സൗദിയിൽ റസ്റ്റോറൻ്റിലേക്ക് കൊണ്ടുപോകുകായിരുന്ന 300 കിലോ അഴുകിയ മാംസം പിടിച്ചെടുത്തു
ജിദ്ദ: സൗദിയിലെ ജിദ്ദയിൽ റസ്റ്റോറൻ്റിലേക്ക് കൊണ്ടുപോകുകായിരുന്ന 300 കിലോ അഴുകിയ മാംസം ജിദ്ദ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. റുവൈസിൽ നിന്നും ഒരു കാറിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ഇത് പിടിച്ചെടുത്തത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാറിൽ നിന്നും അഴുകിയ മാംസം കണ്ടെത്തുകയായിരുന്നു.
.
ഹായിൽ സ്ട്രീറ്റിലെ ഒരു റസ്റ്റോറൻ്റിലേക്ക് കൊണ്ടുപോകുകയായിരുന്നു അഴുകിയ മാംസം. കാർ തടഞ്ഞു നിർത്തി പരിശോധിച്ചതിനാലാണ് ഇത് പിടികൂടാനായതെന്ന് അസീസിയ സബ് മുനിസിപ്പാലിറ്റി മേധാവി ഹെബ ഹുസൈൻ അൽ ബലാവി പറഞ്ഞു. ചെറിയ പാത്രങ്ങളിൽ വൃത്തിഹീനമായ രീതിയിൽ പാക്ക് ചെയ്തായിരുന്നു ഇത് കൊണ്ടുപോയിരുന്നതെന്നും, പിടിച്ചെടുത്ത പഴകിയ മാംസം പൂർണമായും നശിപ്പിച്ചതായും അൽ ബലാവി കൂട്ടിച്ചേർത്തു.
.
ഈ സംഭവത്തെ തുടർന്ന് മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ പരിശോധന ആരംഭിച്ചു. പ്രധാന തെരുവുകളിലും സമീപപ്രദേശങ്ങളിലും ശക്തമായ പരിശോധന നടന്ന് വരികയാണ്. പരിശോധനയിൽ അനുമതിയില്ലാതെ ഷോപ്പുകളിലും ഉന്തുവണ്ടികളിലുമായി വിൽപ്പന നടത്തിയിരുന്ന 3.3 ടൺ പച്ചക്കറികളും പഴങ്ങളും പിടിച്ചെടുത്തു.
.
അനുമതിയില്ലാതെ കച്ചവടം നടത്തുന്നതും, ആരോഗ്യകരമല്ലാത്തതും കാലഹരണപ്പെട്ടതുമായ ഭക്ഷ്യവിഭവങ്ങൾ വിൽപ്പന നടത്തുന്നതും ശക്തമായ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് അധികൃതർ ഓർമിപ്പിച്ചു. ഇത്തരം പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ 940 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും ജിദ്ദ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
.