സഹമന്ത്രി പദവിയിൽ അതൃപ്തി; സിനിമാ തിരക്ക് പറഞ്ഞൊഴിഞ്ഞ് സുരേഷ് ഗോപി, ‘വിടാതെ’ മോദി

ദില്ലി: സഹമന്ത്രി പദവി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ച് സുരേഷ് ഗോപി. ഏറ്റെടുത്ത സിനിമ പ്രോജക്ടുകൾ പൂർത്തിയാക്കണമെന്നാണ് സുരേഷ് ഗോപി കേന്ദ്ര നേതാക്കളെ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉന്നത നേതാക്കൾ സുരേഷ് ഗോപിയുമായി സംസാരിച്ചേക്കും.

.

കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തിയുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. തൃശ്ശൂരിൽ മിന്നും വിജയം നേടി ബിജെപി കേരളത്തിൽ ലോക്സഭാ അക്കൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തി. കേരളത്തിലെ മിന്നും ജയത്തിൽ അർഹമായ പരിഗണന കിട്ടിയില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങളും പ്രതികരിച്ചത് എന്നാണ് വിവരം. അതേസമയം, സിനിമയിൽ അഭിനയിക്കാനുള്ള സൗകര്യം കണക്കിൽ എടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നൽകിയതെന്നാണ് ബിജെപി നേതൃത്വം നൽകുന്ന വിശദീകരണം. സുരേഷ് ഗോപി സാംസ്കാരിക മന്ത്രാലയത്തിലേക്കെന്നാണ് സൂചന.

.

തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടെയാണ് കേരളത്തിൽ ലോക്സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറന്നത്. മോദിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു. എന്നാൽ ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ്. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്ന് കിട്ടിയ പിന്തുണക്കുള്ള മറുപടിയായി ജോര്‍ജ് കുര്യനും സഹ മന്ത്രിസ്ഥാനം ലഭിച്ചു. തൃശൂരിൽ എൽഡിഎഫിനെയും യുഡിഎഫിനെയും തറപറ്റിച്ച് നേടിയ വിജയത്തിന്റെ മാധുര്യത്തിൽ കല്ലുകടിയാകുകയാണ് സുരേഷ് ഗോപിയുടെ അതൃപ്തി.

.

എന്നാൽ സിനിമാ തിരക്കുകൾ പറഞ്ഞ് മന്ത്രിസഭയിൽനിന്ന് ഒഴിയാൻ ശ്രമിച്ച സുരേഷ് ഗോപിക്ക് പൂർണ പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. സിനിമയാണ് വരുമാന മാർഗമെന്നും ലഭിക്കുന്ന പണത്തിൽ കൂടുതലും സമൂഹത്തിനായി ചെലവാക്കുകയാണെന്നും സുരേഷ് ഗോപി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. നിലവിൽ ധാരണയായ സിനിമകൾ പൂർത്തിയാക്കാൻ സാഹചര്യം ഒരുക്കാമെന്നും ഡൽഹിയിലേക്ക് ഉടൻ സത്യപ്രതിജ്ഞയ്ക്കായി പുറപ്പെടാനും പ്രധാനമന്ത്രി സുരേഷ് ഗോപിയോടു നിർദ്ദേശിക്കുകയായിരുന്നു.

.

സഹമന്ത്രി സ്ഥാനം ലഭിച്ചതിൽ സുരേഷ് ഗോപി അതൃപ്തനാണെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയാൻ ശ്രമം നടത്തുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് അത്തരം റിപ്പോർട്ടുകൾ തള്ളി സുരേഷ് ഗോപി രംഗത്തെത്തിയത്. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനവും സിനിമാ തിരക്കുകളുടെ പശ്ചാത്തലത്തിൽ സുരേഷ് ഗോപി വേണ്ടെന്നു വയ്ക്കുകയായിരുന്നു.

.

ആന്ധ്രയിൽനിന്നുള്ള നേതാവായ നടൻ പവൻ കല്യാണിനും സുരേഷ് ഗോപിക്കും കാബിനറ്റ് പദവിയോടെ മന്ത്രിസ്ഥാനം നൽകാനാണ് ആലോചനയുണ്ടായിരുന്നത് എന്നാണ് സൂചന. പവൻ കല്യാണുമായി സുരേഷ് ഗോപി ചർച്ച നടത്തിയതായാണ് വിവരം. കാബിനറ്റ് റാങ്ക് ലഭിച്ചാൽ സിനിമയിൽ അഭിനയിക്കുന്നതിലുള്ള തടസങ്ങൾ പവൻ കല്യാൺ സുരേഷ് ഗോപിയെ അറിയിച്ചു. പവൻ കല്യാൺ മന്ത്രിപദം ഏറ്റെടുത്തതുമില്ല. ഇതോടെയാണ് മന്ത്രിപദം ഏറ്റെടുക്കാനില്ലെന്ന് സുരേഷ് ഗോപി കേന്ദ്രത്തെ അറിയിച്ചത്. പ്രധാനമന്ത്രിയോടും ഇക്കാര്യം സുരേഷ് ഗോപി വിശദീകരിച്ചു.

.

സിനിമകൾ വേഗം തീർത്ത് കാബിനറ്റ് പദവിയിലേക്ക് വരാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. സിനിമകൾ തടസപ്പെടാത്ത സാഹചര്യം ഒരുക്കാമെന്നും വ്യക്തമാക്കി. ഇതോടെയാണ് സുരേഷ് ഗോപി സഹമന്ത്രി സ്ഥാനം ഏറ്റെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഏറ്റെടുത്ത സിനിമകൾ പൂർത്തീകരിച്ചാൽ സുരേഷ് ഗോപി കാബിനറ്റ് പദവിയിലേക്ക് എത്തുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് ബിജെപിക്ക് ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട്.

.

ഇന്ന് വകുപ്പുകൾ സംബന്ധിച്ച് തീരുമാനമാകുന്നതോടെ തന്റെ വകുപ്പിന്റെ കാബിനറ്റ് മന്ത്രിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തും. സിനിമാ വിഷയം ഉന്നയിക്കും. പ്രധാനമന്ത്രിയുടെ നിർദേശങ്ങളും പങ്കുവയ്ക്കുമെന്നറിയുന്നു. അതിനുശേഷം നാളെ കണ്ണൂർ വിമാനത്താവളത്തിലെത്തും. തൃശൂരിൽ സ്വീകരണ പരിപാടിയിൽ പങ്കെടുത്തശേഷം തിരുവനന്തപുരത്തെത്തും.

.

Share
error: Content is protected !!