സൗദിയിൽ പരിശോധന ശക്തമായി തുടരുന്നു. പരിശോധന കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചു
റിയാദ്: കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച പരിശോധന രാജ്യവ്യാപകമായി ഇന്നും തുടരുകയാണ്. നിരവധി സ്ഥാപനങ്ങൾ ഇന്നും അടച്ച് പൂട്ടി. കൂടാതെ വ്യക്തികൾക്ക് പിഴ ചുമത്തുകയും ചെയ്തു. ബിനാമി ബിസിനസുകാർക്ക് പദവി ശരിയാക്കുന്നതിനായി അനുവദിച്ചിരുന്ന സമയ പരിധി ഫെൂബ്രുവരി 16ന് അവസാനിച്ചിരുന്നു. ഇതിന് പിറകെയാണ് പരിശോധന ആരംഭിച്ചത്.
വിവിധ വകുപ്പുകൾ ഏകോപിച്ചാണ് പരിശോധന നടത്തുന്നത്. നിരവധി തൊഴിൽ നിയമ ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. സ്പോണ്സർഷിപ്പിലല്ലാത്ത തൊഴിലാളികളെ കണ്ടെത്തിയാൽ, സ്ഥാപനത്തിന് പിഴ ചുമത്തുന്നതിന് പുറമെ തൊഴിലാളിക്കും വൻ തുക പിഴ ചുമത്തുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അത് ഇന്നും തുടരുന്നുണ്ടെങ്കിലും, മറ്റു മേഖലകളിലേക്ക് കൂടി പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. കൺസ്ട്രക്ഷൻ മേഖലയിലും മറ്റും പരിശോധന ശക്തമാണ്. തൊഴിൽ നിയമ ലംഘനങ്ങളാണ് ഇവിടങ്ങളിൽ കൂടുതലായും കണ്ടെത്തിയത്. വാഹനങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നതായി അനുഭവസ്ഥർ പങ്കുവെച്ചു.
വസ്ത്രങ്ങൾ, പെർഫ്യൂമറി, ഹാബർഡാഷെറി, ബാർബർഷോപ്പുകൾ, ആശാരിപ്പണി, കാർ വർക്ക്ഷോപ്പുകൾ, ടെക്സ്റ്റൈൽസ്, ഇലക്ട്രിക്കൽ ടൂളുകൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം പ്രധാനമായും നിയമ ലംഘനം കണ്ടെത്തിയത്. ഇതിനെ തുടർന്ന് അടച്ച് പൂട്ടിയ സ്ഥാപനങ്ങളുടെ വീഡിയോ കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്ത് വിട്ടിരുന്നു. നിയമ ലംഘനം കണ്ടെത്തിയതിനെ കുറിച്ച് അടച്ച് പൂട്ടിയ സ്ഥാപനങ്ങളെ കുറിച്ച് അധികൃതർ പരിശോധിച്ച് വരികയാണ്.