മിനയിൽ കാണാതായ മലപ്പുറം സ്വദേശിയെ കണ്ടെത്താൻ സഹായം തേടി ബന്ധുക്കൾ; അന്വേഷണം മിലിട്ടറി ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നു
ഹജ്ജ് തീർഥാടനത്തിനായി മക്കയിലെത്തിയ മലപ്പുറം സ്വദേശിയെ മിനയിൽ വെച്ച് കാണാതായി ബന്ധുക്കൾ അറിയിച്ചു. വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽ കടവത്ത് മുഹമ്മദിനെ (74) യാണ് കാണാതായത്. ജൂണ് 15 ശനിയാഴ്ച ബലിപെരുന്നാൾ ദിവസം മുതൽ ഇദ്ദേഹത്തെ കാണാതായത്. അറഫ സംഗമവും കഴിഞ്ഞ് മുസ്ദലിഫയിൽ തങ്ങിയ ശേഷം മിനയിലെത്തിയതായിരുന്നു. ഇവിടെ വെച്ചാണ് ഇദ്ദേഹത്തെ കാണാതാകുന്നത്. ഇദ്ദേഹത്തെ കണ്ടെത്താൻ പ്രവാസികളുൾപ്പെടെയുള്ളവരുടെ സഹായം തേടുകയാണ് ബന്ധുക്കൾ.
.
ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായി വ്യാപകമായ അന്വേഷണം പുരോഗമിക്കുകയാണ്. ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റും സാമൂഹ്യ പ്രവർത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം സജീവമായ അന്വേഷണം നടത്തിവരികയാണ്. മക്കയിലേയും പരിസരങ്ങളിലേയും വിവിധ ആശുപത്രികളിലും അന്വേഷണം നടക്കുന്നുണ്ട്. ആശുപത്രികളിൽ മരിച്ചവരുടെ പട്ടികയിൽ ഇത് വരെ ഇദ്ദേഹത്തിൻ്റെ പേര് കണ്ടെത്താത്തിനാൽ ശുഭപ്രതീക്ഷയിലാണ് കുടുംബം.
.
ഇദ്ദേഹത്തിൻ്റെ കുടുംബം കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുല്ല കുട്ടിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും കുടുംബം അറിയിച്ചു. ഇത്തവണ അനധികൃതമായി ലക്ഷകണക്കിന് തീർഥാടകർ എത്തിയിരുന്നുവെന്നും, ഇവരുൾപ്പെടെ അവശരായ ഭൂരിഭാഗം പേരേയും മിലിട്ടറി ആശുപത്രികളിലാണ് പ്രവേശിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചതായും ബന്ധുക്കൾ വ്യക്തമാക്കി. ഇതനുസരിച്ച് അന്വേഷണം സൈനിക ആശുപത്രികളിലേക്കും വ്യാപിപ്പിക്കുവാനാള്ള നീക്കവും നടക്കുന്നുണ്ട്.
.
ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേനയാണ് മുഹമ്മദ് തീർഥാടനത്തിന് എത്തിയത്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ നൗഫൽ – 0542335471, 0556345424, ഗഫൂർ – 0541325670 എന്ന നമ്പറുകളിൽ അറിയിക്കണമെന്ന് കേരള ഹജ്ജ് കമ്മിറ്റി അറിയിച്ചു.
.