മൂന്നാം മോദി സർക്കാരിലും ആൾക്കൂട്ട കൊല തുടരുന്നു; ഝാർഖണ്ഡിൽ വാഹനപകടത്തിൽ ഹിന്ദു സ്ത്രീക്ക് പരിക്കേറ്റതിന് ഇമാമിനെ തല്ലിക്കൊന്നു – വീഡിയോ

റാഞ്ചി: രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം. ഝാർഖണ്ഡിലെ കൊഡർമ ജില്ലയിൽനിന്നുള്ള മൗലാന ഷഹാബുദ്ദീനാണ് അവസാനത്തെ ഇര. ഹിന്ദു സ്ത്രീയെ പരിക്കേൽപ്പിച്ചെന്നാരോപിച്ചാണ് ഇയാ​ളെ ഒരുകൂട്ടം ആളുകൾ ചേർന്ന് കൊലപ്പെടുത്തിയത്.

.

ജൂൺ 30ന് ഷഹാബുദ്ദീൻ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ഗൗത്താരികാര്യ എന്ന സ്ഥലത്തുവെച്ചാണ് സംഭവം. ഈ സമയം അനിതാ ദേവി എന്ന സ്ത്രീയും അവരുടെ ഭർത്താവ് മഹേന്ദ്ര യാദവ്, ഭർതൃസഹോദരൻ രാംദേവ് യാദവ് എന്നിവർ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്നു. ഇവരുടെ ഓട്ടോയിൽ ഷഹാബുദ്ദീന്റെ ബൈക്കിടിക്കുകയും അനിതാ ദേവിക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു. ഇതോടെ മഹേന്ദ്രയും രാംദേവും ചേർന്ന് ഷഹാബുദ്ദീനെ കുറ്റപ്പെടുത്താൻ തുടങ്ങി.

.

ഉടൻ തന്നെ ആൾക്കൂട്ടം തടിച്ചുകൂടുകയും ബാറ്റും വടിയും ഉപയോഗിച്ച് ഷഹാബുദ്ദീന്റെ മുഖത്തും ശരീരത്തിലെ മറ്റു ഭാഗങ്ങളിലും ആക്രമിക്കാനും തുടങ്ങി. ആക്രമണം നിർത്താൻ അനിതാ ദേവി ആവശ്യപ്പെട്ടെങ്കിലും ആരും ചെവികൊണ്ടില്ല.

വിവരം ലഭിച്ചതനുസരിച്ച് ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തുകയും ആൾക്കൂട്ടത്തിൽനിന്ന് ഷഹാബുദ്ദീ​നെ രക്ഷിക്കുകയും ചെയ്തു. ഈ സമയം ഇയാളുടെ മുഖത്തുനിന്നും തലയിൽനിന്നും രക്തമൊഴുകുന്നുണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ഷഹാബുദ്ദീൻ മരണത്തിന് കീഴടങ്ങി.

.

അതേസമയം, സംഭവത്തിന് വർഗീയ മാനങ്ങളില്ലെന്നും അപകടം കാരണമാണ് ഷഹബുദ്ദീൻ മരിച്ചതെന്നും പൊലീസ് പറയുന്നു. അദ്ദേഹത്തിന് വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. പൊലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കുകൾ കാരണം വഴിമധ്യേ മരണത്തിന് കീഴടങ്ങി. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും പൊലീസ് വ്യക്തമാക്കി.

.

.

എന്നാൽ, സംഭവത്തിൽ അധികൃതർ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ബർകദ ജില്ലയിലെ ഹസാരിബാഗിലാണ് ഇദ്ദേഹം പഠിപ്പിക്കുന്നത്. ഇവിടെനിന്ന് ബുനിചൗഡിയയിലെ വീട്ടി​ലേക്ക് മടങ്ങിവരുമ്പോഴാണ് സംഭവം. ആക്രമത്തെ തുടർന്ന് മൂക്കിൽനിന്ന് രക്തം വരുന്നുണ്ടായിരുന്നുവെന്ന് മകൻ മുഹമ്മദ് പർവേസ് ആലം പറഞ്ഞു. അദ്ദേഹത്തിന് പുറമേക്ക് യാതൊരു പരിക്കുമില്ലായിരുന്നു. ആന്തരിക രക്തസ്രാവമാണ് ഉണ്ടായതെന്നും ആലം കൂട്ടിച്ചേർത്തു.

അദ്ദേഹം മുസ്ലിമായതിനാലാണ് കൊല​ ചെയ്യപ്പെട്ടതെന്ന് പ്രദേശത്തെ ആൾ ഇന്ത്യ മജ്‍ലിസ് ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) നേതാവ് സൂരജ് ദാസ് പറഞ്ഞു. അദ്ദേഹം അപകടത്തിലല്ല മരണപ്പെട്ടത്. അങ്ങനെയായിരുന്നുവെങ്കിൽ അദ്ദേഹത്തെ രക്ഷിക്കാമായിരുന്നു. ജനക്കൂട്ടം അയാളെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.

അപകടത്തിൽ പരിക്കേറ്റ സ്ത്രീ അദ്ദേഹത്തെ മർദിക്കരുതെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. പക്ഷെ, അവർ മർദിക്കുന്നത് തുടർന്നു. സ്ത്രീക്ക് ഗുരുതര പരിക്കൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, അദ്ദേഹം മുസ്‍ലിമായതിനാൽ ജനക്കൂട്ടം അയാളെ മർദിച്ചു. അയാൾ താടി വളർത്തിയതും തൊപ്പി ധരിച്ചതും അവർ കണ്ടിരിക്കാമെന്നും സൂരജ് ദാസ് പറഞ്ഞു.

മൂന്നാം മോദി സർക്കാർ അധികാരമേറ്റ് മൂന്നാഴ്ച പിന്നിടുമ്പോൾ രാജ്യത്ത് നിരവധി മുസ്‍ലിംകളാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂടാതെ ബുൾഡോസർ രാജും വർധിച്ചു. പലകാരണങ്ങൾ പറഞ്ഞ് പള്ളികളും വീടുകളുമെല്ലാം അധികൃതർ തകർക്കുകയാണ്.

.

Share
error: Content is protected !!