ഹമാസിൻ്റെ യുദ്ധ തന്ത്രത്തിൽ വീണ് നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു; അഞ്ച് സൈനികർക്ക് ഗുരുതര പരിക്ക്

ഗസ്സ: റഫയിൽ കരയാക്രമണം നടത്തുന്ന നാല് ഇസ്രായേൽ സൈനികരെ ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് കൊലപ്പെടുത്തി. ഏഴു​സൈനികർക്ക് പരിക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് ഐ.ഡി.എഫ് അറിയിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

.

തെക്കൻ ഗസ്സയിലെ റഫയിൽ മൂന്നുനില കെട്ടിടത്തിൽ കയറിയ കമ്പനി കമാൻഡർ അടക്കമുള്ള സൈനികരെയാണ് കെട്ടിടം തകർത്ത് കൂട്ടത്തോടെ ഹമാസ് കൊലപ്പെടുത്തിയത്. മേജർ താൽ ഷെബിൽസ്കി ഷൗലോവ് ഗെദേര(24), സ്റ്റാഫ് സർജൻറ് ഈറ്റൻ കാൾസ്ബ്രൺ (20), സർജൻറ് അൽമോഗ് ഷാലോം (19), സർജൻറ് യെയർ ലെവിൻ (19) എന്നിവരാണ് മരിച്ചതെന്ന് ഐ.ഡി.എഫ് അറിയിച്ചു.

.

കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ഗിവാതി ബ്രിഗേഡ് രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്നവരാണ്. ​സൈനിക കമാൻഡറാണ് ഷെബിൽസ്കി ഷൗലോവ്. ലികുഡ് പാർട്ടി നേതാവും മുൻ പാർലമെന്റംഗവുമായ മോഷെ ഫെയ്ഗ്ലിന്റെ ചെറുമകനാണ് ലെവിൻ. ഇതോടെ ഹമാസ് കൊലപ്പെടുത്തിയ ഇസ്രായേൽ സൈനികരുടെ എണ്ണം 299 ആയി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

.

റഫക്ക് സമീപമുള്ള ശബൂറയിലെ വീടിനുള്ളിലാണ് സംഭവം. ആദ്യം കെട്ടിടത്തിനകത്തേക്ക് സ്ഫോടക വസ്തു എറിഞ്ഞ് അപകടക്കെണി ഒന്നുമില്ല എന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു സൈനികർ അകത്തേക്ക് പ്രവേശിച്ചത്. എന്നാൽ, രണ്ട് സൈനികർ അകത്ത് കടന്നതും വൻശബ്ദത്തോടെ ഉഗ്രസ്ഫോടനം നടന്ന് മൂന്ന് നിലകളുള്ള കെട്ടിടം തകരുകയും ചെയ്തു. പുറത്ത് കാവൽ നിന്ന സൈനികരുടെ ദേഹത്തേക്കാണ് കെട്ടിടം പതിച്ചത്. വീട്ടിനുള്ളിൽ തുരങ്കവാതിൽ കണ്ടെത്തിയതായി ഐ.ഡി.എഫ് പറഞ്ഞു.

.

Share
error: Content is protected !!