പ്രവാസികൾക്ക് ജോലി ചെയ്യാൻ ലോകത്ത് ഏറ്റവും മികച്ച രണ്ടാമത്തെ രാജ്യം സൗദി അറേബ്യയെന്ന് ആഗോള സർവേ; വൻകിട രാജ്യങ്ങളെയും പിന്നിലാക്കി സൗദിയുടെ മുന്നേറ്റം

ഈ വർഷത്തെ (2024) വർക്ക് അബ്രോഡ് സൂചികയിൽ പ്രവാസികൾക്ക് ജോലി ചെയ്യാൻ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ സൗദി അറേബ്യ രണ്ടാം സ്ഥാനം നേടി. യുഎഇ, അമേരിക്ക, ബെൽജിയം, നെതർലാൻഡ്സ് എന്നിവയെ പിന്തള്ളിയാണ് സൗദി രണ്ടാം സ്ഥാനത്തെത്തിയത്.
.
ആഗോളതലത്തിൽ ഇന്റർനേഷൻസ് നടത്തിയ ഏറ്റവും പുതിയ പ്രവാസി സർവേ പ്രകാരം, കരിയർ ഡെവലപ്മെന്റ് സൂചികയിൽ സൗദി ഒന്നാം സ്ഥാനത്തും, ശമ്പളം, തൊഴിൽ സുരക്ഷ എന്നിവയിൽ രണ്ടാം സ്ഥാനത്തുമാണ്.
.

ഡൻമാർക്കാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സൗദി അറേബ്യ, ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ്, യുഎഇ, ഓസ്ട്രേലിയ, മെക്സിക്കോ, ഇന്തോനേഷ്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ് തൊട്ടുപിറകിൽ.  ഏകദേശം 68% പ്രവാസികൾ കുറച്ച് സമയത്തേക്ക് വിദൂരമായി (റിമോട്ട് വർക്ക്) ജോലി ചെയ്യാൻ കഴിയുമെന്ന് അഭിപ്രായപ്പെട്ടു.  82% പേർ സൗദിയുടെ ബിസിനസ്സ് രീതിയെ പിന്തുണക്കുന്നവരാണ്. മുക്കാൽ ഭാഗം തൊഴിലാളികളും അവരുടെ ജോലിയിൽ പൊതുവെ സംതൃപ്തരാണ്. അതേ സമയം സൗദിയിലെ പ്രവാസികൾ അവരുടെ തൊഴിൽ സുരക്ഷയിൽ പൂർണ സംതൃപ്തരല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
.
സൗദിയിലെ പകുതിയിലധികം പേരും പ്രാദേശിക തൊഴിൽ വിപണിയെ ക്രിയാത്മകമായാണ് വിലയിരുത്തിയത്. സൗദിയിലേക്ക് മാറിയതിലൂടെ അവരുടെ കരിയർ സാധ്യതകൾ മെച്ചപ്പെട്ടതായി പ്രവാസികൾ വിശ്വസിക്കുന്നു. ഇക്കാരണങ്ങളാണ് സൗദി അറേബ്യയെ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തിച്ചത്.
.

2023 ൽ ഇരുപത്തിയൊന്നാം സ്ഥാനത്തായിരുന്ന ബെൽജിയം ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു എന്നതും ശ്രദ്ധേയമാണ്. ആഗോളതലത്തിൽ ആറാം സ്ഥാനത്താണ് യുഎഇ. എന്നാൽ മിഡില് ഈസ്റ്റിനെ പ്രതിനിധീകരിച്ച് സൗദി അറേബ്യ ആദ്യ പത്തില് ഇടം നേടിയപ്പോൾ, ഖത്തര് പത്തൊമ്പതാം സ്ഥാനത്തും ഒമാന് 21-ാം സ്ഥാനത്തുമെത്തി. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇരുപത്തിരണ്ടാം സ്ഥാനത്താണ്. ജർമ്മനിയും യുണൈറ്റഡ് കിംഗ്ഡവും തൊട്ടുപിന്നിലുണ്ട്.
.

വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന 12,500 ലധികം ആളുകളിൽ നടത്തിയ സർവേയിലൂടെയാണ് ഇൻ്റർനേഷൻസ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. പ്രാദേശിക തൊഴിൽ വിപണിയെക്കുറിച്ചുള്ള പ്രവാസികളുടെ വിലയിരുത്തലും, അവരുടെ കരിയർ അവസരങ്ങളും, സാധ്യതകളും ഉൾപ്പെടെ നാല് ഉപവിഭാഗങ്ങളിലായാണ് പ്രവാസികളിൽ സർവേ നടത്തി അഭിപ്രായം തേടിയത്.
.

പ്രവാസികൾ ജോലിക്ക് പോകുന്ന വിദേശരാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ, പ്രാദേശിക തൊഴിൽ സുരക്ഷ, പ്രവാസികൾക്ക് അവരുടെ ജോലിക്ക് ന്യായമായ വേതനം ലഭിക്കുന്നുണ്ടോ എന്നിങ്ങിനെയുള്ള കാര്യങ്ങളാണ് ശമ്പള, തൊഴിൽ സുരക്ഷാ വിഭാഗത്തിന് കീഴിൽ പ്രധാനമായും പഠനവിധേയമാക്കിയത്.
.

പ്രവാസികളുടെ ജോലി സമയം, ജോലി-ജീവിത സന്തുലിതാവസ്ഥ എന്നീ കാര്യങ്ങളിൽ പ്രവാസികൾ എത്രത്തോളം സംതൃപ്തരാണെന്നായിരുന്നു തൊഴിൽ, ഒഴിവുസമയ വിഭാഗത്തിൽ നടത്തിയ സർവേ. കൂടാതെ തൊഴിൽ സംസ്കാരം, സംതൃപ്തി എന്ന ഉപവിഭാഗത്തിൽ പ്രവാസികളുടെ മൊത്തത്തിലുള്ള തൊഴിൽ സംതൃപ്തിയുമായി ബന്ധപ്പെട്ടും, വിദൂര ജോലി, ഫ്ലക്സിബിൾ ജോലി സമയം തുടങ്ങിയ പ്രാദേശിക ബിസിനസ്സ്  രീതികളെ എത്രത്തോളം പിന്തുണക്കുന്നു എന്ന കാര്യത്തിലും സർവേയിൽ പ്രവാസികളിൽ നിന്ന് അഭ്രിപായങ്ങൾ സമാഹരിച്ചതായി ഇൻ്റർനേഷൻസ് വ്യക്തമാക്കി.
.

Share
error: Content is protected !!