വീടുകളിലെ വൈദ്യുതി ബിൽ സൗജന്യമാക്കാം.സംസ്ഥാന ഊർജ വകുപ്പിൻ്റെ പ്രത്യേക പദ്ധതി പ്രവാസികൾക്കും അനുയോജ്യം.
വീട്ടിലെ കറൻ്റ് ബിൽ താങ്ങാനാകാത്തവർക്ക് പരിഹാര മാർഗ്ഗം നിർദ്ദേശിക്കുകയാണ് സംസ്ഥാന ഊർജ വകുപ്പിനു കീഴിലുള്ള അനെർട്ട്. വൈദ്യൂതി ബിൽ പൂർണ്ണമായും സൌജന്യമാക്കാമെന്ന് മാത്രമല്ല, ഉപയോഗിച്ചതിൽ കൂടുതലുള്ളത് വിൽക്കാനും സൌകര്യമുണ്ട്.
സൗരതേജസ് പദ്ധതി പ്രകാരം വീടുകളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് എല്ലാ ജില്ലകളിലും അനെർട്ടിന് കീഴിൽ റജിസ്ട്രേഷൻ ക്യാമ്പുകളും ബോധവൽക്കരണവും ആരംഭിച്ചിട്ടുണ്ട്. ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ ഫെബ്രുവരി 23 വരെ സ്പോട്ട് റജിസ്ട്രേഷനുള്ള സൗകര്യം ലഭിക്കും. അനെർട്ടിന്റ ജില്ലാ ഓഫീസുകളിൽ അന്വേഷിച്ചാൽ റജിസ്ട്രേഷൻ ക്യാമ്പുകളുടെ വിവരം അറിയാം.
രണ്ടു കിലോവാട്ട് മുതൽ പത്തു കിലോവാട്ട് വരെയുള്ള ഗ്രിഡ് ബന്ധിത സൗരനിലയങ്ങളാണ് സൗരതേജസ് പദ്ധതി പ്രകാരം സ്ഥാപിക്കാനാകുക. 3 കിലോവാട്ട് വരെയുള്ള പ്ലാന്റുകൾക്ക് 40% സബ്സിഡി ലഭിക്കും. തുടർന്നുള്ള ഓരോ കിലോവാട്ടിനും 20% സബ്സിഡിയും അനുവദിക്കുന്നുണ്ട്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂർണ്ണമായും ഗുണഭോക്താവിന് തന്നെ ഉപയോഗിക്കാം. അധികമുള്ള വൈദ്യുതി ഗ്രിഡിലേക്കു നൽകാനും സൌകര്യമുണ്ട്. പ്ലാന്റിന് 5 വർഷത്തെ വാറന്റിയാണ് നൽകുക. റജിസ്ട്രേഷന്റെയും സാധ്യതാ പഠനത്തിന്റെയും മുൻഗണനാ ക്രമത്തിൽ ആയിരിക്കും അപേക്ഷകരിൽ നിന്നും ഉപഭോക്താക്കളെ തിരഞ്ഞെടുക്കുക.
www.buymysun.com എന്ന വെബ് സൈറ്റ് വഴിയും അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് 1000 രൂ + ജി.എസ്.ടി .വൈദ്യുതി കൺസ്യൂമർ നമ്പർ, ഫോൺ നമ്പർ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. വിശദമായ വിവരങ്ങൾ ജില്ലാ അനെർട്ട് ഓഫീസുകളിൽ നിന്ന് ലഭിക്കും.
ഫോൺ: 0471-2338077, 2334122, 2333124 ( അനെർട്ട് കേന്ദ്ര ഓഫീസ് )