റോഡില്‍ മരം വീണതോടെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കുമേല്‍ വീണ്ടും മരംവീണു; നിരവധി നാശനഷ്ടങ്ങൾ, വനംവകുപ്പിനെതിരെ നാട്ടുകാര്‍

കൊച്ചി: നേര്യമംഗലം വല്ലാഞ്ചിറയില്‍ കൂറ്റന്‍മരം വാഹനങ്ങള്‍ക്കുമേല്‍ കടപുഴകിവീഴുകയും ഒരാള്‍ മരിക്കുകയുംചെയ്ത സംഭവത്തില്‍ വനംവകുപ്പിനെതിരെ ആരോപണവുമായി പ്രദേശത്തെ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിസംഗതയാണ് അപകടത്തിന് കാരണമായതെന്ന് കവളങ്ങാട് പഞ്ചായത്ത് അംഗം സൈജന്റ് പറഞ്ഞു. ഏത് നിമിഷവും കടപുഴകി വീഴുമെന്ന ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വന്‍മരങ്ങള്‍ ഉള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പോലും ഭയത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.

.

നേര്യമംഗലം-കോതമംഗലം റോഡില്‍ വില്ലാഞ്ചിറയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. കനത്ത മഴയിലും കാറ്റിലും മരം കടപുഴകി റോഡില്‍ ഉണ്ടായിരുന്ന കാറിനും കെ.എസ്.ആര്‍.ടി.സി. ബസിന് പിന്നിലേക്കും വീഴുകയായിരുന്നു.

.

.

ഇടുക്കി രാജകുമാരി മുരിക്കുംതൊട്ടി പാണ്ടിപ്പാറ സ്വദേശി ജോസഫാണ് മരിച്ചത്. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി, മകള്‍ അഞ്ചുമോള്‍, മരുമകന്‍ ജോബി ജോണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അതേസമയം കെ.എസ്.ആര്‍.ടി.സി. ബസിന്റെ പിന്‍സീറ്റില്‍ യാത്രക്കാരില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവായി. കെ.എസ്.ആര്‍.ടി.സി. ബസിന്റെ പിന്‍ഭാഗം മുഴുവനായി തകര്‍ന്നുപോയിട്ടുണ്ട്.

.

നേര്യമംഗലം-കോതമംഗലം റോഡില്‍ വില്ലാഞ്ചിറ താഴ്ഭാഗത്തായി കനത്ത മഴയിലും കാറ്റിലും റോഡിലേക്ക് മരം വീണിരുന്നു. മരം വീണതിനെ തുടര്‍ന്ന് ഈ പ്രദേശത്തെ ഗതാഗതം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴായിരുന്നു മറ്റൊരു മരം കൂടി റോഡിലേക്ക് വീണത്. അപകട വിവരമറിഞ്ഞ് വീട്ടുകാര്‍ വിളിച്ച് പറഞ്ഞാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതെന്ന് പഞ്ചായത്ത് അഗം സൈജന്റ് പറഞ്ഞു.

.

.

നേരത്ത ഗതാഗത തടസം ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് താമസം നേരിട്ടിരുന്നു. ഫയര്‍ഫോഴ്‌സിനടക്കം ഇവിടേക്ക് എത്തിച്ചേരാന്‍ പ്രയാസം നേരിട്ടു. റോഡിലേക്ക് വീണ് കിടന്നിരുന്ന മരങ്ങള്‍ മുറിച്ച് മാറ്റിയാണ് ഫയര്‍ഫോഴ്‌സിന് അപകട സ്ഥലത്തേക്ക് പോലും എത്താന്‍ കഴിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

.

ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. റോഡിലേക്ക് ചാഞ്ഞ് നിരവധി മരങ്ങള്‍ ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നുണ്ട്. എന്നാല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിസംഗതയാണ് നേര്യമംഗലത്ത് മരം കടപുഴകി വീണ് ഇത്തരം അപകടം സംഭവിച്ചതിന് കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു. ചാഞ്ഞ് നിന്ന മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. മരങ്ങള്‍ മുറിക്കാന്‍ ഉത്തരവുണ്ടായിട്ടും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

.

Share
error: Content is protected !!