്ലപ്പെടുന്നത് വരെയുള്ള ഇസ്മാഈൽ ഹനിയ്യയുടെ ജീവിതം പോരാട്ടങ്ങൾ നിറഞ്ഞതായിരുന്നു. ഗസ്സ മുനമ്പിലെ അൽ ഷാതി അഭയാർഥി ക്യാമ്പിൽ 1962 ജനുവരിയിലാണ് ജനനം. 1948ൽ ഇസ്രായേലെന്ന അധിനിവേശ രാജ്യം രൂപീകൃതമായപ്പോൾ അസ്ഖലാൻ നഗരത്തിൽനിന്ന് പലായനം ചെയ്തവരാണ് ഹനിയ്യയുടെ മാതാപിതാക്കൾ. ഗസ്സയിലെ അൽ അസ്ഹർ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ഹനിയ്യയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഗസ്സയിലെ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയിൽനിന്ന് അറബിക് സാഹിത്യത്തിൽ ഡി​ഗ്രി കരസ്ഥമാക്കി. യൂനിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് ഹനിയ്യ വിപ്ലവ പാതയിലേക്ക് ചുവടുവെക്കുന്നത്. 1983ൽ ഹമാസിന്റെ ആദ്യ രൂപമായ ഇസ്‍ലാമിക് സ്റ്റുഡന്റ് ബ്ലോക്കിൽ അംഗമായി.
.

പോരാട്ട വഴിയിലേക്ക്

1987ൽ ഹനിയ്യ ഡിഗ്രി പഠിച്ചിറങ്ങുന്ന സമയത്ത് തന്നെയാണ് ഇസ്രായേൽ അധിനിവേശത്തിനെതിരെ ആദ്യ ജനകീയ ​പ്ര​ക്ഷോഭമായ ഒന്നാം ഇൻതിഫാദ ആരംഭിക്കുന്നത്. ഇതോടൊപ്പം ഹമാസെന്ന ​സംഘടനയും രൂപീകൃതമായി. പ്ര​ക്ഷോഭത്തിൽ പങ്കാളിയായതിന് ഇസ്രായേൽ സർക്കാർ 18 ദിവസത്തേക്ക് ഹനിയ്യയെ ജയിലിലടച്ചു. 1988ൽ വീണ്ടും ആറ് മാസം ജയിലിലായി. ഹമാസിന്റെ ഭാഗമാണെന്ന് അറിഞ്ഞതോടെ 1989ൽ മൂന്ന് വർഷത്തേക്കാണ് അധിനിവേശ ഭരണകൂടം ഹനിയ്യയെ ഇരുമ്പഴിക്കുള്ളിലാക്കിയത്.

ജയിൽമോചിതനായ ശേഷം ഹമാസിന്റെ നേതാക്കളോടൊപ്പം അദ്ദേഹത്തെ ദക്ഷിണ ലെബനാനിലേക്ക് ഇസ്രായേൽ നാടുകടത്തി. പിന്നീടുള്ള ഒരു വർഷം അവിടെയായിരുന്നു. ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും ഇസ്രായേലും തമ്മിൽ ഓസ്ലോ ഉടമ്പടിയിൽ ഒപ്പുവെച്ചതോടെ ഗസ്സയിലേക്ക് മടങ്ങി.
.

ഇതോടെ ഫലസ്തീൻ വിമോചന പോരാട്ടത്തിൽ വീണ്ടും സജീവമാവുകയും ഹമാസിന്റെ നേതൃതലത്തിലേക്ക് വരികയും ചെയ്തു. 1997ൽ ഹമാസ് സഹസ്ഥാപകൻ ഷെയ്ഖ് അഹമ്മദ് യാസീന്റെ അടുത്ത സഹായിയായി പ്രവർത്തിക്കാൻ തുടങ്ങി. 2001ൽ രണ്ടാം ഇൻതിഫാദ പൊട്ടിപ്പുറപ്പെട്ടപ്പോൾ ഹമാസിന്റെ രാഷ്ട്രീയ നേതാക്കളിൽ അഹമ്മദ് യാസീനും അബ്ദുൽ അസീസ് അൽ റാന്റിസിക്കും ശേഷം ഹനിയ്യ മൂന്നാമനായി മാറി.

ഈ സമയത്ത് ഇദ്ദേഹത്തെ ഇസ്രായേൽ കൊല്ലാൻ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. 2003ൽ ഗസ്സയിലെ ഡൗൺടൗണിലെ അപ്പാർട്ട്മെന്റിൽ ഹനിയ്യക്കും അഹമ്മദ് യാസീനും നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം രാവിലെ നമസ്കാരശേഷം പള്ളിയിൽനിന്ന് ഇറങ്ങുമ്പോൾ അഹമ്മദ് യാസീനെ ഇസ്രായേൽ കൊലപ്പെടുത്തി.
.

പ്രധാനമന്ത്രി പദത്തിൽ

2006ലെ തെരഞ്ഞെടുപ്പിൽ ഹമാസിനെ വലിയ വിജയത്തിലേക്ക് നയിച്ചതോടെ ഹനിയ്യ പ്രസ്ഥാനത്തിൽ കൂടുതൽ കരുത്തനായി. ഒരു ദശാബ്ദത്തിലേറെ അധികാരത്തിലിരുന്ന ഫതഹിനെയാണ് ഹനിയ്യയുടെ നേതൃത്വത്തിൽ പരാജയപ്പെടുത്തിയത്. തുടർന്ന് ഫലസ്തീൻ അതോറിറ്റിയുടെ പ്രധാനമന്ത്രിയായി ഹനിയ്യ ചുമതലയേറ്റു. എന്നാൽ, ഹമാസുമായി ലോക രാജ്യങ്ങൾ സഹകരിക്കാൻ തയ്യാറാകാത്തതിനാലും ഫതഹുമായുള്ള ഭിന്നതയും കാരണം 2007ൽ ഐക്യസർക്കാർ ശിഥിലമായി. പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഹനിയ്യയെ നീക്കി.
.

2014ലും ഹനിയ്യയെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തി. ആക്രമണത്തിൽ രണ്ട് മരുമക്കൾ കൊല്ലപ്പെടുകയും ഹനിയ്യയുടെ വീടിന് നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു.

2017ൽ ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത് വരെ ഗസ്സയിലെ ഹമാസ് നേതാവായി തുടർന്നു. ഖാലിദ് മിശ്‌അലിന്റെ പിൻഗാമിയായിട്ടാണ് ഇദ്ദേഹം ഈ സ്ഥാനത്ത് എത്തുന്നത്. പിന്നീട് ഹനിയ്യ താമസം ഖത്തറിലേക്ക് മാറ്റുകയായിരുന്നു. ഗസ്സ മുനമ്പിലെ യാത്ര നിയന്ത്രണത്തിൽനിന്ന് രക്ഷപ്പെട്ട് തുർക്കി വഴിയാണ് അദ്ദേഹം ഖത്തറിൽ എത്തിയത്.

വിട്ടുവീഴ്ചയില്ലാത്ത നേതാവ്

1967​ലെ അതിർത്തി പ്രകാരം ജറുസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നായിരുന്നു ഹനിയ്യയുടെ നിലപാട്. ഇദ്ദേഹത്തിന്റെ നയതന്ത്രജ്ഞ വൈദഗ്ധ്യത്തിന്റെ ഉദാഹരമായിട്ടാണ് ഇതിനെ പലരും വിലയിരുത്തിയത്. ഫലസ്തീനികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ നയ​തന്ത്രപരമായും രാഷ്ട്രീയപരമായുമുള്ള ശ്രമങ്ങളെ എതിർക്കില്ല, എന്നാൽ വിലപേശലിനും അവകാശങ്ങൾ ഇല്ലാതാക്കാനും അനുവദിക്കില്ലെന്നും ഹനിയ്യ ഉറപ്പിച്ച് പറയാറുണ്ട്. ഈ നിലപാട് അദ്ദേഹം ജീവിതാവസാനം വരെ പുലർത്തി.

.

Share
error: Content is protected !!