കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇഖാമ പുതുക്കിയില്ല; മലയാളിയെ സൗദിയിൽനിന്ന് നാടുകടത്തി
സൗദിയിലെ അബഹയിൽ ഇഖാമ (താമസരേഖ) പുതുക്കാൻ വൈകിയ മലയാളിയെ നാടുകടത്തി. സാമൂഹിക പ്രവർത്തകരെ ഉദ്ധരിച്ച് ഗൾഫ് മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മലപ്പുറം എടക്കര സ്വദേശിയെയാണ് മൂന്നാം തവണയും ഇഖാമ പുതുക്കാൻ കാലതാമസം വരുത്തിയതോടെ നാടുകടത്തിയത്. മൂന്ന് തവണ ഇഖാമ പുതുക്കാൻ കാലതാമസം വരുത്തിയാൽ നാടുകടത്തുമെന്ന നിയമം അടുത്തകാലത്താണ് സൗദിയിൽ നിലവിൽ വന്നത്.
.
നേരത്തെ രണ്ടു തവണയും ഇയാൾ ഇഖാമ പുതുക്കാൻ കാലതാമസം വരുത്തിയിരുന്നു. തുടർന്ന് ഇഖാമ ഫീസിനോടൊപ്പം വൈകിയതിനുള്ള പിഴയും ചേർത്ത് അടച്ചായിരുന്നു ഇഖാമ പുതുക്കിയിരുന്നത്. എന്നാൽ മൂന്നാം തവണയും കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇയാൾക്ക് ഇഖാമ പുതുക്കാൻ സാധിച്ചില്ല. നേരത്തെ ചെയ്തത് പോലെ പിഴയടയച്ച് പുതുക്കാമെന്ന പ്രതീക്ഷിയിലായിരുന്നു ഇയാൾ. ഇതിനിടെ സാധനങ്ങൾ വാങ്ങാനായി ഖമീസ് മുശൈത്തിലെത്തിയപ്പോൾ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ മറ്റു പലരുടേയും ഇഖാമ പരിശോധിക്കുന്ന കൂട്ടത്തിൽ ഇദ്ദേഹത്തിൻ്റെതും പരിശോധിച്ചു. പരിശോധനയിൽ നേരത്തെ രണ്ട് തവണ പിഴയോട് കൂടിയാണ് പുതുക്കിയത് കണ്ടെത്തി. കൂടാതെ നിലവിൽ ഇഖാമ കാലാവധി കഴിഞ്ഞതായും ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.
.
തുടർന്ന് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും, തുടർന്ന് നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. സംഭവമറിഞ്ഞ് നാടുകടത്തൽ കേന്ദ്രത്തിലെത്തിയ യുവാവിൻ്റെ സഹോദരനോട് യുവാവിനെ നാടുകടത്താനാണ് തീരുമാനമെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.
.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ സാമൂഹികക്ഷേമ സമിതിയംഗമായ ബിജു.കെ നായരുടെ സഹായം തേടിയെങ്കിലും, നാടുകടത്തുക എന്ന തീരുമാനത്തിൽ മാറ്റം വരുത്താൻ സാധിച്ചില്ല. എങ്കിലും ഇദ്ദേഹത്തിൻ്റെ ഇടപെടലിലൂടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റുമായി എത്തിയാൽ തർഹീലിൽ നിന്ന് പുറത്തിറക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനുസരിച്ച് ടിക്കറ്റുമായെത്തി ഇയാളെ പുറത്തിറക്കി അബഹ വിമാനത്താവളം വഴി നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു.
മൂന്ന് തവണ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇഖാമ പുതുക്കിയില്ലെങ്കിൽ, പൊലീസ് പിടിയിലായാൽ ഇഖാമ പുതുക്കിയവരാണെങ്കിൽ പോലും നാടുകടത്തുമെന്ന് ബിജു കെ നായർ പറഞ്ഞതായും ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തു.
.