ദുരന്തത്തിൽ വിറങ്ങലിച്ച് പ്രവാസികളും; കുടുംബവുമായി ബന്ധപ്പെടാനാകാതെ വിങ്ങിപ്പൊട്ടി മലയാളികൾ
വയനാട്ടിലുണ്ടായ ഉരുൾപ്പൊട്ടൽ വാർത്തയറിഞ്ഞ് നിസ്സഹായരായി വിങ്ങിപ്പൊട്ടുകയാണ് പ്രവാസികൾ. രാവിലെ ഉറക്കമുണർന്നപ്പോഴാണ് പലരും ദുരന്തവാർത്ത അറിഞ്ഞത്. ഉടൻ നാട്ടിലേക്ക് തങ്ങളുടെ ഉറ്റവരെ ബന്ധപ്പെടാൻ ശ്രമിച്ചു. അപ്പോഴാണ് തങ്ങളുടെ വേണ്ടപ്പെട്ടവരെല്ലാം ദുരന്തത്തിനരയായതായി മനസിലായത്. പലർക്കും കുടുംബവുമായും ബന്ധുക്കളുമായും ബന്ധം സ്ഥാപിക്കാനായില്ല. ഇതോടെ എന്ത് ചെയ്യണമെന്നറിയാത്ത ദുരവസ്ഥ. അയൽവാസികളോടോ നാട്ടുകാരോടെ വിളിച്ച് അന്വേഷിക്കാനും സാധിക്കുന്നില്ല. മിക്കവരും ദുരന്തത്തിനരയായിട്ടുണ്ട്. രക്ഷപ്പെട്ടവരുമായും ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലാണ് പ്രവാസികൾ.
.
ഭാര്യയും മക്കളും എവിടെയാണ്? മതാപിതാക്കളും സഹോദരങ്ങളും ഒരുമിച്ചാണോ? ദുരന്തത്തിനിരയായിട്ടുണ്ടോ അതോ സുരക്ഷിതരാണോ….ആർക്കും ഒന്നും അറിയില്ല. ആരോടും അന്വേഷിക്കാനും സാധിക്കുന്നില്ല. എന്ത് ചെയ്യണമെന്നറിയാത്ത ദുരവസ്ഥയിൽ വിങ്ങിപ്പൊട്ടുകയാണ് പ്രവാസികൾ. ചിലർക്കൊക്കെ കുടുംബവുമായി ബന്ധം സ്ഥാപിക്കാനായതിൻ്റെ ആശ്വാസം ഉണ്ടെങ്കിലും, മറ്റുള്ളവരുടെ ദുരവസ്ഥയിൽ എല്ലാ ആശ്വാസവും സമാധനവും നഷ്ടമായി. ടെലിവിഷൻ ചാനലുകളിൽ വരുന്ന ഓരോ മുഖങ്ങളും സൂക്ഷമമായി നിരീക്ഷിക്കുകയാണ്. അവരിലെവിടെയെങ്കിലും തങ്ങൾ അന്വേഷിക്കുന്ന ബന്ധുക്കളുണ്ടോ എന്നറിയാൻ. ദുരന്തത്തിൻ്റെ ഈ ദാരുണ ദൃശ്യങ്ങൾ കണ്ട് കണ്ണീരൊലിപ്പിച്ച് നിസഹായരായി നോക്കി നിൽക്കേണ്ടി വരുന്ന പച്ച മനുഷ്യരാണ് ഇന്ന് പ്രവാസ ലോകത്തെ മലയാളികൾ.
.
ഇന്നലെ രാത്രിയും വീട്ടുകാരുമായും കുട്ടികളുമായും വീഡിയോ കോളിലും മറ്റും സംസാരിച്ചവരാണ് പലരും. ഉറങ്ങാൻ കിടക്കുമ്പോൾ പ്രതീക്ഷിച്ചിരുന്നില്ല ഇത്രയും വലിയ ഒരു ദുരന്തം പുലർച്ചെ തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന്. മരിച്ചവരുടെ എണ്ണത്തേക്കാൾ എത്രയോ ഇരട്ടിയാണ് കാണാതായവരുടെ എണ്ണം. കണ്ടുകിട്ടിയ പലരും തങ്ങുടെ കുട്ടികളെ അന്വേഷിക്കുന്നു. ഒരുമിച്ച് ഉറങ്ങാൻ കിടന്നവരാണ്. പക്ഷേ ഇപ്പോൾ കൂടെയില്ല. ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല. ചിലരൊക്കെ ആശുപത്രികളിലുണ്ട്. എന്നാൽ ഇവരൊക്കെ ആരാണെന്നോ, ഏത് കുടുംബത്തിൽ നിന്നുള്ളവരാണെന്നോ വ്യക്തമാകാനും അറിയാനും കഴിയുന്നില്ല. അതിനെല്ലാം സമയമെടുക്കും. ചികിത്സക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ഈ സമയത്തെല്ലാം തങ്ങളുടെ മക്കളെവിടെയായിരിക്കും, ഭാര്യയുടേയും മാതാപിതാക്കളുടേയും അവസ്ഥ എന്തായിരിക്കും എന്നറിയാതെ വിങ്ങിപ്പൊട്ടുകയാണ് പ്രവാസ ലോകത്തെ മലയാളികൾ.