‘ഏക സിവിൽകോഡ്, മുസ്ലീം സംവരണം തുടങ്ങിയ വിഷയങ്ങളിൽ ഏകപക്ഷീയ തീരുമാനം അനുവദിക്കില്ല’; ബിജെപിക്കെതിരെ നിലപാട് ശക്തമാക്കി TDP
ഹൈദരാബാദ്: ഏകസിവില്‍കോഡ്, മണ്ഡലപുനര്‍നിര്‍ണയം, സംവരണം എന്നീ വിഷയങ്ങളില്‍ കേന്ദ്രം ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കാന്‍ അനുവദിക്കില്ലെന്ന് തെലുഗുദേശം പാര്‍ട്ടി. മുസ്ലിം സംവരണം അടക്കമുള്ള വിഷയങ്ങളില്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നതാണ് ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നര ലോകേഷിന്റെ പരാമര്‍ശം. 16 സീറ്റുകളോടെ എന്‍.ഡി.എയിലെ രണ്ടാംകക്ഷിയായ ടി.ഡി.പിയുടെ നിലപാട് മൂന്നാംസര്‍ക്കാരില്‍ നിര്‍ണായകമാവും. (ചിത്രം: ലോകേഷ്)
.
ടി.ഡി.പി. മതേതര പാര്‍ട്ടിയായി തുടരുമെന്ന് പറഞ്ഞ ലോകേഷ്, ആരുടേയും സംവരണം തങ്ങള്‍ എടുത്തുകളയില്ലെന്ന് വ്യക്തമാക്കി. മതാടിസ്ഥാനത്തിലുള്ള സംവരണം എടുത്തുകളയുമെന്നത് ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടിയാലുള്ള അവരുടെ വാഗ്ദാനമാണ്, സഖ്യസര്‍ക്കാരിലല്ല. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് മതമോ ജാതിയോ നോക്കാതെ ദാരിദ്ര്യം മറികടക്കാന്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് നേരത്തെതന്നെ ചന്ദ്രബാബു നായിഡു വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലപുനര്‍നിര്‍ണയമടക്കമുള്ള വിഷയങ്ങളില്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കില്ലെന്ന് ടി.ഡി.പി. ഉറപ്പാക്കും. ആന്ധ്രാപ്രദേശിന്റെ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളുടേയും താത്പര്യം പരിഗണിച്ചായിരിക്കും തീരുമാനം. മണ്ഡലപുനര്‍നിര്‍ണയവും ഏകസിവില്‍കോഡും അടക്കമുള്ള വിഷയങ്ങള്‍ വിശദമായി ചര്‍ച്ചചെയ്ത് രമ്യമായി പരിഹരിക്കും. മറ്റ് സഖ്യകക്ഷികളുമായി ആലോചിച്ച് അഭിപ്രായ ഐക്യത്തിലെത്താന്‍ ശ്രമിക്കും. ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ എന്‍.ഡി.എ. സര്‍ക്കാരിനുള്ള പിന്തുണ നിരുപാധികമാണ്. രാജ്യത്തിന് മോദിയെപ്പോലെ ശക്തനായ നേതാവിനെ ആവശ്യമുണ്ട്. പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ 20 ലക്ഷം തൊഴില്‍ സൃഷ്ടിക്കാനും ആന്ധ്രയിലേക്ക് നിക്ഷേപം കൊണ്ടുവരാനുമാണ് നിലവിലെ മുന്‍ഗണന. ഇതില്‍ സംസ്ഥാനത്തിനുള്ള പ്രത്യേക പദവി വലിയ സഹായമാവും. വരുംദിവസങ്ങളില്‍ പ്രത്യേക പദവിയടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ചയും തീരുമാനവുമുണ്ടാവുമെന്നും നര ലോകേഷ് പറഞ്ഞു.
.