കുട്ടികളെ കടത്തുന്ന സംഘം പിടിയിൽ; ഇവരിൽ നിന്നും 2 മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ 13 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി

വിവിധ സംസ്ഥാനങ്ങളിൽ വേരുകളുള്ള, കുട്ടികളെ കടത്തുന്ന സംഘത്തിലുള്ളവർ ഹൈദരാബാദിൽ അറസ്റ്റിലായി. 13 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. 4 ആൺകുട്ടികളും 9 പെൺകുട്ടികളും സംഘത്തിന്റെ കയ്യിൽ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടിക്ക് രണ്ടു മാസമാണ് പ്രായം. 8 സ്ത്രീകളടക്കം 11 പേരെ രാച്ചകൊണ്ട പൊലീസ് അറസ്റ്റു ചെയ്തു.

.

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ശോഭാ റാണി എന്ന വനിത അറസ്റ്റിലായതോടെയാണ് സംഘത്തെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചത്. ഇവർ 4.50 ലക്ഷം രൂപയ്ക്ക് ഒരു കുട്ടിയെ വിൽപന നടത്തിയിരുന്നു. ഡൽഹി, പുണെ തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് കുട്ടികളെ എത്തിച്ചിരുന്നത്.

.

‘‘കുട്ടികൾ പാവപ്പെട്ട വീടുകളിലുള്ളവരാണ്. 1.8 ലക്ഷം മുതൽ 5.5 ലക്ഷം രൂപയ്ക്കു വരെയാണ് കുട്ടികളെ വിൽപന നടത്തിയിരുന്നത്. രണ്ടു മാസം മുതൽ രണ്ടു വയസുവരെ പ്രായമുള്ളവർ കുട്ടികളുടെ കൂട്ടത്തിലുണ്ട്’ – പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെല്ലാം തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ ഉള്ളവരാണ്. ഡൽഹിയിലും പുണെയിലുമുള്ള 3 പേരാണ് കുട്ടികളെ സംഘത്തിനു നൽകിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. നിയമപ്രശ്നങ്ങൾ കാരണം ദത്തെടുക്കലിനു കാത്തിരിക്കാൻ മനസില്ലാത്ത ദമ്പതികൾക്കാണ് കുട്ടികളെ നൽകിയിരുന്നത്. കുട്ടികളെ ശിശുക്ഷേമ വകുപ്പിന് കൈമാറി.

.

‘‘ആരോഗ്യപ്രവർത്തകയായ ശോഭാ റാണിയിൽനിന്നാണ് ഞങ്ങൾ കുട്ടിയെ വാങ്ങിയത്. 4 ലക്ഷം രൂപ നൽകി. കുട്ടിയുടെ മാതാപിതാക്കൾ പാവപ്പെട്ടവരാണെന്നാണ് ശോഭാ റാണി പറഞ്ഞത്. കുട്ടി ഒരു വർഷമായി ഞങ്ങളോടൊപ്പമുണ്ട്. യഥാർഥ മാതാപിതാക്കളെ കണ്ടെത്തിയാൽ കുട്ടിയെ നൽകാൻ തയാറാണ്. രക്ഷിതാക്കൾ വന്നില്ലെങ്കിൽ നിയമപരമായി കുട്ടിയെ ദത്തെടുക്കാൻ തയാറാണ്.’’ – സഹോദരിക്കായി കുട്ടിയെ ദത്തെടുത്ത ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു..

.

Share
error: Content is protected !!