കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ്; ജില്ലാ കമ്മിറ്റി അംഗമാകും, നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
കണ്ണൂര്‍: മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന എം.വി.നികേഷ് കുമാര്‍ കണ്ണൂര്‍ തട്ടകമാക്കും. ഇടക്കാലത്തെ അഴീക്കോട് പരീക്ഷണം പരാജയപ്പെട്ടെങ്കിലും നികേഷിനെ ഇത്തവണ ശ്രദ്ധയോടെ ഉപയോഗപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്. ആദ്യപടിയായി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നികേഷ് കുമാറിനെ ഉള്‍പ്പെടുത്തിയേക്കും. ജില്ലാ കമ്മിറ്റി അംഗമായോ പ്രത്യേക ക്ഷണിതാവോ ആയിട്ടാകും അദ്ദേഹം ജില്ലാ കമ്മിറ്റിയിലെത്തുക. അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് വിവരം.
.
കണ്ണൂരിലേക്ക് തട്ടകം മാറ്റുന്നതിന്റെ ഭാഗമായി എറണാകുളത്ത് നിന്ന് നികേഷ് കുമാര്‍ പിതാവ് എം.വി.രാഘവന്റെ ബര്‍ണശ്ശേരിയിലെ വീട്ടിലേക്ക് താമസംമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നികേഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. 2016 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് നിന്ന് സിപിഎം സ്ഥാനാര്‍ഥിയായി നികേഷ് മത്സരിച്ചെങ്കിലും മുസ്ലി ലീഗിലെ കെ.എം.ഷാജിയോട് പരാജയപ്പെട്ടിരുന്നു. തിടുക്കത്തിലുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയമായതുകൊണ്ടും പ്രവര്‍ത്തിക്കാന്‍ സമയം ലഭിക്കാത്തതുമാണ് ആദ്യതവണ നികേഷിന് കാലിടറിയതെന്നാണ് സിപിഎം വിലയിരുത്തല്‍.
ഇത്തവണ നേരത്തെ തന്നെ രാഷ്ട്രീയത്തില്‍ സജീവമാകുന്നത് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ്. അടുത്തതവണ തളിപ്പറമ്പിലോ മട്ടന്നൂരിലോ അദ്ദേഹം സ്ഥാനാര്‍ഥിയായേക്കും. പാര്‍ട്ടി സെക്രട്ടറിയായ സാഹചര്യത്തില്‍ തളിപ്പറമ്പില്‍ അടുത്ത തവണ എം.വി.ഗോവിന്ദന്‍ മത്സരിക്കാനിടയില്ല. ഈ സാഹചര്യത്തിലാണ് തളിപ്പറമ്പില്‍ നികേഷ് കുമാറിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
.