ഓടുന്ന ബസ്സിന് മുമ്പില്‍ വടിവാള്‍ വീശിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ പിടിയില്‍ – വീഡിയോ
മലപ്പുറം: കൊണ്ടോട്ടിയില്‍ സൈഡ് തരാതിരുന്നതിനെ തുടര്‍ന്ന് ഹോണ്‍ മുഴക്കിയ സ്വകാര്യ ബസ്സിന് നേരെ വടിവാള്‍ വീശിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ പോലീസിന്റെ പിടിയിലായി. വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.
വാൾ മൂര്‍ച്ച കൂട്ടാന്‍ വേണ്ടി കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഷംസുദ്ദീന്‍ പോലീസിന് നല്‍കിയ മൊഴി. ഇതിനിടെ ബസ് പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ പിന്നാലെ വന്നു. അതിന്റെ ദേഷ്യത്തിലാണ് താന്‍ വടിവാള്‍ വീശിയതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. ഷംസുദ്ദീനെ വൈകാതെ കോടതിയില്‍ ഹാജരാക്കും.
.
കൊണ്ടോട്ടി പുളിക്കലില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് ഓട്ടോ ഡ്രൈവര്‍ വടിവാള്‍ വീശിയത്. സംഭവത്തില്‍ ബസ് ജീവനക്കാര്‍ കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ബസ്സിന് മുമ്പില്‍ പോകുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പട്ടാപ്പകല്‍ വടിവാള്‍ വീശുന്നതിന്റെ ദൃശ്യം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
സ്റ്റോപ്പില്‍ ആളെ ഇറക്കുന്നതിന് ബസ് നിര്‍ത്തിയപ്പോഴാണ് ഓട്ടോ മുന്നില്‍ കയറിയത്. തുടര്‍ന്ന് വശം തരാതെ തടസമുണ്ടാക്കി ഓട്ടോ മാര്‍ഗം മുടക്കിയതോടെ ബസ് ഡ്രൈവര്‍ ഹോണ്‍ മുഴക്കി. ഇതോടെയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ വടിവാള്‍ വീശിയത്. ദേശീയപാതയിൽ കൊട്ടപ്പുറം തലേക്കര മുതൽ എയർപോർട്ട് ജംക്‌ഷൻ (കൊളത്തൂർ) വരെ ഈ രീതി തുടർന്നു. അവിടെ നിന്നും ഓട്ടോ എയർപോർട്ട് ഭാഗത്തേക്ക് തിരിഞ്ഞ് പോകുകയായിരുന്നു.
.
കൊണ്ടോട്ടിയിൽ ‘വഴിമുടക്കി’ യാത്ര; ഹോണടിച്ചപ്പോൾ ബസ് ഡ്രൈവറെ വടിവാൾ കാണിച്ച് വിരട്ടി ഓട്ടോക്കാരൻ pic.twitter.com/2bcCusv5xG
— Malayalam News Desk (@MalayalamDesk) July 6, 2024



