‘മൃതദേഹം തിരഞ്ഞ സെപ്റ്റിക് ടാങ്കിൽ മുഴുവൻ രാസവസ്തുക്കൾ, കല്ല് വരെ പൊടിഞ്ഞുപോയി; കണ്ടെടുത്തവയിൽ ലോക്കറ്റും ക്ലിപ്പും’, അമ്മ മരിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കലയുടെ മകൻ

മാന്നാര്‍(ആലപ്പുഴ): മാന്നാറില്‍ 15 വര്‍ഷം മുന്‍പ് യുവതിയെ കൊലപ്പെടുത്തി മറവുചെയ്‌തെന്ന് കരുതുന്ന സെപ്റ്റിക് ടാങ്കില്‍ നിരന്തരം തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി വെളിപ്പെടുത്തല്‍. കേസില്‍ സെപ്റ്റിക് ടാങ്ക് തുറന്നുള്ള പരിശോധനയ്ക്ക് പോലീസിനെ സഹായിക്കാനെത്തിയ തിരുവല്ല സ്വദേശി എസ്.സോമനാണ് ഇക്കാര്യം പറഞ്ഞത്. സെപ്റ്റിക് ടാങ്കില്‍ നിറയെ രാസപദാര്‍ഥം ഉണ്ടായിരുന്നതായും കല്ല് വരെ തൊട്ടാല്‍ പൊടിഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

.

ശ്രീകലയുടെ കൊലപാതകത്തിൽ ഒരാൾ കൂടി പ്രതിയായേക്കുമെന്നാണ് വിവരം. ഇതാരാണെന്ന് വെളിപ്പെടുത്താൻ പൊലീസ് തയാറായിട്ടില്ല. മൃതദേഹം മറവു ചെയ്ത സ്ഥലം കണ്ടെത്താൻ കൂടുതൽ സ്ഥലങ്ങളിൽ കുഴിയെടുത്തേക്കുമെന്നും വിവരമുണ്ട്.

.

കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അനിൽ ഇസ്രയേലിൽ തന്നെയുണ്ടോയെന്ന് സ്ഥിരീകരിക്കാൻ പൊലീസ് ശ്രമം നടത്തുന്നുണ്ട്. കൊലപാതകത്തിനു മുൻപ് കലയെ ഭർത്താവ് അനിൽ കാറിൽ കയറ്റിയത് എറണാകുളത്ത് നിന്നാണെന്നാണ് നിഗമനം. കാറിലുണ്ടായിരുന്നത് അനിൽ മാത്രമാണ്. മദ്യം നൽകി കലയെ ബോധരഹിതയാക്കിയ ശേഷമായിരുന്നു കൊലപാതകം. കാർ ഓടിച്ച പ്രമോദ് ഉൾപ്പെടെയുള്ളവർ കാറിൽ കയറിയത് കല ബോധരഹിതയായ ശേഷമാണ്.

.

സ്ത്രീകളുടെ ഉള്‍വസ്ത്രത്തിന്റെ ഇലാസ്റ്റിക്, ലോക്കറ്റ്, ഹെയര്‍ ക്ലിപ്പ് തുടങ്ങിയവ ടാങ്കില്‍നിന്ന് കിട്ടിയിരുന്നു. അതില്‍ നിറയെ കെമിക്കല്‍ ഇറക്കിയിട്ടുണ്ട്. തൊടുന്ന കല്ല് വരെ പൊടിഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നു. കെമിക്കല്‍ ഇറക്കിയാല്‍ അസ്ഥിവരെ പൊടിഞ്ഞുപോയേക്കാം. അരിച്ചുപെറുക്കിയാണ് പലതും കണ്ടെടുത്തത്. അവരുടെ പഴയവീടിന്റെ അവശിഷ്ടങ്ങളെല്ലാം ടാങ്കിന്റെ മുകളിലാണ് കൂട്ടിയിട്ടിരുന്നത്. ടാങ്കിന്റെ മൂടി മാറ്റിയപ്പോള്‍ തന്നെ കെമിക്കലുണ്ടെന്ന് മനസിലായി. വെള്ളത്തിന് നിറവ്യത്യാസമുണ്ടായിരുന്നു. ടാങ്കില്‍നിന്ന് കണ്ടെടുത്തവയില്‍ മൃതശരീരഭാഗങ്ങളുണ്ടെന്ന് 70 ശതമാനം ഉറപ്പിക്കാം. അതെല്ലാം ഫൊറന്‍സിക്കിന് കൈമാറി. തന്നെക്കൊണ്ട് കഴിയാവുന്നരീതിയില്‍ എല്ലാംചെയ്തിട്ടുണ്ടെന്നും സോമന്‍ പറഞ്ഞു.

.

.

മാന്നാറില്‍ സെപ്റ്റിക് ടാങ്ക് തുറന്നുള്ള പരിശോധനയ്ക്കിടെ സോമന് കാലിന് പരിക്കേറ്റിരുന്നു. ടാങ്കിന്റെ സ്ലാബുകള്‍ നീക്കുന്നതിനിടെയാണ് കാലില്‍ പരിക്കേറ്റത്. തുടര്‍ന്ന് മുറിവില്‍ ഡെറ്റോള്‍ ഒഴിച്ച് പ്ലാസ്റ്റിക് കവര്‍കൊണ്ട് കാല് മൂടിയശേഷം സോമന്‍ ജോലി തുടരുകയായിരുന്നു.

വലിയ വിവാദമായ ഒട്ടേറെ കേസുകളില്‍ പോലീസിന്റെ സഹായിയാണ് സോമന്‍. കുഴിച്ചിട്ട മൃതദേഹങ്ങള്‍ എടുക്കുന്നതിനുംമറ്റും എപ്പോഴും പോലീസിനെ സഹായിച്ചിട്ടുണ്ട്. ഇലന്തൂര്‍ നരബലിയുള്‍പ്പെടെയുള്ള കേസുകളില്‍ ശരീരാവശിഷ്ടങ്ങളെടുക്കാന്‍ സഹായിച്ചത് സോമനാണ്.

.

അതേ സമയം അമ്മ ജീവനോടെയുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്നും താന്‍ അമ്മയെ കൊണ്ടുവരുമെന്നും കൊല്ലപ്പെട്ട കലയുടെ മകന്‍ പറഞ്ഞു.

”അമ്മ ജീവനോടെയുണ്ട്, എനിക്കുറപ്പുണ്ട്. എനിക്ക് എന്തിനാ ടെന്‍ഷന്‍. അമ്മ ജീവനോടെയുണ്ട്. അത് എനിക്കും അറിയാം. അതാണ് ഞാന്‍ ഒന്നും പറയാതിരുന്നത്. പോലീസ് ഇത്രയും തപ്പി ഇവിടെ. എന്തെങ്കിലും കിട്ടിയോ. പോലീസ് ഇവിടെ നേരത്തെ വന്ന് ചോദിച്ചിരുന്നു. എസ്.പി. പറഞ്ഞതൊക്കെ വാചകമാണ്. കലയുടെ മോനാണ് ഞാന്‍. ഇന്നലെ സ്‌കൂളില്‍ പോകേണ്ടയാളായിരുന്നു. ഇപ്പോ പോകാന്‍പറ്റോ, എല്ലാവരും എന്നെ കളിയാക്കി കൊണ്ടിരിക്കാണ്. പിള്ളേരെല്ലാം എന്നെ വിളിച്ചു. എന്താ സംഭവമെന്ന് ചോദിക്കുകയാണ്. ഞങ്ങളുടെ മാനം പോയി. അമ്മ ജീവനോടെയുണ്ട്. ആ അമ്മയുടെ മോനാണ് ഞാന്‍. ഞാന്‍ അമ്മയെ കൊണ്ടുവരും. അമ്മ ഇതുവരെ വിളിച്ചിട്ടില്ല. എനിക്ക് ഒരു പേടിയുമില്ല. ഞാന്‍ കൂളായിട്ടാണ് സംസാരിക്കുന്നത്. നീ പേടിക്കുകയൊന്നും വേണ്ടെന്ന് അച്ഛനും പറഞ്ഞു” മകന്‍ പ്രതികരിച്ചു.

കല മരിച്ചിട്ടില്ലെന്ന മകൻ്റെ പ്രതികരണം വൈകാരികമാണെന്നാണ് പോലീസിൻ്റെ നിലപാട്.

.

.

അതേസമയം, കലയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അനിലിനെ ഒന്നാംപ്രതിയാക്കി പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. പരപുരുഷബന്ധം ആരോപിച്ച് പ്രതികള്‍ കലയെ കൊലപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. 2009-ലെ ഒരുദിവസം പെരുമ്പുഴ പാലത്തില്‍വെച്ചായിരുന്നു സംഭവം. തുടര്‍ന്ന് മാരുതി കാറില്‍ കൊണ്ടുപോയി മൃതദേഹം മറവുചെയ്‌തെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍, എങ്ങനെയാണ് കൊലപാതകം നടത്തിയതെന്നോ എവിടെയാണ് മൃതദേഹം മറവുചെയ്തതെന്നോ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇതിനൊപ്പം കലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മറ്റൊരു എഫ്.ഐ.ആറും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

.

പതിനഞ്ച് വര്‍ഷം മുൻപുള്ള തിരോധാന കേസിലാണ് ഇപ്പോൾ സത്യം മറനീക്കി പുറത്തുവരുന്നത്. ശ്രീകലയുടെയും അനിലിന്‍റെയും പ്രണയ വിവാഹമായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു അനിലിന് ജോലി. ശ്രീകല അനിലിനെ പ്രണയിച്ച് വിവാഹം കഴിച്ചത് വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പിന്നീട് 2008-2009 കാലത്താണ് ശ്രീകലയെ കാണാതായത്. അന്ന് ശ്രീകലയുടെ കുടുംബം പരാതിയൊന്നും നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല.

വർഷങ്ങൾക്കിപ്പുറം ഒരു ഊമക്കത്തിലൂടെ പൊലീസിന് ചില വിവരങ്ങൾ കിട്ടിയതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. അനിലിന്‍റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പൊലീസ് മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തിൽ മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചു. മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന തരത്തിലുള്ള ചില വസ്തുക്കൾ സെപ്റ്റിക് ടാങ്കിൽ നിന്നും കിട്ടി. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ കേസിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു

.

Share
error: Content is protected !!