അബ്ദു റഹീമിൻ്റെ വധശിക്ഷ കോടതി റദ്ദാക്കി, നിർണ്ണായക നടപടിക്രമങ്ങൾ അവസാനിച്ചു

സൗദിയിലെ റിയാദ് ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുറഹീമിൻ്റെ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി റദ്ദാക്കി. ദിയാധനം സ്വീകരിച്ച് റഹീമിന് മാപ്പ് നൽകാൻ തയ്യാറാണെന്ന് കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് വധ ശിക്ഷ റദ്ധ് ചെയ്തത്.

.

ഇതോടെ റഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ട നിർണ്ണായകമായ നടപടിക്രമങ്ങൾ അവസാനിച്ചു. 15 മില്യൺ റിയാൽ (ഏകദേശം 35 കോടി രൂപ) യായിരുന്നു കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം ദിയാധനമായി ആവശ്യപ്പെട്ടിരുന്നത്. ഈ തുകക്കുള്ള ചെക്ക് ഇന്ത്യൻ എംബസി വഴി നേരത്തെ തന്നെ കോടതിയിൽ എത്തിച്ചിരുന്നു. ജൂണ് മൂന്നിനാണ് റിയാദ് ക്രമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലുള്ള ചെക്ക് ഇന്ത്യൻ എംബസി റിയാദ് ഗവർണറേറ്റ് വഴി റിയാദ് ക്രിമിനൽ കോടതിക്ക് കൈമാറിയത്. വാദി ഭാഗം അഭിഭാഷകൻ്റെ സാന്നിധ്യത്തിലായിരുന്നു ഇത്.

.

അനുരഞ്ജന കരാറില്‍ വാദി, പ്രതിഭാഗം പ്രതിനിധികള്‍ ഒപ്പുവെച്ച ശേഷമായിരുന്നു ചെക്ക് കൈമാറിയിരുന്നത്. കൂടാതെ മോചനദ്രവ്യം സ്വീകരിച്ച് റഹീമിന് മാപ്പു നൽകാൻ തയ്യാറാണെന്നുള്ള കുടുംബത്തിന്റെ സമ്മതപത്രവും കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ സമ്മതപത്രം ഉടൻ റിയാദ് ഗവർണറേറ്റിന് കോടതി കൈമാറും. ഇതോടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് റഹീമിനെ റിയാദ് വിമാനത്താവളം വഴി നാട്ടിലേക്ക് അയക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് നിയമനടപടികൾക്ക് നേതൃത്വം നൽകുന്ന റിയാദിലെ സഹായസമിതി അറിയിച്ചു. നടപടിക്രമങ്ങളുടെ ഭാഗമായി അബ്ദുൽ റഹീമിനെയും ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.

.

പ്രത്യേക കാമ്പയിനിലൂടെ സമാഹരിച്ച 35 കോടിയോളം വരുന്ന തുക (15 മില്യൺ റിയാൽ) ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വഴിയാണ് സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ അക്കൌണ്ടിലേക്കയച്ചത്.

.

 

Share
error: Content is protected !!