ചക്കരേ എവിടെയാ…ആ വിളി നിലച്ചു; ലളിതയെ ഓർത്ത് ദുൽഖറിൻ്റെ പോസ്റ്റ്; ആരാധകർക്കും നൊമ്പരമായി.
ഇന്നലെ രാത്രി അന്തരിച്ച മലയാളികളുടെ അമ്മ, നടി കെ.പി.എ.സി ലളിതയുടെ വിയോഗത്തിൽ, സഹപ്രവർത്തകരായ നടീനടൻമാർ ദുഃഖം താങ്ങാനാവാതെയാണ് അനുഭവങ്ങൾ പങ്കുവെക്കുന്നത്. നടൻ ദുൽഖർ സൽമാനും കെ.പി.എ.സി ലളിതയോടൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ലളിതയോടൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചത് ആരാധകർക്കും നൊമ്പരമായി.
‘അഭിനേത്രി എന്ന നിലയിൽ അവർ ഒരു മജീഷ്യയായിരുന്നു. “ചക്കരേ എവിടെയാ” എന്ന് ചോദിച്ചായിരുന്നു ഞങ്ങൾ എന്നും സംസാരിച്ച് തുടങ്ങിയിരുന്നതെന്നും ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.
അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ ദുൽഖർ സൽമാനും കെപിഎസി ലളിതയും ഒരുമിച്ച രംഗങ്ങൾ എന്നും കുടുംബപ്രേക്ഷകര്‍ ഓർത്തു വയ്ക്കുന്നതാണ്. അമ്മയും മകനുമായി അഭിനയിക്കണമെന്നു പറഞ്ഞാണ് അവസാനം കണ്ടു പിരിഞ്ഞതെന്നും ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.
ദുൽഖറിന്റെ കുറിപ്പിൽനിന്ന്:
‘സ്ക്രീനിലെ എന്റെ ഏറ്റവും മികച്ച ജോടി, എനിക്ക് ഏറ്റവുമധികം സ്നേഹം തോന്നിയ സഹതാരം. ഒരു നടി എന്ന നിലയിൽ അവർ മാസ്മരികമായിരുന്നു. ആ പുഞ്ചിരി പോലെ തന്നെ ആ പ്രതിഭയും അവർക്കു ലളിതമായിരുന്നു. എപ്പോഴും വാക്കുകളെക്കാൾ അപ്പുറമായി അഭിനയം കാഴ്ച വയ്ക്കുന്നയാൾ. ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന അവസാന ദിവസം എടുത്തതാണ് ഈ ചിത്രങ്ങൾ. പിരിഞ്ഞു പോകാൻ തോന്നിയില്ല അന്ന്. സ്നേഹചുംബനങ്ങളും ആലിംഗനങ്ങളും ഞാൻ ആവശ്യപ്പെട്ടു. നിരന്തരം കലഹിക്കുന്ന അമ്മയും മകനുമായി ഒരുമിച്ചൊരു സിനിമ ചെയ്യണമെന്ന് അന്നു പറയുമായിരുന്നു. ഞങ്ങൾ ഒരുമിച്ചുള്ള സമയങ്ങൾ ഇനിയും ഒരുപാടുണ്ടാകുമെന്നു ഞാൻ കരുതി. ചക്കരേ എവിടെയാ എന്നു ചോദിച്ചാണ് ഞങ്ങൾ എപ്പോഴും പരസ്പരം മെസേജുകൾ അയച്ചു തുടങ്ങിയിരുന്നത്’, ദുൽഖർ സൽമാൻ കുറിച്ചു.
തൃപ്പൂണിത്തുറയിലെ വസതിയിൽ ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. നടിയുടെ വിയോഗ വാർത്ത മലയാള സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. താരങ്ങളെല്ലാം കെപിഎസി ലളിതയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അനുശോചനം അറിയിച്ചെത്തി. പ്രിയപ്പെട്ട നടിയെ അവസാനമായി കാണാനായി തൃപ്പൂണിത്തുറ ലായം കൂത്തുപറമ്പിലേക്ക് നിരവധി പേരാണ് എത്തുന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം വടക്കാഞ്ചേരിയിലാണ് സംസ്കാരം.