സൌദിയിൽ ഒറ്റ വർഷം കൊണ്ട് നാല് ലക്ഷം സ്വദേശികൾ ജോലിയിൽ പ്രവേശിച്ചു
റിയാദ്: സൌദിയിൽ 2021 ൽ മാത്രം സ്വദേശികളായ 4 ലക്ഷം യുവതീ യുവാക്കൾ ജോലിയിൽ പ്രവേശിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-റാജ്ഹി വെളിപ്പെടുത്തി. രാജ്യത്ത് ഫ്യൂച്ചർ ഓഫ് റിയൽ എസ്റ്റേറ്റ് ഫോറത്തിൽ ഇന്ന് നടത്തിയ പ്രസംഗത്തിൽ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ഇതേ വർഷം തന്നെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടി പുറത്തിറങ്ങിയവരേക്കാൾ കൂടുതലാണ് ജോലിയിൽ പ്രവേശിച്ചവരുടെ എണ്ണമെന്നും അൽ രാജ്ഹി വ്യക്തമാക്കി. സൌദിയിൽ ആദ്യമായാണ് ഇത്രയധികം സ്വദേശികൾ ഒറ്റ വർഷത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കുന്നത്.
ഫാർമസി, ദന്തചികിത്സ, അക്കൗണ്ടിംഗ്, നിയമം, മാർക്കറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ 2021-ൽ മന്ത്രാലയം 32 സ്വദേശിവൽക്കരണ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലയിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സ്വദേശികൾക്കായി കണ്ടെത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാൽ ചരിത്ര നേട്ടമായി ഇത് നാല് ലക്ഷത്തിലെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.