സൂക്ഷിച്ചു നോക്കൂ…നദി നീന്തിക്കടക്കുന്ന ആനകളുടെ വിസ്മയിപ്പിക്കുന്ന ആകാശദൃശ്യം – വീഡിയോ

ശാന്തമായി ഒഴുകുന്ന ബ്രഹ്‌മപുത്രാ നദി.. അതിലൂടെ പതിയെ നീന്തി നീങ്ങുന്ന ആനക്കൂട്ടം.. അഞ്ചോ പത്തോ അല്ല, നൂറോളം ആനകള്‍. അസമിലെ ജോര്‍ഹട്ട് ജില്ലയില്‍നിന്ന് സച്ചിന്‍ ഫരാലി എന്ന ഫോട്ടോഗ്രാഫറാണ് വിസ്മയിപ്പിക്കുന്ന ഈ ആകാശദൃശ്യം പകര്‍ത്തിയത്. അസമിലെ പ്രധാന നദീതീരമായ നിമതി ഘട്ടിന്റെ പരിസരത്താണ് ആനകള്‍ നദി നീന്തിക്കടന്നിരുന്നത്. ‘ബ്രഹ്‌മപുത്രാ നദിയുടെ നടുവില്‍ ഒരു ആനക്കൂട്ടം’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോഗ്രാഫര്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ അപൂര്‍വദൃശ്യം പങ്കുവെച്ചത്.

.

സാധാരണ ആനക്കൂട്ടങ്ങളില്‍ പത്തോ പതിനഞ്ചോ ആനകളാണ് ഉണ്ടാകാറുള്ളത്. ഇവ നദിനീന്തിക്കടക്കുന്നത് സ്വാഭാവിക ദൃശ്യമാണെങ്കിലും നൂറോളം ആനകള്‍ ഒരുമിച്ച് നദിനീന്തിക്കടക്കുന്ന ദൃശ്യം തന്നിലും അമ്പരപ്പുളവാക്കിയതായി സച്ചിന്‍ പറയുന്നു. ആനകളുടെ സൈ്വര്യമായ നീന്തലിന് ഭംഗം വരാത്ത രീതിയില്‍ സുരക്ഷിതമായ അകലം പാലിച്ചാണ് താന്‍ ഈ ദൃശ്യം പകര്‍ത്തിയതെന്ന് സച്ചിന്‍ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

.

 

View this post on Instagram

 

A post shared by SACHIN BHARALI (@sachin_bharali)

.

വൈകാതെ മുതിര്‍ന്ന ഐ.എഫ്.എസ്. (ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്) ഉദ്യോഗസ്ഥ സുധ രാമനും ആനക്കൂട്ടത്തിന്റെ നീന്തല്‍ വീഡിയോ തന്റെ എക്‌സ് (മുന്‍പ് ട്വിറ്റര്‍) പേജില്‍ പങ്കുവെച്ചു.

‘അതിശയിപ്പിക്കുന്ന നീന്തലുകാരാണ് ആനകള്‍. നിറയെ കുട്ടിയാനകള്‍ കൂടി ഉള്‍പ്പെടുന്ന വലിയ ആനക്കൂട്ടം ഗാംഭീര്യത്തോടെ ബ്രഹ്‌മപുത്രാ നദി നീന്തിക്കടക്കുന്ന ദൃശ്യമാണിത്. സഹചര്യങ്ങളോട് പൊരുത്തപ്പെടാനും അവയെ മറികടക്കാനുമുള്ള ആനകളുടെ കഴിവിനെയും ശക്തിയേയുമാണ് ഈ ദൃശ്യങ്ങളില്‍ കാണാനാവുക,’ – സുധ ട്വിറ്ററില്‍ കുറിച്ചു.

.

‘ഒരു പ്രത്യേക ആകൃതിയില്‍ നീന്തിനീങ്ങുന്ന ഈ ആനക്കൂട്ടത്തില്‍ ആനക്കുട്ടികള്‍ എവിടെയാണെന്ന് ശ്രദ്ധിച്ചുനോക്കൂ. ആനക്കുട്ടികളെ നടുവില്‍ സുരക്ഷിതരാക്കി, വശങ്ങളിലൂടെ വേലിതീര്‍ത്ത് നീങ്ങുന്ന ആനക്കൂട്ടം ജീവിതത്തിന്റെ വലിയ പാഠമാണ് അവര്‍ക്ക് പകര്‍ന്നുനല്‍കുന്നത്,’ – ദൃശ്യം പങ്കുവെച്ചുകൊണ്ട് മറ്റൊരു ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായ സുശാന്ത നന്ദ എക്‌സില്‍ കുറിച്ചു.

.

.

തിബറ്റില്‍നിന്ന് ഉദ്ഭവിച്ച് ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന ബ്രഹ്‌മപുത്ര, ലോകത്തിലെ ഏറ്റവും വലിയ പത്ത് നദികളില്‍ ഒന്നാണ്. ബ്രഹ്‌മപുത്രയില്‍ ജനനിരപ്പ് ഉയര്‍ന്നതോടെയാണ് ആനകള്‍ നദിനീന്തിക്കടന്ന് മറ്റ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ കാരണം. ബ്രഹ്‌മപുത്രാ നദിക്കരികിലെ കകുവ ചപോരി എന്ന സ്ഥലത്തേക്കാണ് ആനകള്‍ നീന്തിക്കയറിയത് എന്നാണ് റിപ്പോര്‍ട്ട്.

.

വെള്ളപ്പൊക്കം മൂലം കാടിനുള്ളില്‍ മിക്കയിടങ്ങളിലും വെള്ളം പൊങ്ങിയിട്ടുണ്ട്, ഇതോടെ ആഹാരത്തിന്റെ ലഭ്യത കുറഞ്ഞതോടെയാണ് ആനകള്‍ നദിമുറിച്ച് കടന്ന് മനുഷ്യവാസ മേഖലകളിലേക്ക് എത്തിത്തുടങ്ങിയിരിക്കുന്നത്. 5700-ല്‍ അധികം ആനകളാണ് അസമിലുള്ളത് എന്നാണ് ഔദ്യോഗിക കണക്കുകള്‍. ഒന്നാം സ്ഥാനത്ത് 6395 ആനകളുമായി കര്‍ണാടകയാണ് ഒന്നാം സ്ഥാനത്ത്.

.

Share
error: Content is protected !!