ബി.ജെ.പി.യുടെ ക്രൈസ്തവപ്രീണനം ഏറ്റില്ല; നേട്ടമായത് സുരേഷ്‌ഗോപിക്ക് മാത്രം
ആലപ്പുഴ: ക്രൈസ്തവരെ കൂടെനിര്‍ത്താനുള്ള ബി.ജെ.പി.യുടെ ശ്രമം അവരെ തുണച്ചില്ലെങ്കിലും വ്യക്തിഗതമായി സുരേഷ് ഗോപിക്കു നേട്ടമായി. തൃശ്ശൂരില്‍ ക്രൈസ്തവസമൂഹത്തില്‍നിന്ന് വോട്ടുനേടാന്‍ സുരേഷ് ഗോപിക്കായി. എന്നാല്‍, ക്രൈസ്തവര്‍ നിര്‍ണായകസ്വാധീനമായ മധ്യകേരളത്തില്‍ ബി.ജെ.പി.യുടെ മറ്റുസ്ഥാനാര്‍ഥികള്‍ക്ക് ഈ ആനുകൂല്യം കിട്ടിയില്ല.
.
കഴിഞ്ഞതവണ ലഭിച്ച 2,93,822 വോട്ട് ഇത്തവണ 4,12,338 ആയി ഉയര്‍ത്താന്‍ സുരേഷ് ഗോപിക്കു കഴിഞ്ഞു. തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയില്‍ സ്വര്‍ണക്കിരീടം സമര്‍പ്പിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അദ്ദേഹത്തിനനുകൂലമായി ക്രൈസ്തവരില്‍ ഒരു വികാരമുണ്ടാക്കി. ഇതു വിവാദമായപ്പോഴും വളരെ പക്വതയോടെയാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ക്രൈസ്തവസ്വാധീനം അധികമുള്ള തൃശ്ശൂര്‍, ഒല്ലൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍നിന്ന് 25,000-ഓളം വോട്ടിന്റെ ഭൂരിപക്ഷം നേടാനുമായി.
ചാലക്കുടിയില്‍ കഴിഞ്ഞതവണ മത്സരിച്ച ബി.ജെ.പി.യിലെ എ.എന്‍. രാധാകൃഷ്ണന്‍ 1,54,159 വോട്ടുനേടിയപ്പോള്‍ ഇത്തവണ ബി.ഡി.ജെ.എസിലെ കെ.എ. ഉണ്ണിക്കൃഷ്ണന് 1,06,245 വോട്ടേ കിട്ടിയുള്ളൂ. ഇവിടെ ക്രൈസ്തവരില്‍ ഒരു വിഭാഗത്തിന്റെ വോട്ട് ട്വന്റി-20 നേടിയതായി കരുതുന്നു. അഡ്വ. ചാര്‍ളി പോളിന് 1,05,560 വോട്ടുലഭിച്ചു. എറണാകുളത്ത് കഴിഞ്ഞതവണ ബി.ജെ.പി.യിലെ അല്‍ഫോന്‍സ് കണ്ണന്താനം നേടിയത് 1,37,749 വോട്ടായിരുന്നു. ഇത് 1,44,500-ലെത്തിക്കാനേ ഇപ്രാവശ്യം ഡോ. കെ.എസ്. രാധാകൃഷ്ണനായുള്ളൂ.
ഇടുക്കിയിലും ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥിക്ക് കഴിഞ്ഞതവണത്തെക്കാള്‍ വലിയമുന്നേറ്റമുണ്ടാക്കാനായില്ല. 78,648 വോട്ട് 91,323 ആയാണ് കൂടിയത്. കോട്ടയത്തും സമാനമാണ് സ്ഥിതി. കഴിഞ്ഞതവണ പി.സി. തോമസ് നേടിയ 1,55,135 വോട്ടില്‍നിന്ന് 1,63,605-ലെത്തിക്കാനേ തുഷാര്‍ വെള്ളാപ്പള്ളിക്കായുള്ളൂ.
.
എന്നാല്‍, പത്തനംതിട്ടയില്‍ അനില്‍ ആന്റണിക്ക് കുറച്ചുവോട്ട് ക്രൈസ്തവവിഭാഗത്തില്‍നിന്ന് കിട്ടിയെന്ന് വിലയിരുത്തലുണ്ട്. കഴിഞ്ഞതവണ കെ. സുരേന്ദ്രന്‍ നേടിയ 2,97,396 വോട്ടുനേടാനായില്ലെങ്കിലും 2,34,098 നേടി അനില്‍ ആന്റണി മികച്ചപ്രകടനമാണ് നടത്തിയത്. ശബരിമല വിഷയം കത്തിനിന്ന 2019 തിരഞ്ഞെടുപ്പിലെ വോട്ട് ബി.ജെ.പി.യുടെ അടിസ്ഥാനവോട്ടായി കണക്കാക്കാനാകില്ല. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് 1.60 ലക്ഷം വോട്ടാണ് ലഭിച്ചത്. ഇതില്‍നിന്ന് വലിയ കുതിപ്പുനടത്താന്‍ അനിലിനായി.
.
അതേസമയം, തിരുവനന്തപുരം തീരദേശത്തെ ലത്തീന്‍സഭാ വോട്ടുകളാണ് ശശി തരൂരിനെ അന്തിമനിമിഷത്തില്‍ തുണച്ചത്. വിഴിഞ്ഞം സമരം ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ ഇത്തവണ രാജീവ് ചന്ദ്രശേഖരനെ തുണയ്ക്കണമെന്ന് ലത്തീന്‍ സഭയില്‍ ഒരുവിഭാഗത്തിന് തുടക്കത്തില്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, ഇതു വോട്ടായി മാറിയില്ല. പതിവുപോലെ യു.ഡി.എഫ്. അനുകൂലമായിത്തന്നെയാണ് ഇവര്‍ വോട്ടുചെയ്തതെന്ന് കണക്കുകള്‍ കാണിക്കുന്നു.
.