രാജ്യസഭാ സീറ്റെല്ലാം ന്യൂനപക്ഷങ്ങള്‍ക്ക്; ഇങ്ങനെപോയാല്‍ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: രാജ്യസഭാ സീറ്റുകൾ വീതംവെച്ചതിൽ ന്യൂനപക്ഷ പ്രീണനം നടത്തിയെന്നാരോപിച്ച് എൽഡിഎഫിനെതിരേ രൂക്ഷവിമർശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. രാജ്യസഭാ സ്ഥാനാർത്ഥിത്വം ന്യൂനപക്ഷങ്ങൾക്ക് സംവരണം ചെയ്തതുപോലുള്ള നയങ്ങളുമായി സിപിഎം മുന്നോട്ടുപോകുകയാണെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് കേരള കൗമുദി പത്രത്തിലെഴുതിയ ലേഖനത്തിൽ വെള്ളാപ്പള്ളി പറയുന്നു.
.
സി.പി.എമ്മും സി.പി.ഐയും ഇപ്പോൾ നേരിടുന്നത് ഗുരുതരമായ അസ്തിത്വപ്രശ്നമാണെന്നും അത് ഇനിയും മനസിലാക്കിയിട്ടില്ലെന്നതിന്റെ തെളിവാണ് എൽ.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥി നിർണയമെന്നും വെള്ളാപ്പള്ളി പറയുന്നു. രാജ്യസഭാ സ്ഥാനാർത്ഥിത്വം ന്യൂനപക്ഷങ്ങൾക്ക് സംവരണം ചെയ്തതുപോലുള്ള നയങ്ങളുമായി സി.പി.എമ്മും ഇടതുമുന്നണിയും മുന്നോട്ടു പോകുകയാണെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. ഇതു മനസിലാക്കിയാൽ പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ഫിക്സഡ് ഡെപ്പോസിറ്റ് ആയി അവരുടെ പക്കലുണ്ടാകും. ഇല്ലെങ്കിൽ കരുവന്നൂർ ബാങ്കിന്റെ അവസ്ഥയിൽ ആകുമെന്നും വെള്ളാപ്പള്ളി പറയുന്നു.
കേരളത്തിലെ ന്യൂനപക്ഷ വോട്ട് യു.ഡി.എഫിൽനിന്ന് പിടിച്ചെടുക്കാനുള്ള ആവേശത്തിൽ പിന്നാക്കവിഭാഗങ്ങളെ അവഗണിച്ചെന്നും ഈഴവരാദി പിന്നാക്ക സമൂഹവും പട്ടികജാതി, വർഗ വിഭാഗങ്ങളും കാൽക്കീഴിൽ കിടക്കുമെന്ന ധാരണ ഈ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലത്തോടെ പൊളിഞ്ഞെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു.
സി.പി.ഐയുടെ സീറ്റ് മുസ്ലീമിനും സി.പി.എമ്മിന്റേത് ക്രൈസ്തവനും വിളമ്പി. യു.ഡി.എഫ് ആകട്ടെ, പതിവു പോലെ തന്നെ മുസ്ളീം ലീഗിന് സമർപ്പിച്ചു. രണ്ടു മുന്നണിയിലും ഭൂരിപക്ഷ സമുദായം പടിക്കുപുറത്തായി. ഈ യാഥാർത്ഥ്യം തുറന്നുപറഞ്ഞതിനാണ് ഇപ്പോൾ ചില മുസ്ളീം സംഘടനകളും നേതാക്കളും എസ്.എൻ.ഡി.പി. യോഗത്തെയും തന്നെയും വർഗീയപട്ടം ചാർത്തി ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറയുന്നു.
.
ഇടതുപക്ഷവും ന്യൂനപക്ഷ പ്രീണനം പ്രധാന അജണ്ടയാക്കി. ഈഴവരാദി പിന്നാക്കക്കാരും പട്ടികജാതി, പട്ടികവർഗക്കാരുമായിരുന്നു കുറച്ചുകാലം മുമ്പുവരെ ഈ പാർട്ടികളുടെ രക്തവും മാംസവും മജ്ജയും മസ്തിഷ്കവുമെല്ലാം. ജീവിതകാലം മുഴുവൻ പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചവരെ അവഗണിച്ച് ഇന്നലെ വന്ന ന്യൂനപക്ഷ വിഭാഗക്കാർക്ക് പാർട്ടി പദവികളിൽ ഡബിൾ, ട്രിപ്പിൾ പ്രൊമോഷനുകൾ നൽകി, വെള്ളപ്പള്ളി ആരോപിക്കുന്നു.
.
കേരളത്തിലെ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം കൊണ്ട് ഇടതുപക്ഷത്തെ എഴുതിത്തള്ളാനുമാകില്ലെന്നും വെള്ളാപ്പള്ളി പറയുന്നു. ഇക്കുറി ബി.ജെ.പി. ശക്തമായ നിലയിലെത്തിയെന്ന വ്യത്യാസമുണ്ടെങ്കിലും ഇടതുമുന്നണിക്ക് തിരിച്ചുവരവിന് സമയമുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ വിശ്വാസം വീണ്ടെടുക്കുക എന്ന ഒറ്റമൂലിയാണ് ഏക ഔഷധം, വെള്ളാപ്പള്ളി പറയുന്നു.
.