2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മാറ്റിയത് മുസ്‌ലിംകള്‍; അവര്‍ തന്ത്രപൂര്‍വം വോട്ട് ചെയ്തു-അര്‍ശദ് മദനി
ലഖ്‌നൗ: മുസ്‌ലിംകള്‍ തന്ത്രപൂര്‍വം വോട്ട് ചെയ്തതാണ് 2024ലെ ലോക്‌സഭാ ഫലത്തില്‍ കാണുന്നതെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ അര്‍ശദ് മദനി. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി ഇന്‍ഡ്യ മുന്നണിക്കു വേണ്ടി വോട്ട് ചെയ്തു. ഭരണഘടനാ, മതേതര സംരക്ഷണത്തിനൊപ്പം ആ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും ഇനി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി ‘എ.ബി.പി ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.
വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയത്തെയാണു തെരഞ്ഞെടുപ്പ് ഫലം തള്ളിക്കളഞ്ഞതെന്നും മദനി പറഞ്ഞു. മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ ബുദ്ധിപൂര്‍വം വോട്ട് ചെയ്തതുകൊണ്ടാണ് ഇങ്ങനെയൊരു ഫലമുണ്ടായത്. അവര്‍ ഇങ്ങനെ ബുദ്ധിപൂര്‍വം വോട്ട് ചെയ്തിരുന്നില്ലെങ്കില്‍ ഫലം നേരെ തിരിച്ചാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
.
”ന്യൂനപക്ഷങ്ങളും ദലിതുകളും മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പിന്നാക്ക സമൂഹങ്ങളും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനായി ഇന്‍ഡ്യാ സഖ്യത്തിനാണു വോട്ട് ചെയ്തത്. അതുകൊണ്ട്, ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനൊപ്പം മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാനുള്ള ധാര്‍മികമായ ഉത്തരവാദിത്തം ഈ പാര്‍ട്ടികള്‍ക്കുണ്ട്. പ്രത്യേകിച്ച് കോണ്‍ഗ്രസിന്. അങ്ങനെയാണെങ്കില്‍ ഈ പീഡിത വിഭാഗങ്ങള്‍ അര്‍പ്പിച്ച വിശ്വാസം ഇളക്കമില്ലാതെ തുടരുകയും ചെയ്യും.”
.
തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും തങ്ങളുടെ മതേതര പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചുനിന്നെന്നും മദനി അഭിപ്രായപ്പെട്ടു. അതുകൊണ്ടാണു മതേതര വോട്ടര്‍മാര്‍ അവരെ മനസ്സുനിറഞ്ഞു പിന്തുണയ്ക്കുകയും വിശ്വസിക്കുകയും ചെയ്തത്. 2014 മുതല്‍ മുസ്‌ലിം വോട്ടുകള്‍ അവഗണിക്കാനും വിലകുറച്ചു കാണാനുമുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ ചില വര്‍ഗീയ വിഭാഗങ്ങളുടെ നേതൃത്വത്തിലുണ്ടായിരുന്നു. അതുകൊണ്ടാണ് മുസ്‌ലിംകളെ ഒരു രാഷ്ട്രീയ രംഗത്തും കാണാത്തത്. ഇത്തവണ ഇന്ത്യയുടെ പഴയ ചരിത്രം പുനരുജ്ജീവിപ്പിക്കാനായി, ജനാധിപത്യത്തെയും മതേതരത്വത്തെയും ഭരണഘടനയെയും ജീവനോടെ നിലനിര്‍ത്താനായി മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി നിന്നു. അതുകൊണ്ടാണ് വര്‍ഗീയ മാധ്യമങ്ങളും നിരീക്ഷകരുമെല്ലാം മുസ്‌ലിംകളാണ് എന്‍.ഡി.എയെ തോല്‍പിച്ചതെന്ന് ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
.
നിയമനിര്‍മാണ സഭകളിലെ മുസ്‌ലിം പ്രാതിനിധ്യക്കുറവിലും മദനി ആശങ്ക രേഖപ്പെടുത്തി. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടവ സംവരണ മണ്ഡലങ്ങളായതുള്‍പ്പെടെയുള്ള കാരണങ്ങള്‍ അതിനു പിന്നിലുണ്ട്. മണ്ഡല വിഭജനം നടക്കുമ്പോഴെല്ലാം മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ എസ്.സി, എസ്.ടി സംവരണ മണ്ഡലങ്ങളാക്കുന്ന ഒരു ഗൂഢാലോചന പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം 2006ല്‍ രംഗനാഥ മിശ്രമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യത്തില്‍ പുനരാലോചന വേണമെന്നും എന്നാലേ പാര്‍ലമെന്റിലും നിയമസഭകളിലും മുസ്‌ലിം പ്രാതിനിധ്യം വര്‍ധിപ്പിക്കാനാകൂവെന്നും ഉള്‍പ്പെടെയുള്ള കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അവഗണിക്കുകയാണു ചെയ്തതെന്നും അര്‍ശദ് മദനി കൂട്ടിച്ചേര്‍ത്തു.
.