കേജ്‌രിവാള്‍ നാളെ തന്നെ ജയിലിലേക്ക് മടങ്ങണം; ഹർജിയിൽ വിധി പറയുന്നത് ജൂൺ അഞ്ചിന്

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് ജൂൺ അഞ്ചിലേക്ക് മാറ്റി ഡൽഹി റൗസ്‌ അവന്യൂ കോടതി. ഇതോടെ, ഞായറാഴ്ച തന്നെ കെജ്‌രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങേണ്ടിവരും. മാർച്ച് 21-ന് ഇ.ഡി. അറസ്റ്റുചെയ്ത കെജ്‌രിവാളിന് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മേയ് പത്തിനാണ് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത്.

.

ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി നേരത്തെ സ്വീകരിച്ചിരുന്നില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചതിനാൽ അപേക്ഷ സ്വീകരിക്കാനാകില്ലെന്നായിരുന്നു അപേക്ഷ നിരസിച്ചുകൊണ്ട് രജിസ്ട്രി വ്യക്തമാക്കിയത്. ഇതിനുപിന്നാലെയാണ് കെജ്‌രിവാൾ വിചാരണക്കോടതിയിലെത്തിയത്.

.

ഇടക്കാല ജാമ്യം തേടി കെജ്‌രിവാൾ സമർപ്പിച്ച അപേക്ഷയെ ഇ.ഡി. എതിർത്തു. ആരോ​ഗ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അദ്ദേഹം വസ്തുതകൾ മറച്ചുവയ്ക്കുന്നുവെന്നും തെറ്റായ പ്രസ്താവനകൾ നടത്തുന്നുവെന്നും ഇ.ഡി.ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ജൂൺ രണ്ടിന് കീഴടങ്ങുമെന്ന് തെറ്റായ അവകാശവാദം കെജ്‌രിവാൾ ഉന്നയിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

.

ജൂൺ രണ്ടിന് തിഹാർ ജയിലിൽ കീഴടങ്ങുമെന്ന് വെള്ളിയാഴ്ച അരവിന്ദ് കെജ്‌രിവാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ ശരീരം അടുത്തിടെ ​ഗുരുതരമായ രോ​ഗലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള രോ​ഗമുണ്ടോ എന്ന് തിരിച്ചറിയുന്നതിന് വൈദ്യപരിശോധനയ്ക്ക് വിധേയനാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

.

Share
error: Content is protected !!