സൗദിയിൽ റോഡപകട നിരക്ക് 92 ശതമാനം കുറഞ്ഞു; നേട്ടമായത് രാജ്യത്ത് നടപ്പിലാക്കിയ പരിഷ്കാരങ്ങൾ
റിയാദ്: റോഡപകടങ്ങൾ കുറക്കുന്നതിനായി സൗദിയിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ഫലം കാണുന്നു. കവലകളിലെ അപകടനിരക്ക് 92 ശതമാനം കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ റോഡ്സ് വ്യക്തമാക്കി. റോഡുകളുടെ സുരക്ഷ സംവിധാനം ശക്തിപ്പെടുത്തുകയും, റോഡ് അപകടങ്ങൾ മൂലമുള്ള മരണം ഒരു ലക്ഷം ആളുകളിൽ 5 ൽ താഴെയാക്കി കുറക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചതിൻ്റെ ഫലമാണ് അപകട നിരക്കിൽ ഇത്രയും കുറവുണ്ടാകാൻ കാരണമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
.
രാത്രി കാലങ്ങളിൽ വാഹനമോടിക്കുന്നവരുടെ കാഴ്ച മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കി. റോഡുകൾ വ്യക്തമായി തിരിച്ചറിയാനാകും വിധം സൗദിയിലുടനീളമുള്ള 149 കവലകളിൽ സൗരോർജ്ജ ലൈറ്റിംഗ് സ്ഥാപിച്ചതും അപകടനിരക്ക് കുറക്കാൻ സഹായകരമായി. റോഡുകളുടെ സുരക്ഷയും ഗുണനിലവാരവും ഏറ്റവും ഉയർന്ന നിവലാരത്തിലേക്ക് ഉയർത്തി. ഇതിനായി റോഡ് ലൈറ്റിംഗ്, ഫ്ലോർ പെയിന്റ്സ്, സൂചനാ ചിഹ്നങ്ങൾ, ഗ്രൗണ്ട് ചിഹ്നങ്ങൾ, മുന്നറിയിപ്പ് വൈബ്രേഷനുകൾ, കോൺക്രീറ്റ് തടസ്സങ്ങൾ, റോഡ് സുരക്ഷയുടെ നിലവാരം ഉയർത്തുന്നതിന് സഹായിക്കുന്ന മറ്റ് ജോലികൾ എന്നിവയുൾപ്പെടെ നിരവധി പ്രവൃത്തികൾ നടപ്പിലാക്കിയതായും അതോറ്റി വ്യക്തമാക്കി.
.
റോഡ് ഗുണനിലവാര സൂചികയിൽ ആഗോളതലത്തിൽ ആറാമത്തെ വിഭാഗത്തിലെത്തുകയെന്നതാണ് അതോറിറ്റിയുടെ ലക്ഷ്യം. ഇതിനായി റോഡപകട മരണങ്ങൾ കുറയ്ക്കുക, ഇന്റർനാഷണൽ റോഡ് അസസ്മെന്റ് പ്രോഗ്രാമിന്റെ നിർദ്ദേശമനുസരിച്ചുള്ള ട്രാഫിക് സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കുക, റോഡുകളിൽ നൂതന നിലവാരം ഉറപ്പാക്കുക എന്നിവയിലാണ് അതോറിറ്റി പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇതിനായി ഏറ്റവും പുതിയ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ഉപയോഗം വിപുലീകരിക്കാനാണ് ജനറൽ അതോറിറ്റി ഫോർ റോഡ്സിൻ്റെ തീരുമാനം.
.