ഇന്ത്യ മുന്നണി യോഗം അവസാനിച്ചു; ഭരണഘടനാ മൂല്യങ്ങളോട് പ്രതിബന്ധത പുലർത്തുന്ന എല്ലാ പാർട്ടികളേയും ‘ഇന്ത്യ’യിലേക്ക് സ്വാ​ഗതം ചെയ്ത് ഖാർ​ഗെ

ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിക്കുന്ന മൂല്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന എല്ലാ പാര്‍ട്ടികളേയും ഇന്ത്യ സഖ്യത്തിലേക്ക് ക്ഷണിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ഡല്‍ഹിയില്‍ എ.ഐ.സി.സി. അധ്യക്ഷന്റെ വസതയില്‍ ചേര്‍ന്ന യോഗത്തില്‍ മറ്റ് കക്ഷികളെ സ്വാഗതംചെയ്തുകൊണ്ട് താന്‍ നടത്തിയ പ്രസ്താവന എക്‌സില്‍ പങ്കുവെച്ചായിരുന്നു ഖാര്‍ഗെയുടെ ക്ഷണം. വൈകീട്ട് ആറോടെ ആരംഭിച്ച യോഗത്തില്‍ ഇന്ത്യ സഖ്യത്തിലെ പ്രധാനകക്ഷികളുടെ നേതാക്കളെല്ലാവരും പങ്കെടുത്തു. യോഗത്തിൽ എടുത്ത സുപ്രധാന തീരുമാനങ്ങൾ വാർത്ത സമ്മേളനം നടത്തി ഉടൻ പുറത്ത് വിടും.

.

ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പിനെ മികച്ച രീതിയില്‍, ഐക്യത്തോടെ, ഫലപ്രദമായി നേരിട്ടുവെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് ഖാര്‍ഗെ പറഞ്ഞു. ഫലം സുവ്യക്തമായും മോദിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയരീതികള്‍ക്കും എതിരാണ്. വ്യക്തമായ ധാര്‍മ്മിക പരാജയം എന്നതിലുപരി വ്യക്തിപരമായി അദ്ദേഹത്തിന് ഇത് വലിയ രാഷ്ട്രീയ നഷ്ടമാണ്. എന്നിരുന്നാലും, ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ അട്ടിമറിക്കാനാണ് മോദിയുടെ തീരുമാനം. ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളോടും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നീതിക്കുവേണ്ടിയുള്ള വ്യവസ്ഥകളോടും മൗലികമായ പ്രതിബദ്ധത പങ്കിടുന്ന എല്ലാ കക്ഷികളെയും ഇന്ത്യ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

.

ഖാര്‍ഗെയ്ക്കുപുറമേ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ കോണ്‍ഗ്രസില്‍നിന്ന് യോഗത്തില്‍ പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഡി.എം.കെ. നേതാവ് ടി.ആര്‍. ബാലു, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറന്‍, കല്‍പന സോറന്‍, എന്‍.സി.പി. നേതാക്കളായ ശരദ് പവാര്‍, സുപ്രിയ സുലെ, അഖിലേഷ് യാദവ്, രാം ഗോപാല്‍ യാദവ്, അഭിഷേക് ബാനര്‍ജി, തേജസ്വി യാദവ്, സഞ്ജയ് റാവുത്ത്, അരവിന്ദ് സാവന്ത്, ഒമര്‍ അബ്ദുള്ള, സീതാറാം യെച്ചൂരി, ഡി. രാജ, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍.കെ. പ്രേമചന്ദ്രന്‍, ജി. ദേവരാജന്‍, ജോസ് കെ. മാണി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

.

 

 

ഇന്ത്യ മുന്നണി സർക്കാർ ഉണ്ടാക്കില്ല, പ്രതിപക്ഷത്ത് ശക്തമാകും; ‘ഭാവിയില്‍ സാധ്യതയുണ്ടെങ്കിൽ ഒന്നിച്ച് നില്‍ക്കും’

Share
error: Content is protected !!