എംബാപ്പെക്ക് ഫാസിസത്തെ തോല്‍പ്പിച്ചുകഴിഞ്ഞേയുള്ളൂ ഫുട്‌ബോള്‍; തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റുകളെ തോൽപ്പിക്കാൻ എംബാപ്പെയുടെ ആഹ്വാനം, ഏറ്റെടുത്ത് യുവാക്കൾ – വീഡിയോ
‘ഫ്രാന്‍സിനെ പ്രതിനിധാനംചെയ്യുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെയോ അല്ലെങ്കില്‍ നമ്മുടെയോ മൂല്യങ്ങളോട് പൊരുത്തപ്പെടാത്ത രാജ്യത്തെ പ്രതിനിധാനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’, 2024 യൂറോ കപ്പില്‍ ഫ്രാന്‍സിന്റെ ഉദ്ഘാടനമത്സരത്തിന് തലേന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കിലിയന്‍ എംബാപ്പെ പറഞ്ഞ വാക്കുകളാണിത്.
അന്ന് എംബാപ്പെയെ അങ്ങനെയൊരു പ്രസ്താവന നടത്തുന്നതിലേക്ക് നയിച്ച ചില രാഷ്ട്രീയ ഘടകങ്ങളുണ്ട്. യൂറോപ്യന്‍ യൂണിയന്‍ വോട്ടെടുപ്പില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയോട് (ആര്‍.എന്‍.) പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പരാജയപ്പെടുന്നു. തുടര്‍ന്ന് അദ്ദേഹം പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രഖ്യാപനം നടത്തുന്നു. തീവ്രവലതുപക്ഷ പാര്‍ട്ടി അധികാരത്തില്‍ വരുന്നത് രാജ്യത്തിന് ദോഷംചെയ്യുമെന്ന കാഴ്ചപ്പാടിലായിരുന്നു എംബാപ്പെയുടെ ഉറച്ച നിലപാട്. ഓസ്ട്രിയയുമായിട്ടായിരുന്നു ഫ്രാന്‍സിന്റെ ആദ്യ മത്സരം. ഇതേക്കുറിച്ചുള്ള പ്രതീക്ഷിത ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരമാണ് എംബാപ്പെ രാഷ്ട്രീയ നിലപാട് പറഞ്ഞത്.
‘ഫുട്‌ബോളും രാഷ്ട്രീയവും കലര്‍ത്തരുതെന്നാണ് ആളുകള്‍ പറയാറ്. എന്നാല്‍, ഞങ്ങള്‍ ഇവിടെ പറയാന്‍ പോകുന്നത് ഫുട്ബോളിനേക്കാള്‍ പ്രാധാന്യമുള്ള വിഷയമാണെന്ന വാക്കുകളോടെയായിരുന്നു എംബാപ്പെയുടെ തുടക്കം. ‘തീവ്ര കാഴ്ചപ്പാടുകള്‍ക്കും ആളുകളെ ഭിന്നിപ്പിക്കുന്ന ആശയങ്ങള്‍ക്കും കിലിയന്‍ എംബാപ്പെ എതിരാണ്. ഫ്രാന്‍സിനെ പ്രതിനിധാനം ചെയ്യുന്നതില്‍ എനിക്ക് അഭിമാനമാണുള്ളത്. എന്റെയോ, അല്ലെങ്കില്‍ നമ്മുടെയോ മൂല്യങ്ങളോട് പൊരുത്തപ്പെടാത്ത രാജ്യത്തെ പ്രതിനിധാനംചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’, എന്നായിരുന്നു ആ ധീരമായ പ്രഖ്യാപനം.
പക്ഷേ, ജൂണ്‍ 30-ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ തീവ്രവലതുപക്ഷമായ നാഷണല്‍ റാലി ആദ്യ റൗണ്ടിൽ വിജയികളായി. എംബാപ്പെ ആര്‍ക്കെതിരേ നിന്നോ അവര്‍ വിജയിച്ചു. ഇതോടെ എംബാപ്പെയെ ‘ദുരന്തം’ എന്ന തലത്തില്‍ വിശേഷിപ്പിക്കപ്പെട്ടു. പാര്‍ട്ടി തലവന്‍ മരീന്‍ ലെ പെന്നും സംഘവും എംബാപ്പെയെ ട്രോളുകള്‍ക്കൊണ്ട് അഭിഷേകംചെയ്തു. തുടര്‍ന്ന് ജൂലായ് ഏഴിന് നടക്കുന്ന അടുത്ത റൗണ്ട് തിരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷത്തിനെതിരേ വോട്ടുചെയ്യാന്‍ എംബാപ്പെ ഫ്രഞ്ച് ജനതയോട് അഭ്യര്‍ഥിച്ചു. രാജ്യം ഇവരുടെ കൈകളിലേക്ക് നല്‍കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
.
French footballer Kylian Mbappé speaking out against the politics of division and hate that is spreading across France.
No doubt he will be pilloried by those who say footballers shouldn’t get involved in politics.
We say, good on him for using his platform to speak up! ✊🏼 pic.twitter.com/iiFyRT0GKK
— Newham Independents 💛 (@NewhamIndParty) June 18, 2024
.
ഇത് മരീന്‍ ലെ പെന്നിനെയും നാഷണല്‍ റാലിയെയും ചൊടിപ്പിച്ചു. വിദേശത്ത് താമസിക്കുന്ന ശതകോടീശ്വരന്മാരുടെ വാക്കുകള്‍ നമ്മുടെ നാട്ടില്‍ വിലപ്പോവില്ല എന്നായിരുന്നു മരീന്‍ ലെ പെന്നിന്റെ പക്ഷം. ഇവരുടെ ഉപദേശങ്ങളില്‍ ജനം മടുത്തു. ഇത് വിമോചനത്തിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പാണെന്നും ഫ്രഞ്ച് ജനത ഉചിതമായ രീതിയില്‍ വോട്ടുചെയ്യുമെന്നും പെന്‍ ഗീര്‍വാണം മുഴക്കി. ആദ്യഘട്ട വോട്ടെടുപ്പില്‍ മുന്നിലെത്തിയതിന്റെ ധൈര്യത്തിലായിരുന്നു ഈ വാക്കുകള്‍.
.
പക്ഷേ, രണ്ടാം റൗണ്ടിലെത്തിയപ്പോള്‍ കഥമാറി. എംബാപ്പെയുടെ വാക്കുകള്‍ ഫ്രാന്‍സ് ജനത, പ്രത്യേകിച്ച് യുവാക്കള്‍ ഏറ്റെടുത്തു. ഇടതുപാര്‍ട്ടികളുടെ സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് (എന്‍.പി.എഫ്.) കൂടുതല്‍ സീറ്റുകള്‍ നേടി- 182 സീറ്റുകൾ. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ റിനെയ്‌സെന്‍സ് പാര്‍ട്ടി ഉള്‍പ്പെട്ട സഖ്യം 168 സീറ്റ് നേടി. ആദ്യഘട്ടത്തില്‍ മുന്നിലെത്തിയ നാഷണല്‍ പാര്‍ട്ടി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നിരുന്നാലും, ഏറ്റവും വലിയ ഒറ്റക്കക്ഷി ആര്‍.എന്‍. തന്നെ. ഇതോടെ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുകയാണ് ഫ്രാന്‍സില്‍.
.
എന്നാൽ, ഒന്നാംസ്ഥാനത്തേക്ക് മുന്നേറിയ ആര്‍.എന്നിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളുന്നതില്‍ എംബാപ്പെ വഹിച്ച പങ്ക് ചെറുതല്ല. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഫ്രാന്‍സിന്റെ ആപ്തവാക്യം ഇപ്പോള്‍ സ്വാതന്ത്ര്യം, സമത്വം, എംബാപ്പെ എന്ന മുദ്രാവാക്യമായിട്ടാണ് ഫ്രഞ്ച് ജനത ഏറ്റുചൊല്ലുന്നത്.
വൈവിധ്യത്തെ ആഘോഷിക്കാനും സഹാനുഭൂതി വളര്‍ത്താനുമുള്ള ഉപാധികൂടിയാണല്ലോ ഫുട്‌ബോള്‍ എന്ന കായികവിനോദം. യൂറോ കപ്പ് പോലുള്ള ഒരു ഫുട്‌ബോള്‍ വിനോദത്തിന് മുന്‍പ് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍, രാജ്യത്തെ തീവ്ര വലതുപക്ഷത്തിനെതിരേ സംസാരിക്കാന്‍ ചെറിയ ചങ്കുറപ്പ് പോരാ. അതും ഫുട്‌ബോളിനെക്കാള്‍ പ്രധാനമായ കാര്യമാണ് പറയാന്‍ പോകുന്നതെന്ന മുഖവുരയോടെ. ആകയാല്‍ ഫാസിസത്തെ തോല്‍പ്പിച്ചു കഴിഞ്ഞിട്ടേയുള്ളൂ എംബാപ്പെയ്ക്ക് ഫുട്‌ബോള്‍. എംബാപ്പെയില്‍നിന്ന് ലോകമൊട്ടുക്കുള്ള കായിക താരങ്ങളും പഠിക്കേണ്ട പാഠമാണത്.
.