‘ഷിനി ഇവിടെയുണ്ടോ’, മുഖം മറച്ചെത്തി ‘ഡെലിവറി ഗേൾ’; വെടിയുതിർത്തത് മൂന്നുതവണ, കൈയിൽ തുളച്ചുകയറി
തിരുവനന്തപുരം: നഗരത്തില്‍ സ്ത്രീക്ക് നേരേ നടന്ന വെടിവെപ്പില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. വെടിയേറ്റ ഷിനിയ്ക്ക് രജിസ്‌ട്രേഡ് കൊറിയറുണ്ടെന്ന് പറഞ്ഞാണ് അക്രമിയായ യുവതി വീട്ടിലെത്തിയതെന്ന് ഷിനിയുടെ ഭര്‍തൃപിതാവ് ഭാസ്‌കരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. മൂന്നുതവണ അക്രമി എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തെന്നും ഇതിലൊരുതവണ മുഖത്തിന് നേരേ വെടിയുതിര്‍ത്തത് തടഞ്ഞപ്പോഴാണ് ഷിനിക്ക് കൈപ്പത്തിയില്‍ വെടിയേറ്റതെന്നും അദ്ദേഹം വിശദീകരിച്ചു.
.
ജീന്‍ഷും ഷര്‍ട്ടും ധരിച്ച് മുഖംമറച്ചെത്തിയ യുവതി വീട്ടിലെത്തി കോളിങ് ബെല്ലടിച്ചപ്പോള്‍ ഭര്‍തൃപിതാവാണ് വാതില്‍ തുറന്നത്. ”വാതില്‍തുറന്നയുടന്‍ ഷിനി ഇവിടെയുണ്ടോ എന്ന് ചോദിച്ചു. ഷിനിക്ക് ഒരു രജിസ്‌ട്രേഡ് കത്ത് ഉണ്ടെന്നും ഷിനി ഒപ്പിട്ടാലേ നല്‍കാനാവൂ എന്നും പറഞ്ഞു. വാതിലില്‍നിന്ന് പുറകോട്ട് തിരിഞ്ഞ് ഞാന്‍ ഷിനിയെ വിളിച്ചു. അയ്യോ സാറെ പേന മറന്നു എന്ന് പറഞ്ഞപ്പോള്‍ ഷിനി പേന കൂടി എടുക്കണേ എന്ന് പറഞ്ഞു. ഈ സമയം അക്രമി വലിയ ഒരു കടലാസ് എടുത്തു. അതിനടിയില്‍ ഒരു കൂറിയര്‍ പോലെ ഒരു പെട്ടിയും ഉണ്ടായിരുന്നു. അവള്‍ അതിന് മുകളില്‍വെച്ച് ഒപ്പിടാന്‍ ആഞ്ഞതും അക്രമി തോക്കെടുത്തു. വെടിവെയ്ക്കും മുന്‍പ് ഷിനി കൈ കൊണ്ട് തടുക്കാന്‍ ശ്രമിച്ചു. ഉള്ളംകൈയില്‍ വെടിയേറ്റു. അതിനുശേഷം താഴേക്ക് രണ്ടുതവണ വെടിവെച്ചു.
.
വന്നയാളെ യാതൊരു പരിചയുമില്ല. വന്നത് സ്ത്രീ തന്നെയാണ്. നല്ല പൊക്കവും ആരോഗ്യമുണ്ട്. വാഹനത്തിലാണോ വന്നത് എന്നറിയില്ല. അടുത്ത വെടി എനിക്കാണോ എന്ന് കരുതി ഭാര്യയും മരുമകളും എന്നെ സംരക്ഷിച്ചു. അവര്‍ നിലവിളിച്ചതോടെ അയല്‍ക്കാരെല്ലാം ഓടിവരികയായിരുന്നു” ഭാസ്‌കരന്‍ നായര്‍ പറഞ്ഞു.
.
സംഭവത്തില്‍ ആരെയും സംശയമില്ലെന്നാണ് ഷിനിയുടെയും ഭാസ്‌കരന്‍നായരുടെയും മൊഴി. ഷിനിയുടെ കൈപ്പത്തിയിലാണ് വെടിയേറ്റിരിക്കുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷിനിക്ക് കൈയിലെ പെല്ലറ്റ് നീക്കംചെയ്യാന്‍ ശസ്ത്രക്രിയ നടത്തും.
.
തിരുവനന്തപുരം എന്‍.ആര്‍.എച്ച്.എം.ല്‍ പി.ആര്‍.ഒ.യായി ജോലിചെയ്തുവരികയാണ് ഷിനി. ഭര്‍ത്താവ് മാലദ്വീപിലാണ് ജോലിചെയ്യുന്നത്.
.
“രാവിലെ ബഹളംകേട്ടാണ് ഷിനിയുടെ വീട്ടിലേക്ക് ഓടിയെത്തിയതെന്ന് സമീപവാസി മാധ്യമങ്ങളോട് പറഞ്ഞു. വന്നപ്പോള്‍ ഷിനിയുടെ ദേഹത്താകെ രക്തമായിരുന്നു. കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് വെടിയുതിര്‍ത്ത കാര്യം പറഞ്ഞത്. അക്രമി ജീന്‍സും ടീഷര്‍ട്ടും ധരിച്ചാണ് എത്തിയതെന്നും സമീപവാസി പറഞ്ഞു”. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസും അറിയിച്ചു.
.