മോഷണം പോയ സൈക്കിളിനു പകരം മന്ത്രി സമ്മാനിച്ച സൈക്കിളും മോഷ്ടിച്ചു; ഇത്തവണ കള്ളൻ വലയിൽ
കൊച്ചി: ഒരു മാസത്തിനിടയിൽ രണ്ടു തവണ സൈക്കിൾ മോഷണം പോവുക, അതും ആദ്യം മോഷണം പോയ സൈക്കിളിനു പകരമായി വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടു സമ്മാനിച്ച സൈക്കിളും നഷ്ടപ്പെടുക, അവന്തികയുടെ സങ്കടത്തിന് അളവില്ല. ഇത്തവണ ചെറിയൊരു വ്യത്യാസമുണ്ട്, സൈക്കിൾ കള്ളൻ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടിയിലായി. സൈക്കിൾ കണ്ടുകിട്ടിയതായി പൊലീസ് അറിയിച്ചിട്ടുണ്ടെന്ന് അവന്തികയുടെ അമ്മ നിഷ പറഞ്ഞു. സൈക്കിൾ എപ്പോൾ തിരിച്ചു കിട്ടുമെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കി.
.
സ്കൂൾ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പത്താം ക്ലാസുകാരിയായ സി.ജി.അവന്തികയ്ക്ക് സൈക്കിൾ സമ്മാനിച്ച വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് മന്ത്രി സമ്മാനിച്ച സൈക്കിളാണ് ഇത്തവണ മോഷണം പോയത്. വെള്ളിയാഴ്ച രാവിലെയാണ് സൈക്കിൾ കാണാനില്ലെന്ന കാര്യം വീട്ടുകാർ മനസിലാക്കുന്നത്. അടുത്ത വീട്ടിലെ സിസി ടിവിയിൽ നോക്കിയപ്പോൾ പുലർച്ചെ 4.30നായിരുന്നു മോഷണം എന്നു മനസ്സിലായി. മഴക്കോട്ട് ധരിച്ചിരുന്ന കള്ളന്റെ ദൃശ്യങ്ങളും ഉണ്ടായിരുന്നെങ്കിലും ആളെ തിരിച്ചറിയാൻ സാധിക്കില്ലായിരുന്നു. അന്വേഷണം തുടർന്ന പാലാരിവട്ടം പൊലീസ് ഒടുവിൽ കള്ളനെ പൊക്കി. വൈറ്റില പാലത്തിനടിയിൽ സ്ഥിരമായി കഴിയുന്ന മദ്യപനാണ് കക്ഷി.
കഴിഞ്ഞ മേയ് 21നാണ് അവന്തികയുടെ സൈക്കിൾ ആദ്യം നഷ്ടപ്പെടുന്നത്. വാടക വീട്ടിലാണ് അവന്തികയും കുടുംബവും താമസിക്കുന്നത്. തമ്മനത്ത് പച്ചക്കറി കട നടത്തുന്ന ഗിരീഷിന്റെയും നിഷയുടെയും മകളായ അവന്തിക എല്ലാ വിഷയങ്ങളും എ പ്ലസോടെയാണ് എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂളിൽനിന്ന് ഇത്തവണ പാസായത്. അന്നു സൈക്കിൾ കാണാതായതിന്റെ സങ്കടത്തിലായ വിദ്യാർഥിനി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി.
.
സങ്കടം സഹിക്കാനാകാതെ പൊലീസ് സ്റ്റേഷനിലിരുന്നു തന്നെ ഇ–മെയിലിൽ മന്ത്രിയെ കാര്യങ്ങൾ അറിയിച്ചു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവന്തികയ്ക്ക് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിൽനിന്ന് വിളിയെത്തി. ജൂൺ 2ന് മന്ത്രി പ്രവേശനോത്സവത്തിനായി എളമക്കര സ്കൂളിലെത്തുന്നുണ്ട്, അവിടെ എത്തണം എന്നായിരുന്നു സന്ദേശം. അവിടെ എത്തിയപ്പോൾ അവന്തികയുടെ മുഖത്ത് ചിരി വിരിയിച്ച് മന്ത്രിയുടെ വക പുത്തൻ സൈക്കിള്‍ സമ്മാനം. ആ സൈക്കിളാണ് ഇത്തവണ മോഷണം പോയത്.
.