സമഗ്ര സാമ്പത്തിക കരാറിൽ ഇന്ത്യയും യുഎഇയും ഒപ്പുവച്ചു

ന്യൂഡൽഹി : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യുഎഇയും ഒപ്പുവെച്ചു. ന്യൂഡൽഹിയിൽ വെച്ച് നടന്ന വെര്‍ച്വല്‍  ഉച്ചകോടിക്ക് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പ് വെച്ചത്. അഞ്ച് വര്‍ഷം കൊണ്ട് നൂറ് ബില്യണ്‍ ഡോളറിന്‍റെ വ്യാപാരം കരാറിലൂടെ  വര്‍ധിപ്പിക്കാനാകുമെന്നാണ് കണക്ക് കൂട്ടല്‍. ഡിജിറ്റല്‍ വ്യാപാരവും കരാറിന്‍റെ ഭാഗമാണ്. യുഎഇ  സാമ്പത്തിക കാര്യമന്ത്രി അബ്ദുള്ള ബിന്‍ തൗക്ക് അല്‍മാറിയും, ഇന്ത്യൻ വാണിജ്യമന്ത്രി പിയൂഷ് ഗോയലും  ചേര്‍ന്നാണ് കരാറില്‍ ഒപ്പു വച്ചത്.

നിരവധി ഉത്പന്നങ്ങളുടെ ഇറക്കുമതി നികുതി കുറയാൻ കരാർ കാരണമാകുമെന്നാണ് പ്രതീക്ഷ. കൂടാതെ രത്നങ്ങള്‍, ആഭരണങ്ങള്‍,വസ്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതി  വർധിപ്പിക്കാനുമാകും. കരാറിലൂടെ  ഉഭയകക്ഷി വ്യാപാരം 60 ബില്യണ്‍ ഡോളറില്‍ നിന്ന് നൂറ് ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്ക് കൂട്ടല്‍. ഇരു രാജ്യങ്ങൾക്കുമിടയിൽ ഒപ്പു വെച്ച ഈ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സെപ്തംബറിൽ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഒമിക്രോണ്‍ വ്യാപനം മൂലം കരാറില്‍ ഒപ്പ് വയ്കുന്നത് നീട്ടിവെക്കുകയായിരുന്നു.

കരാർ ഒപ്പിടുന്നതിന് മുമ്പായി നടന്ന വെര്‍ച്വല്‍ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശി ഷെയ്ക് മുഹമ്മദ് ബിന്‍ സായിദും പങ്കെടുത്തു. വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവച്ച  ഇരു രാജ്യങ്ങളും മറ്റു പൊതു വെല്ലുവിളികളും ചർച്ച ചെയ്തു.

Share
error: Content is protected !!