മക്കയിലും മദീനയിലും ഇന്ന് ശക്തമായ ചൂട്; മദീനയിൽ പൊടിക്കാറ്റിനും സാധ്യത, ഉരുകിയൊലിച്ച് ഹാജിമാർ
മക്ക: സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ പ്രതീക്ഷിക്കുന്ന താപനിലയിലും കാലാവസ്ഥ വിവരങ്ങളും പുറത്തുവിട്ടു.
മദീനയിലാണ് ഇന്ന് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുക. ഏറ്റവും കുറവ് അൽ സൗദയിലും രേഖപ്പെടുത്തുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മദീനയിൽ ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസ് വരെ എത്തും. അതേ സമയം അൽ സൗദയിൽ 15 ഡിഗ്രി സെൽഷ്യസായിരിക്കും രേഖപ്പെടുത്തുക. മക്കയിൽ 45 ഡിഗ്രി സെൽഷ്യസ് ആണ് പ്രതീക്ഷിക്കുന്ന താപനില. ഇന്ന് മക്കയിലും മദീനയിലും ശക്തമായ ചൂട് രേഖപ്പെടുത്തുന്നതിനാൽ ഹാജിമാർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ധർ ഓർമിപ്പിച്ചു.
.
ശരീരത്തിൽ ജലാംശം നഷ്ടപ്പെടാതിരിക്കാൻ വെള്ളം കൂടുതലായി കുടിക്കണമെന്നും, പഴങ്ങൾ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തണമെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു. പാദരക്ഷകളില്ലാതെ പുറത്തിറങ്ങരുതെന്നും, പുറത്ത് നിന്ന് ശീതീകരിച്ച മുറികളിലേക്കോ വാഹനങ്ങളിലേക്കോ പ്രവേശിക്കുമ്പോൾ തലയിലെ വിയർപ്പ് കണങ്ങൾ തുടച്ച് ഉണക്കാൻ ശ്രമിക്കണമെന്നും സാമൂഹിക പ്രവർത്തകരും അറിയിച്ചു.
.
ജസാൻ, അസിർ, അൽ-ബഹ, മക്ക പ്രവിശ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇടിമിന്നലും, ശക്തമായ കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാനിടയുണ്ട്. അതേസമയം കിഴക്കൻ മേഖല, റിയാദ്, മദീന, ഹെയിൽ, തബൂക്ക് എന്നിവിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഇത് അൽ-ജവാഫ് മേഖലയുടെ ചില ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
.
അതേ സമയം മക്ക, അൽ ഖർജ്, അൽ ഉല, അൽ അഹ് സ എന്നിവിടങ്ങളിൽ 45 ഡിഗ്രി സെൽഷ്യസും, റിയാദ്, തബൂക്ക്, വാദി അല് ദവാസിർ, ഹാഫ്ര് അൽ ബാതിൻ , മിന, മുസ്ദലിഫ, അൽ തൻഹത്ത്, അൽ ദഹ്ന, അൽ സുമൻ എന്നിവിടങ്ങളില് 44 ഡിഗ്രി സെൽഷ്യസുമാണ് താപനില പ്രതീക്ഷിക്കുന്നത്.
.