കഴിച്ചത് ലഘുഭക്ഷണം, കഫെയിൽനിന്ന് കിട്ടിയത് 1.21 ലക്ഷം രൂപയുടെ ബിൽ! ഇത് യുവതികളും കഫേ ഉടമകളും ചേർന്ന് നടത്തുന്ന പുതിയ ‘ഡേറ്റിങ്’ തട്ടിപ്പ്
ന്യൂഡല്‍ഹി: ഡേറ്റിങ് ആപ്പുകളും മെട്രോ നഗരങ്ങളിലെ കോഫിഷോപ്പുകളും കേന്ദ്രീകരിച്ച് നടക്കുന്ന പുതിയ സാമ്പത്തികത്തട്ടിപ്പിനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്നവിവരങ്ങള്‍. ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവില്‍നിന്നും ഒരുലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. കോഫിഷോപ്പ് ഉടമകളും ജീവനക്കാരും യുവതികളും ഉള്‍പ്പെടെയുള്ളവരാണ് തട്ടിപ്പിന് പിന്നിലെന്നും ഇരകളെ കോഫിഷോപ്പിലേക്ക് വിളിച്ചുവരുത്തി വന്‍തുകയുടെ ബില്‍ നല്‍കി പണം കൈക്കലാക്കുന്നതാണ് തട്ടിപ്പിന്റെ രീതിയെന്നും പോലീസ് പറയുന്നു. ഇത്തരത്തില്‍ തട്ടിയെടുക്കുന്ന തുക കോഫി ഷോപ്പ് ഉടമകളും ജീവനക്കാരും തട്ടിപ്പില്‍ പങ്കാളികളാകുന്ന യുവതികളും പങ്കിട്ടെടുക്കാറാണ് പതിവ്.
.
കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹി വികാസ് മാര്‍ഗിലെ ‘ബ്ലാക്ക് മിറര്‍ കഫെ’യിലെത്തിയ യുവാവിനാണ് ഇത്തരം തട്ടിപ്പില്‍ പണം നഷ്ടമായത്. ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവതിയുടെ ജന്മദിനം ആഘോഷിക്കാനായി കഫെയിലെത്തിയ യുവാവില്‍നിന്ന് 1.21 ലക്ഷം രൂപ ബില്‍തുകയായി ബലംപ്രയോഗിച്ച് വാങ്ങുകയായിരുന്നു. തുടര്‍ന്ന് യുവാവ് പോലീസിനെ സമീപിച്ചതോടെയാണ് വന്‍ തട്ടിപ്പ് പുറത്തറിയുന്നത്.
.
ടിന്‍ഡറിലെ വര്‍ഷ, കഫെയിലേക്ക് ക്ഷണം…
ഡേറ്റിങ് ആപ്പായ ‘ടിന്‍ഡറി’ലാണ് പരാതിക്കാരന്‍ വര്‍ഷ എന്ന യുവതിയെ പരിചയപ്പെടുന്നത്. ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം വളര്‍ന്നതോടെ നേരില്‍ക്കാണാനും തന്റെ ജന്മദിനം ആഘോഷിക്കാനും വര്‍ഷ യുവാവിനെ ക്ഷണിച്ചു. വികാസ് മാര്‍ഗിലെ ബ്ലാക്ക് മിറര്‍ കഫെയിലായിരുന്നു ജന്മദിനാഘോഷം.
കഫെയിലെത്തിയ വര്‍ഷയും യുവാവും ഏതാനും പലഹാരങ്ങളും രണ്ട് കേക്കുകളും ശീതളപാനീയവുമാണ് കഴിച്ചത്. ഇതിനിടെ യുവതി വീട്ടില്‍ അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് കഫെയില്‍നിന്ന് പോയി. തുടര്‍ന്ന് ഭക്ഷണമെല്ലാം കഴിച്ച യുവാവ് ബില്‍ ആവശ്യപ്പെട്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്. പലഹാരങ്ങള്‍ക്കെല്ലാം കൂടി കഫെ ജീവനക്കാരന്‍ നല്‍കിയ ആകെ ബില്‍തുക 1.21 ലക്ഷം രൂപയായിരുന്നു. ഇത് യുവാവ് ചോദ്യംചെയ്‌തെങ്കിലും ജീവനക്കാര്‍ ഭീഷണിപ്പെടുത്തി.
.
തുടര്‍ന്ന് നിര്‍ബന്ധിച്ച് യുവാവിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഓണ്‍ലൈന്‍ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്തു. കഫെ ഉടമകളിലൊരാളായ അക്ഷയ് പഹ്‌വയുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. പണം അക്കൗണ്ടിലെത്തിയെന്ന് ഉറപ്പായശേഷമാണ് കഫെ ഉടമയും ജീവനക്കാരും യുവാവിനെ വിട്ടയച്ചത്.
.
പരാതി, അന്വേഷണം, അറസ്റ്റ്…
അന്യായമായി പണം കൈക്കലാക്കിയ കഫെയ്‌ക്കെതിരേ യുവാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കഫെ ഉടമയായ അക്ഷയ് പഹ് വയെ പിടികൂടി. ഇയാളെ ചോദ്യംചെയ്തതോടെയാണ് വന്‍ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ഇതിനുപിന്നാലെ യുവാവിനെ ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട് വലയിലാക്കിയ യുവതിയെയും പോലീസ് പിടികൂടി. 25-കാരിയായ അഫ്‌സാന്‍ പര്‍വീണ്‍ ആണ് വര്‍ഷ എന്ന വ്യാജപേരില്‍ യുവാവിനെ കാണാനെത്തിയതെന്നാണ് പോലീസ് പറയുന്നത്.
.
ആദ്യം കസ്റ്റഡിയിലായ അക്ഷയ് പഹ്‌വ, ബന്ധുവായ വന്‍ഷ് പഹ്‌വ, അന്‍ഷ് ഗ്രോവര്‍ എന്നിവരാണ് ‘ബ്ലാക്ക് മിറര്‍ കഫെ’യുടെ ഉടമകള്‍. ഇവര്‍ക്കൊപ്പം കഫെയിലെ ജീവനക്കാരായ ആര്യന്‍, ദിഗ്രാന്‍ഷു എന്നിവരും ഈ തട്ടിപ്പില്‍ പങ്കാളികളായിരുന്നു. അഫ്‌സാന്‍ പര്‍വീണിന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് ആര്യനാണ് ഡേറ്റിങ് ആപ്പില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ചിരുന്നത്. അഫ്‌സാന്‍ പര്‍വീണിന്റെ വിവിധ ഫോട്ടോകളും ഇയാള്‍ കൈമാറും. യുവാക്കളുമായി ഓണ്‍ലൈന്‍ വഴി സൗഹൃദം സ്ഥാപിച്ചശേഷം ഇവരെ കഫെയിലേക്ക് ക്ഷണിക്കും. ഈ ഘട്ടത്തിലാണ് അഫ്‌സാന്‍ പര്‍വീണ്‍ നേരിട്ടെത്തുക. തുടര്‍ന്ന് കഫെയില്‍ എത്തുന്ന യുവതി ഡേറ്റിങ്ങിനിടെ എന്തെങ്കിലും കാരണം പറഞ്ഞ് അവിടെനിന്ന് മുങ്ങും. പിന്നാലെ ജീവനക്കാര്‍ വന്‍തുകയുടെ ബില്ലാകും യുവാവിന് നല്‍കുക. ഭീഷണിപ്പെടുത്തുന്നതോടെ നാണക്കേട് ഭയന്ന് മിക്കവരും പണം നല്‍കി പോവുകയാണ് പതിവെന്നും പരാതി നല്‍കാറില്ലെന്നും പോലീസ് പറയുന്നു.
യുവതി പിടിയിലായത് മറ്റൊരു ഡേറ്റിങ്ങിനിടെ, നഗരങ്ങളില്‍ വ്യാപകം…
കേസില്‍ ഉള്‍പ്പെട്ട അഫ്‌സാന്‍ പര്‍വീണിനെ സമാനരീതിയില്‍ മറ്റൊരു യുവാവുമായുള്ള ഡേറ്റിങ്ങിനിടെയാണ് പോലീസ് പിടികൂടിയത്. നഗരത്തിലെ മറ്റൊരു കോഫിഷോപ്പില്‍ ‘ഷാദി ഡോട്ട് കോം’ ആപ്പ് വഴി പരിചയത്തിലായ മുംബൈ സ്വദേശിയുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് യുവതിയെ തേടി പോലീസെത്തിയത്.
.
കഫെ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും യുവതികള്‍ക്കും ഒരുപോലെ പങ്കാളിത്തമുള്ള തട്ടിപ്പില്‍ കിട്ടുന്ന പണം എല്ലാവരും പങ്കിട്ടെടുക്കുന്നതാണ് രീതി. ഡല്‍ഹിയിലെ തട്ടിപ്പില്‍ കിട്ടിയ പണത്തിന്റെ 15% യുവതിക്കുള്ളതായിരുന്നു. 45% ജീവനക്കാര്‍ വീതിച്ചെടുത്തു. ബാക്കിയുള്ള 40% കഫെ ഉടമകളാണ് സ്വന്തമാക്കിയതെന്നും പോലീസ് പറഞ്ഞു.
.
ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് ഉള്‍പ്പെടെ രാജ്യത്തെ വന്‍കിട നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പ് വ്യാപകമാണെന്നാണ് പോലീസ് നല്‍കുന്നവിവരം. യുവതികളുടെ വ്യാജ പ്രൊഫൈലുകളിലൂടെ യുവാക്കളെ വലയിലാക്കുകയും തുടര്‍ന്ന് കഫെയില്‍ എത്തിച്ച് ഭക്ഷണത്തിനടക്കം വന്‍തുക ഈടാക്കുന്നതുമാണ് ഇവരുടെ രീതി. ഡല്‍ഹിയിലെ കേസില്‍ കഫേ ഉടമകളിലൊരാളായ അക്ഷയ് പഹ്‌വയും അഫ്‌സാന്‍ പര്‍വീണുമാണ് പിടിയിലായിട്ടുള്ളത്. ഇവരുടെ മൊബൈല്‍ഫോണുകളും കഫെയിലെ രജിസ്റ്ററുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട മറ്റുപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
.