ജൂൺ 25 ഇനി മുതൽ ഭരണഘടനാ ഹത്യാദിനം; ഉത്തരവിറക്കി കേന്ദ്രസർക്കാർ, ജൂൺ നാല് മോദി മുക്ത ദിനമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ജൂൺ 25 ഇനിമുതൽ ഭരണഘടനാ ഹത്യാദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ ധീരമായി പോരാടിയവർക്ക് ആദരമർപ്പിക്കുന്നതിനാണ് ഈ ദിവസം ഭരണഘടന ഹത്യാദിനമായി ആചരിക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചു.
.
ഭരണഘടന ഉയർത്തി പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനം ശക്തമാക്കുമ്പോഴാണ്, ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ ഭരണഘടനാ ഹത്യ ദിവസമായി ആചരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പാർലമെന്റിനകത്തും പുറത്തും രാഹുൽ ഗാന്ധിയുടെ നേതൃത്ത്വത്തിൽ ഭരണഘടന ഉയർത്തി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് കേന്ദ്രസർക്കാറിന്റെ അസാധാരണ നീക്കം.
.
അതേസമയം തീരുമാനത്തെ എതിർത്ത് കോൺഗ്രസ് രംഗത്തെത്തി. ജൂൺ നാല് മോദി മുക്ത ദിനമായാണ് ആചരിക്കേണ്ടത് എന്ന് കോൺഗ്രസ് തിരിച്ചടിച്ചു. പത്തു കൊല്ലം അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കിയ മോദിയുടേത് തട്ടിപ്പെന്നും കോൺഗ്രസ് പ്രതികരിച്ചു. തന്ത്രപൂർവം തലക്കെട്ട് പിടിച്ചെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറ്റൊരു ശ്രമമാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് നേതാവ് ജയ് റാം രമേശ് ആരോപിച്ചു.
.
‘ഡെമോക്രസി’ (ജനാധിപത്യം) എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ഡെമോ-കുർസി’ (കസേര) എന്നാണെന്നും ജയ് റാം രമേശ് ആരോപിച്ചു. ജീവശാസ്ത്രപരമായി ജന്മമെടുക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് 2024- ജൂൺ നാലിന് ജനം നൽകിയ രാഷ്ട്രീവും വ്യക്തിപരവും ധാർമ്മികവുമായ തിരിച്ചടി, പത്ത് വർഷം മുമ്പ് അദ്ദേഹം പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ ഭാഗമാണെന്നും ‘മോദി മുക്തി ദിവസ്’ ആയി ഈ ദിനം ആചരിക്കുമെന്നും ജയ് റാം രമേശ് കൂട്ടിച്ചേർത്തു.
.
കേന്ദ്ര സർക്കാരിൻറെ നീക്കത്തിനെതിരെ ഇന്ത്യ സഖ്യത്തിലെ ആർജെഡി, ആംആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളും രൂക്ഷ വിമർശനം ഉയർത്തി. അടിയന്തരാവസ്ഥക്കെതിരെ ശക്തമായ നിലപാടെടുത്ത പാർട്ടികളിൽ നിന്ന് കോൺഗ്രസിനെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യവും മോദിക്കുണ്ട്. ബിജെപി 400 കടക്കുന്നത് ഭരണഘടനയും അതുവഴി സംവരണവും അട്ടിമറിക്കാനെന്ന പ്രചാരണം ഇപ്പോഴും ബിജെപിക്ക് മുറിവേൽപിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇത് മറികടക്കാനുള്ള വഴികൾ തേടുന്നത്.
.
ഇന്ത്യ സഖ്യത്തിലെ മറ്റു നേതാക്കളും ബിജെപിക്കെതിരേ രംഗത്തെത്തി. ഭരണഘടനയെ തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും മുമ്പിൽ ഒരു കണ്ണാടി സൂക്ഷിക്കുന്നത് നല്ലതാണെന്നും ആർജെഡി നേതാവ് മനോജ് ഝാ പറഞ്ഞു.
.
നാല് സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുകയാണ്. അതുകൊണ്ട് തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് ജെഎംഎം എംപി മഹുവ മാജി പറഞ്ഞു. 1975-ലെ അടിയന്തരാവസ്ഥയിൽ കോൺഗ്രസിനോട് പൊറുക്കാനാകുന്നില്ലെങ്കിൽ നിലവിലെ സാഹചര്യത്തിൽ ബിജെപിയോടും പൊറുക്കാൻ സാധിക്കില്ലെന്ന് സമാജ്വാദി പാർട്ടി നേതാവ് ഫഖ്റുൽ ഹസൻ ചന്ദ് പറഞ്ഞു.
.
1975 ജൂൺ 25നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, സ്വേച്ഛാധിപത്യപരമായി രാജ്യത്തിനു മേൽ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചതെന്ന് ഉത്തരവിന്റെ പകർപ്പ് പങ്കുവച്ചുകൊണ്ട് നരേന്ദ്ര മോദി എക്സിൽ കുറിച്ചു. അടിയന്തരാവസ്ഥ ജനാധിപത്യത്തിന്റെ ആത്മാവിനെ ഞെരുക്കിയ ദിവസങ്ങളിൽ, ഒരു തെറ്റും ചെയ്യാത്ത ലക്ഷക്കണക്കിന് ആളുകൾ ജയിലിലേക്ക് വലിച്ചെറിയപ്പെട്ടു. മാധ്യമങ്ങളെയടക്കം നിശബ്ദമാക്കിയ ജൂൺ 25 ഇനി എല്ലാ വർഷവും ‘സംവിധാൻ ഹത്യ ദിവസ്’ (ഭരണഘടനാ ഹത്യാദിനം) ആയി ആചരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
.
നേരത്തെ പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അടിയന്തരാവസ്ഥയെ ഇരുണ്ട അധ്യായമെന്നാണ് വിശേഷിപ്പിച്ചത്. ഭരണഘടനയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണമാണ് 1975 ജൂൺ 25ന് സംഭവിച്ചതെന്നും ദ്രൗപതി മുർമു തന്റെ പ്രസംഗത്തിനിടെ വിമർശിച്ചിരുന്നു. അടിയന്തരാവസ്ഥയെ അപലപിച്ചുകൊണ്ടുള്ള ലോക്‌സഭാ സ്പീക്കർ ഓം ബിർലയുടെ പ്രസ്താവനയക്ക് പിന്നാലെ വലിയ പ്രതിപക്ഷ ബഹളത്തിന് ലോകസഭാ സാക്ഷ്യം വഹിച്ചിരുന്നു.