നവജാതശിശുക്കളായ ഇരട്ടകളിൽ ഒരാളെ മാറ്റി, ശേഷം മറിച്ചുവിറ്റു; ആശുപത്രി ഉടമ ഉൾപ്പെടെ സ്ത്രീകളടങ്ങുന്ന സംഘം പിടിയിൽ
ന്യൂഡൽഹി ∙ നവജാതശിശുവിനെ തട്ടിയെടുത്തു മറിച്ചുവിറ്റ കേസിൽ ആശുപത്രി ഉടമ ഉൾപ്പെടെ 4 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇരട്ടക്കുട്ടികളെ പ്രസവിച്ച യുവതിയുടെ ആൺകുട്ടിയെയാണ് ഇവർ മറ്റൊരു യുവതിക്ക് വിറ്റത്. പകരം മറ്റൊരു യുവതി പ്രസവശേഷം ആശുപത്രിയിൽ ഉപേക്ഷിച്ച പെൺകുട്ടിയെ ഇരട്ടകളിലൊരാളാണെന്ന് തെറ്റിദ്ധരിപ്പിച്ചു ദമ്പതികൾക്കു നൽകി. ആശുപത്രി ഉടമകളിൽ ഒരാളായ തബ്സും ഖാൻ (40), ഏജന്റുമാരായ അഞ്ജലി ശർമ (28), ബെഗ്‌രാജ് സിങ് (28), പണം നൽകി ആൺകുട്ടിയെ വാങ്ങിയ റിഹാന (40) എന്നിവരാണ് പിടിയിലായതെന്ന് സൗത്ത് ഈസ്റ്റ് ഡിസിപി രാജേഷ് ദേവ് പറഞ്ഞു.
.
സൗത്ത് ഈസ്റ്റ് ഡൽഹിയിൽ താമസിക്കുന്ന വിവേക് കുമാറിന്റെ ഭാര്യ സുഷമ ഗൗതം കഴിഞ്ഞ 3നാണ് അബുൽ ഫസൽ എൻക്ലേവിലെ മെഡി കെയർ ആശുപത്രിയിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. ജനിച്ച ഉടൻ കുട്ടികളെ വിവേകിനെ കാണിച്ചെങ്കിലും ഇരട്ടകൾ ആൺകുട്ടിയും പെൺകുട്ടിയുമാണെന്ന കാര്യം മറച്ചുവച്ചു. അവിവാഹിതയായ യുവതി രണ്ടാഴ്ച മുൻപ് പ്രസവിച്ച പെൺകുട്ടിയെ ഇവിടെ ഉപേക്ഷിച്ചിരുന്നു. ഇക്കാര്യം ആശുപത്രി ഉടമകൾ പൊലീസിനെ അറിയിച്ചിരുന്നില്ല. തുടർന്ന്, ഈ പെൺകുട്ടിയെയാണ് വിവേകിന്റെയും സുഷമയുടെയും ഇരട്ടകളിൽ ഒരാളെന്നു തെറ്റിദ്ധരിപ്പിച്ചു നൽകിയത്. പിന്നിട്, ഇവരുടെ ആൺകുട്ടിയെ റിഹാനയ്ക്ക് വിൽക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
.
എന്നാൽ, സംശയം തോന്നിയ വിവേക് ഇരട്ടകളിൽ ഒരാൾ തങ്ങളുടെ കുട്ടിയല്ലെന്ന് ആശുപത്രി ജീവനക്കാരോടു പറഞ്ഞു. ഇരട്ടക്കുട്ടികളുടെ തൂക്കത്തിലും വളർച്ചയിലും വ്യത്യാസമുണ്ടെന്നു വിവേകിന്റെ ബന്ധുക്കളും പറഞ്ഞു. അതോടെയാണ് ഷഹീൻ ബാഗ് സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് ആശുപത്രി രേഖകൾ പരിശോധിച്ചപ്പോൾ സുഷമ പ്രസവിച്ച ഇരട്ടകൾ ആൺകുട്ടിയും പെൺകുട്ടിയുമാണെന്നു മനസ്സിലായി. തുടർന്ന് ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണു സംഘത്തെക്കുറിച്ചു വിവരം ലഭിച്ചത്.
.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലേക്കു രോഗികളെ ശസ്ത്രക്രിയകൾക്കും മറ്റുമായി കമ്മിഷൻ വ്യവസ്ഥയിൽ എത്തിക്കുന്ന ഏജന്റാണ് അലിഗഡ‍് സ്വദേശിയായ അഞ്ജലി. ഏതാനും ആഴ്ചകൾക്കു മുൻപാണ് അവർ റിഹാനയെ പരിചയപ്പെടുന്നത്. തനിക്കു രണ്ടു പെൺകുട്ടികളാണെന്നും ഒരു ആൺകുട്ടിയെ കൂടി വേണമെന്നും റിഹാന അഞ്ജലിയോടു പറഞ്ഞു. ലക്ഷങ്ങൾ പ്രതിഫലം ചോദിച്ച അഞ്ജലി ആൺകുട്ടിയെ നൽകാമെന്ന് ഇവർക്ക് ഉറപ്പ് നൽകി. സുഷമയുടെ കുട്ടികളിലൊന്ന് ആൺകുട്ടിയാണെന്ന് വിവരം ലഭിച്ചതോടെ അഞ്ജലി റിഹാനയെ വിളിച്ചുവരുത്തി പണം വാങ്ങി, കുട്ടിയെ കൈമാറുകയായിരുന്നു. ആശുപത്രി ഉടമകളിൽ ഒരാളായ തബ്സും ഖാന്റെ അറിവോടെയാണ് ഇടപാട് നടന്നതെന്നാണ് പൊലീസ് പറയുന്നത്.
‘‘അറസ്റ്റിലായ സംഘം ഇതിനു മുൻപും കുട്ടികളെ തട്ടിയെടുത്ത് മറിച്ചുവിറ്റിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. അറസ്റ്റിലായ ഏജന്റുമാർ മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ സ്വാധീനിച്ചിരുന്നവരാണ്. അവിടെ ശസ്ത്രക്രിയ നടത്തിയ ഒട്ടേറെപ്പേർ മരിച്ചിരുന്നു. തുടർന്ന് ആ ആശുപത്രി അടച്ചുപൂട്ടിയിരുന്നു’’ – സൗത്ത് ഈസ്റ്റ് ഡിസിപി രാജേഷ് ദേവ് പറഞ്ഞു.
.
അതേസമയം, തബ്സൂമിനെ പ്രതിരോധിച്ച് ഭർത്താവ് മുഹമ്മദ് ആരിഫ് രംഗത്തെത്തി. ‘‘കുട്ടികളെ കൈമാറുന്ന സമയത്ത് തബ്സൂം സ്ഥലത്തില്ലായിരുന്നു. അവർ നിരപരാധിയാണ്. ആശുപത്രി ജീവനക്കാരും ഏജന്റുമാരും ഉൾപ്പെടെയുള്ള സംഘമാണിതിന് പിന്നിൽ. കുട്ടികളെ തട്ടിയെടുത്തു വിൽപന നടത്തുന്ന സംഘവുമായി അവർക്കു ബന്ധമുണ്ടോ എന്നറിയില്ല’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
.