നാനൂറിന് ഏറെയകലെ തകർന്നടിഞ്ഞ് NDA; ദക്ഷിണേന്ത്യയില്‍ ഇത്തവണയും വേരുറച്ചില്ല, നാണംകെട്ട് നേതാക്കൾ

ണ്ടുതവണ ആധികാരിക വിജയംനേടി പത്തുവര്‍ഷം അധികാരം കൈയ്യാളിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ഇക്കുറിയുണ്ടായത്. നാനൂറിന് മേല്‍ സീറ്റ് ലക്ഷ്യംവെച്ച് കളത്തിലിറങ്ങിയ എന്‍ഡിഎയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നു മാത്രമല്ല, ഉത്തര്‍പ്രദേശ് അടക്കമുള്ള ഹിന്ദിഹൃദയഭൂമി മേഖലയില്‍ തിരിച്ചടികളും നേരിടേണ്ടിവന്നു. മഹാരാഷ്ട്രയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനുമായില്ല.

.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മധ്യേന്ത്യയിലും എന്‍ഡിഎ മുന്നേറുമ്പോഴും ബിജെപിക്ക് ഒറ്റയ്ക്ക് വലിയപ്രകടനം നടത്താന്‍ സാധിച്ചില്ലെന്നതാണ് ശ്രദ്ധേയം. ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപി സ്വന്തം സ്വാധീനശേഷി നിലനിര്‍ത്തിയിട്ടുണ്ട്. ബിഹാര്‍, ഛത്തീസ്ഗഢ്, ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളിലും ഭേദപ്പെട്ട നിലയാണുള്ളത്. മധ്യപ്രദേശിലെ 29 സീറ്റുകളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ലീഡ് ചെയ്യുകയാണ്. കര്‍ണാടകയില്‍ 28 സീറ്റുകളില്‍ 18 ഇടത്ത് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നു. ഗുജറാത്തിലെ 26 സീറ്റുകളില്‍ 25 ഇടത്തും എന്‍ഡിഎയ്ക്ക് മുന്നേറ്റമുണ്ട്. ഛത്തീസ്ഗഢിലെ 11-ല്‍ പത്ത് സീറ്റിലും ഡല്‍ഹിയിലെ ഏഴില്‍ ഏഴ് സീറ്റിലും എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുന്നു.

.

ഹരിയാനയിലെ പത്ത് സീറ്റുകളില്‍ അഞ്ചുവീതം സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും മുന്നിട്ടുനില്‍ക്കുന്നു. രാജസ്ഥാനിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. 14 സീറ്റുകളില്‍ മാത്രമേ ബിജെപിക്ക് ലീഡുള്ളൂ. എട്ടുസീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുകയാണ്. ബിഹാറില്‍ ബിജെപി-ജെഡിയു-എല്‍ജെപി സഖ്യം 19 ഇടങ്ങളില്‍ ശക്തമായ നിലയിലാണ്. ആര്‍ജെഡി-കോണ്‍ഗ്രസ്-സിപിഎം (എല്‍) സഖ്യം ഒമ്പത് സീറ്റുകളിലാണ് ലീഡ്‌ചെയ്യുന്നത്.

 

 

ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിതമായ തിരിച്ചടിയാണ് ബിജെപിക്കുണ്ടായത്. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഉള്‍പ്പെടുന്ന ഇന്ത്യാ സഖ്യം 44 സീറ്റുകള്‍ പിടിച്ച് ബിജെപിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. 35 സീറ്റുകളിലാണ് സമാജ് വാദി പാര്‍ട്ടി മുന്നിട്ടുനില്‍ക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയായി എസ്.പി മാറി. ബിജെപി മുന്നിട്ടുനില്‍ക്കുന്നത് 34 സീറ്റുകളിലാണ്. എന്‍ഡിഎയിലെ മറ്റു കക്ഷികളായ ആര്‍എല്‍ഡിയും എപിയും ഓരോ സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് ഇവിടെ ഏഴ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മുന്‍മന്ത്രി സ്മൃതി ഇറാനിയ്ക്ക് നേരിട്ട വമ്പന്‍ പരാജയം ബിജെപിക്കുണ്ടാക്കുന്ന തിരിച്ചടിയും നാണക്കേടും ചില്ലറയല്ല. പതിറ്റാണ്ടുകളായി ബിജെപിയുടെ വാഗ്ദാനമായിരുന്ന അയോധ്യയിലെ രാമക്ഷേത്രം യാഥാര്‍ഥ്യമാക്കിയ ശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു ഇത്. എന്നാല്‍, അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടു.

.

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടായ സംസ്ഥാനമാണ് മഹാരാഷ്ട്ര. എന്‍സിപി, ശിവസേന വിഭാഗങ്ങളെ പിളര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് വലിയ നേട്ടം എന്‍ഡിഎയ്ക്ക് നല്‍കിയില്ല എന്നുവേണം മനസ്സിലാക്കാന്‍. മഹാരാഷ്ട്രയില്‍ ഇന്ത്യാ സഖ്യം മിന്നുന്ന പ്രകടനം കാഴ്‌ചെവെച്ചപ്പോള്‍ ആകെയുള്ള 48 സീറ്റുകളില്‍ 29 സീറ്റുകളിലും ഇന്ത്യ സഖ്യം മുന്നേറുകയാണ്. ശിവസേന ഉദ്ധവ് താക്കറെ പക്ഷം 10 സീറ്റുകളിലും കോണ്‍ഗ്രസ് 11 സീറ്റുകളിലും എന്‍സിപി ഏഴ് ലീഡ് നേടിയിട്ടുണ്ട്. എന്‍ഡിഎയ്ക്ക് 18 സീറ്റുകളിലാണ് ലീഡ്. ബിജെപി 11 സീറ്റുകളിലും അജിത് പവാര്‍ വിഭാഗം എന്‍സിപി ഒരു സീറ്റുകളിലും ബിജെപി ശിവസേന ഏകനാഥ് ഷിന്‍ഡെ വിഭാഗം അഞ്ച് സീറ്റുകളിലും മുന്നേറുന്നു.

.

മഹാരാഷ്ട്രയില്‍ മത്സരിച്ച 10 സീറ്റുകളില്‍ എട്ടിലും വിജയിക്കാന്‍ ശരദ് പവാറിന്റെ എന്‍സിപിക്ക് സാധിച്ചത് ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ തിരിച്ചുവരവായി കാണാം. മരുമകന്‍ അജിത് പവാറുമായി തെറ്റി സ്വന്തം പാര്‍ട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെട്ടിട്ടും ശരത് പവാറിന്റെ രാഷ്ട്രീയ തന്ത്രജ്ഞതയും മെയ്​വഴക്കവും വിജയിച്ചു. ഇന്ത്യ സഖ്യം എന്ന ആശയത്തിന്റെ സൂത്രധാരനായ പവാറിന്റെ ഈ വിജയം ഇന്ത്യ സഖ്യത്തിന് വലിയ മുതല്‍ക്കൂട്ടാണ്. തിരഞ്ഞെടുപ്പ് പ്രാചാരണത്തിനിടെ മോദിയും അമിത് ഷായും അടക്കമുള്ളവര്‍ പവാറിനെതിരേ നടത്തിയ ശക്തമായ ആക്രമണമൊന്നും വോട്ടര്‍മാരില്‍ ഏശിയില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നു.

 

 

നിയസഭാ തിരഞ്ഞെടുപ്പുകൂടി നടന്ന ആന്ധ്രാ പ്രദേശില്‍ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തില്‍നിന്നു പുറത്തേക്കുപോകുകയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നണി അധികാരം ഉറപ്പിക്കുകയും ചെയ്തു എന്നതാണ് നിര്‍ണായകമായ മറ്റൊരു ഫലം. ആകെയുള്ള 175 നിയമസഭാ സീറ്റുകളില്‍ 157-ലും എന്‍ഡിഎ സഖ്യം വിജയത്തിലേക്ക് നീങ്ങുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 25 സീറ്റുകളില്‍ 16ലും ടിഡിപി മുന്നേറുകയാണ്. ബിജെപി മൂന്നിലും ജെഎന്‍പി രണ്ടു സീറ്റുകളിലും ലീഡ് ചെയ്യുന്നു. ടിഡിപിയുടെ ഈ വന്‍ മുന്നേറ്റം സംസ്ഥാന ഭരണത്തില്‍ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും ചില സാധ്യതകള്‍ക്ക് വഴിമരുന്നിടുന്നുണ്ട്. പാര്‍ലമെന്റില്‍ ഒരു തൂക്ക് സഭയ്ക്കുള്ള അവസരമൊരുങ്ങിയാല്‍ ടിഡിപിയുടെ നിലപാട് നിര്‍ണായകമായി മാറിയേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

.

വലിയ പ്രതീക്ഷകളും അവകാശവാദങ്ങളും ഉണ്ടായിരുന്നെങ്കിലും പശ്ചിമബംഗാളില്‍ ബിജെപിക്ക് ഒരു മുന്നേറ്റവും ഉണ്ടാക്കാനായില്ല. 42 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 29 സീറ്റുകളും കോണ്‍ഗ്രസ് ഒരു സീറ്റും നേടി. ബിജെപിക്ക് 12 സീറ്റുകളാണ് ലഭിച്ചത്. ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന സംസ്ഥാനമായിരുന്നിട്ടും, മമതയെ തറപറ്റിക്കാന്‍ ഭഗീരഥ പ്രയത്‌നം നടത്തിയിട്ടും മോദിക്ക് അത് സാധിച്ചില്ല എന്നതാണ് ശ്രദ്ധേയം. മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയ്ക്ക് ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ ഏഴ് ലക്ഷത്തിലധികം ഭൂരിപക്ഷമാണുള്ളത്.

സാമുദായക സംഘര്‍ഷങ്ങള്‍ അരങ്ങേറിയ മണിപ്പുരിലെ രണ്ട് സീറ്റുകളും കോണ്‍ഗ്രസിന് ലഭിച്ചു. കലാപം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറേയായിട്ടും തകര്‍ക്കപ്പെട്ട മണിപ്പുരിജനതയുടെ പരസ്പരവിശ്വാസം വീണ്ടെടുക്കാന്‍ ഒന്നുംചെയ്യാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി ബിരേന്‍ സിങ്ങും എന്‍ഡിഎ സര്‍ക്കാരും കടുത്ത ജനരോഷമാണ് നേരിട്ടത്.

.

നാനൂറ് സീറ്റ് മറികടക്കുന്നതിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടന്നുകയറാമെന്ന പ്രതീക്ഷയായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. കര്‍ണാടകയില്‍ ഭേദപ്പെട്ട പ്രകടനം ഒഴിച്ചാല്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചില്ല. കേരളത്തില്‍ നടന്‍ സുരേഷ് ഗോപിക്ക് ഒരു സീറ്റ് നേടാനായി എന്നത് ആശ്വാസം നല്‍കുന്നതാണെങ്കിലും തമിഴ്‌നാട്ടിലും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതീക്ഷിച്ച ഫലത്തിന് സമീപത്തെങ്ങും എത്താന്‍ ബിജെപിക്കായില്ല. തമിഴ്‌നാട്ടില്‍ സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ അടക്കം എല്ലാ എന്‍ഡിഎ സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു.

.

Share
error: Content is protected !!