15 വർഷം ഒളിപ്പിച്ച രഹസ്യം; കള്ളുഷാപ്പിൽ ഭക്ഷണം കഴിച്ചു, കാറിലിട്ട് കൊന്ന് മൃതദേഹം ടാങ്കിൽ തള്ളിയെന്ന് സംശയം
ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. മാന്നാറില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ കല എന്ന യുവതിയെയാണ് കൊന്ന് കുഴിച്ചിട്ടതായി സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കലയുടെ ഭര്‍ത്താവ് അനിലിന്റെ വീട്ടുവളപ്പില്‍ പോലീസ് പരിശോധന ആരംഭിച്ചു. വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് തുറന്നാണ് പരിശോധന നടത്തുന്നത്.
.
സംഭവത്തില്‍ കലയുടെ ഭര്‍ത്താവിന്റെ ബന്ധു അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടെന്ന് കരുതുന്ന കലയുടെ ഭര്‍ത്താവ് അനിലിന്റെ സഹോദരീഭര്‍ത്താവടക്കം അഞ്ചുപേരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. സോമൻ, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരില്‍ ചിലരെ അനിലിന്റെ വീട്ടിലെത്തിച്ചാണ് കലയുടെ മൃതദേഹം കണ്ടെത്താനുള്ള പരിശോധന നടക്കുന്നത്.
.
15 വര്‍ഷം മുന്‍പ് കലയെ കാണാനില്ലെന്ന് ഭര്‍ത്താവ് അനില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, കേസില്‍ കാര്യമായ അന്വേഷണമുണ്ടായില്ല. ഇതിനിടെ അനില്‍ വീണ്ടും വിവാഹിതനായി. പക്ഷേ, കലയുടെ തിരോധാനത്തില്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. പഴയ വീട് പുതുക്കി പണിതിട്ടും സമീപത്തുണ്ടായ ശുചിമുറി അനിൽ പൊളിച്ചുമാറ്റിയിരുന്നില്ല. വിവരം തിരക്കിയവരോട് വാസ്‌തുപ്രശ്‌നം കാരണമെന്നായിരുന്നു മറുപടി.
.
അടുത്തിടെ അമ്പലപ്പുഴ പോലീസിന് ലഭിച്ച ഒരു കത്താണ് കല തിരോധാനക്കേസില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തു. ഇതിനുപിന്നാലെയാണ് മാന്നാറിലെ വീട്ടുവളപ്പില്‍ സെപ്റ്റിക് ടാങ്ക് തുറന്ന് പോലീസ് പരിശോധന ആരംഭിച്ചത്.
.
കലയുമായുള്ള ബന്ധത്തെ അനിലിന്റെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായാണ് വിവരം. തുടര്‍ന്നാണ് അനിലും കൂട്ടാളികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയതെന്നും കരുതുന്നു. കലയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയ പ്രതികള്‍ കാറിലിട്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നും പിന്നീട് മൃതദേഹം വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടെന്നുമാണ് സൂചന. സംഭവദിവസം ഉല്ലാസയാത്ര പോകാമെന്ന് പറഞ്ഞാണ് കലയെ അനില്‍ കാറില്‍ കൊണ്ടുപോയത്. കൂട്ടുപ്രതികളും ഒപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ കുട്ടനാടിലെ കള്ളുഷാപ്പുകളില്‍ കയറി ഭക്ഷണവും കഴിച്ച് തിരികെ മടങ്ങുന്നതിനിടെയാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് കരുതുന്നത്. തുടര്‍ന്ന് മൃതദേഹം രഹസ്യമായി മറവുചെയ്യുകയായിരുന്നുവത്രേ.
.
അതേസമയം, സംഭവത്തെക്കുറിച്ച് പോലീസ് ഇതുവരെ ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. യുവതി കൊല്ലപ്പെട്ടോ എന്നതടക്കം ഒരുവിവരവും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
.