റിയാദ് മെട്രോ ട്രെയിൻ ഈ വർഷം പ്രവർത്തനമാരംഭിക്കും; നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകും
റിയാദ്: നിർമാണ ജോലി പൂർത്തിയാകുന്നതോടെ ഈ വർഷം തന്നെ റിയാദ് മെട്രോ ട്രെയിൻ പ്രവർത്തനമരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിലൊന്നാണ് റിയാദ് മെട്രോ. മൊത്തം 176 കിലോമീറ്റർ ദൈർഘ്യമുള്ള 6 റൂട്ടുകളാണ് റിയാദ് മെട്രോക്കുള്ളത്.
നിലവിൽ റിയാദ് നഗരത്തിലെ 90 ശതമാനം യാത്രകളും സ്വകാര്യ കാറുകളിലാണ്. ബാക്കി 10 ശതമാനം ടാക്സികളും ഡെലിവറി വാഹനങ്ങളുമാണ് ഉപയോഗിക്കുന്നത്. ഇത് നഗരത്തിലെ തിരക്ക് വർധിപ്പിക്കുന്നുവെന്ന് റിയാദ് മേഖല മേയർ ഫൈസൽ ബിൻ അയ്യാഫ് രാജകുമാരൻ മാധ്യമ പ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. റിയാദ് മെട്രോ പ്രവർത്തനമാരംഭിക്കുന്നതോടെ ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
.
പദ്ധതി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും മൊബിലിറ്റി അനുഭവം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് പൊതുജനങ്ങളുടേയും പ്രതീക്ഷ. അടുത്തിടെയായി ചില പ്രധാന കോൺഫറൻസുകൾക്കും എക്സിബിഷനുകൾക്കും റിയാദ് ആതിഥേയത്വം വഹിച്ച് തുടങ്ങിയിട്ടുണ്ട്. എക്സ്പോ 2030, 2034 ലോകകപ്പ് എന്നിവ സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും അധികൃതർ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ റിയാദ് മെട്രോ കൂടുതൽ സഹായകരമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടലുകൾ.